നിൻ്റെയുളളിലാണ് ഞാനെന്ന്
അറിയാത്തവളല്ല നീ.
നമുക്കിടയിലെ സന്തോഷങ്ങളെ
പുറത്തിറക്കാതിരിക്കൂ
പേര് ‌തെറ്റി വിളിക്കാതിരിക്കാൻ ശ്രദ്ധിക്കൂ
അടുക്കളയിൽ
അലക്കുകല്ലിൽ
കുളിമുറിയിൽ
യാത്രയിൽ
ഞാനൊപ്പമുണ്ടല്ലോ
ഒറ്റക്കിരിക്കുമ്പോൾ
തുടച്ചുകളയാത്ത ചിരി കണ്ട്
അദ്ദേഹം ചോദിക്കും
ഏത് ലോകത്താണെന്ന്.
സ്കൂൾ നടത്തങ്ങൾക്കിടയിലെ
മിഠായിക്കൊതി
പെറ്റിക്കോട്ടിനുള്ളിലെ ചെമ്പക മണം
കുപ്പിവളച്ചിരി
വീണുകിട്ടിയതാണെന്ന്
കളവ് പറഞ്ഞേക്കൂ.
നിറഞ്ഞു സംസാരിച്ചിരിന്നൊരാൾ
മൗനത്തിലേക്ക് മറിഞ്ഞു വീഴുമ്പോൾ
പരക്കുന്ന സംശയങ്ങളെ
തടഞ്ഞുവെക്കണം
നീ സ്നേഹം നിറച്ച പലഹാരങ്ങൾ
കൊതി തീരുവോളം വിളമ്പൂ
കുഞ്ഞുടുപ്പുകൾ മടക്കിവെക്കുമ്പോൾ
കൂടെ വരുന്ന ഓർമ്മകളെ ചേർത്തുപിടിക്കൂ
ദൂരെയിരുന്ന്
എന്നെ ചട്ടം പഠിപ്പിക്കയാണോ
രണ്ടു പേർക്കിടയിലെ കടലിടുക്കിൽ
എന്നെ മറന്നുവെച്ചത്
അറിഞ്ഞിട്ടുണ്ടോ
നീ പിറുപിറുക്കുന്നത് ഞാൻ കേൾക്കുന്നുണ്ട്
ഇങ്ങോട്ട് നോക്കൂ
ആ കണ്ണ് തുടക്കൂ
ഉതിർന്നുവീണ ഷാൾ നേരെയിടൂ
ചൂടാറും മുന്നേ
അദ്ദേഹത്തിന് ചായ കൊടുക്കൂ
മഴയാണ്
പാട്ട് കേൾക്കുന്നില്ലേ
നിനക്കെന്നെ കാണാലോ
അപ്പോഴെല്ലാം പറഞ്ഞത് പോലെ
സുഖായിരിക്കൂ
സന്തോഷായിരിക്കൂ

അഹ്‌മദ് മുഈനുദ്ദീൻ.

By ivayana

Leave a Reply

Your email address will not be published. Required fields are marked *