രചന : ബിജുകുമാർ മിതൃമ്മല.✍️.
സമാധാനമായി
രണ്ടടിക്കാൻ
അരണ്ട വെളിച്ചത്തിൻ
തണൽ തേടി ഞാൻ
എല്ലാ കോണുകളിലും
സമാധാനക്കേടിന്റെ
ലഹരികൾ
ഓരോ കഥകളുടെ
കെട്ടുകളഴിച്ച്
മത്സരിച്ചു കുടിക്കുന്ന
സമാധാനപ്രിയർ
ഇടയ്ക്ക് കരയുന്നു
ചിലർ ചിരിക്കുന്നു
വീരപരിവേശം
വിളമ്പുന്നു
ആർക്കിടയിലും
മറകളില്ല എല്ലാവരും
നഗ്നർ ഒരേ താളം
ഒരു വേള ജയിക്കാനുള്ള
ആവേശം
പറയാനാവാത്ത കാര്യങ്ങൾ
നെഞ്ച് വിരിച്ച് പറഞ്ഞതിന്റെ ഹുങ്ക്
ചിരിച്ചട്ടഹസിച്ച്
ചെയ്യാനാവാത്ത
കാര്യങ്ങൾ സ്വപ്നം കണ്ട് വീരവാദമടിക്കുന്നു
പാവങ്ങൾ
സമാധാനപ്രിയർ
ഈ അരണ്ട വെളിച്ചത്തിനും
കരളിനും ഒരേ നിറമാണത്രെ
സമാധാനത്തിനായി
ഉരുകുന്ന കറുപ്പ് നിറം
ഒന്നും പറയാതെ
അവസാനം മാത്രം
പരിഭവിക്കുന്ന
പതുപതുത്ത സ്വഭാവവും