രചന : അൻവർ ഷാ ഉമയനല്ലൂർ✍️
മനസ്സിലൊരു നവപുലരിയേകുന്ന വായന:
ജ്ഞാന, സംസ്കാരമേകുന്നതാം ചേതന
സ്തുത്യ പാരായണമൊരു നിത്യസാധന;
ഹൃത്തുണർത്തീടുമതിൻ സ്നേഹലാളന.
ചിറകേകിടുന്നു ദയവാനിൽപ്പറക്കുവാൻ
ചിരകാല സ്വപ്നങ്ങൾ സാക്ഷാത്കരിക്കുവാൻ
മഹിതാശയാദർശമൊരുപോൽ നുകരുവാൻ വായിക്കൂ;
മനസ്സുകൾ കരുണാർദ്രമാക്കുവാൻ.
പുസ്തകമൊരു പോൽത്തെളിക്കുന്നു ചിന്തകം
ഉലകിലിന്നേവർക്കുമഭയമാം ജാലകം
കമനീയ വാടിപോൽ നുകരുകീ സ്നേഹകം
ഗ്രന്ഥാലയങ്ങൾ നൽകുന്നാർദ്ര ജീവകം.
സുകൃതമായിന്നു പലരൂപത്തിലാകയാൽ
വയന തുടരുന്നു മലയാളമണ്ണിതിൽ
കൃതികളിൽ നിറയുന്നതാം രമ്യപുലരിപോൽ
നിറയട്ടെ,യാത്മസഹർഷമീ വേളയിൽ.
തളിർക്കുന്നൊരേ സ്വപ്ന മനസ്സുകളനുദിനം
തളരാതെയുദയം നുകർന്നിടാം; യുവജനം-
വായിച്ചുണർവ്വിനാൽ നേടൂ പ്രയോജനം;
വന്നുണർത്തുന്നുപരിയീ- വായനാദിനം.
വിളക്കുതെളിയിച്ചകമെ,യെത്രയോ ജ്ഞാനികൾ
പിന്തുടർന്നെത്തുന്നു ബന്ധുരചിന്തകൾ
സദയമുണർന്നു വായിക്ക!യാ, സ്മരണകൾ
തെളിച്ചമോടേകുന്നിതാ; ഗ്രന്ഥശാലകൾ.
നിറച്ചാർത്തു നൽകു,ന്നുപരിയാ മനസ്സുകൾ
നന്മാർദ്രമാക്കിത്തെളിക്കുന്നു ഷസ്സുകൾ
വായിച്ചു വളരട്ടെ; കൈരളീ മുകുളങ്ങൾ;
അറിയട്ടെ, പി.എൻ. പണിക്കർതൻ നന്മകൾ…
എല്ലാ മലയാളികൾക്കും ഹൃദയം നിറഞ്ഞ വായന ദിന ആശംസകളോടെ,🌈💖
