ആംഗികപൂരിത വർണ്ണസമഞ്ജസ
കേളീകലയാം കഥകളിയെന്നും
കേരളനാടിൻകീർത്തിയുയർത്തിയ
മോഹനകലയതു പുണ്യംതന്നെ

നൃത്തം, നാട്യം, നൃത്ത്യം , ഗീതം
വാദ്യം ചാരുതയേറിയ പദവും
പച്ച, കത്തി, മിനുക്ക് ,താടി
കരികൾ തുടങ്ങിയ ഭാവവിധാനം

മദ്ദളകേളി, വന്ദനശ്ലോകം,
തോടയ ‘മഞ്ജുതരങ്ങൾ’തുടങ്ങീ
വേദിയിലെത്തി വിളക്കിനെ വന്ദി –
ച്ചാടുകയായീ കഥകളിവീരർ

ഓരോ പദവും മുദ്രാങ്കിതമായ്
സാഹിത്യാമൃതസഹിതം വന്നാൽ
ആടുന്നവരോടൊപ്പം ഹൃത്തുകൾ
ആടിപ്പോവത് കുറ്റമതല്ലാ…

രുദ്രൻ, ഭീമൻ, ദുര്യോധനനും
കലിയും, പുഷ്കര, നളവേഷങ്ങൾ
വേദിയിലെത്തി ലയിച്ചാടുമ്പോൾ
രാവുവെളുത്താലറിയില്ലാരും

വേണംജ്ഞാനം കഥകളി കാണാൻ
വേഷവിധാനമതറിയുക വേണം
പാടും പദമതു തിരിയുക വേണം
അല്ലെങ്കിൽ കളി പൊട്ടൻകളിയും

ഇന്നീ കാണും കലകളു പലതും
സമ്മേളിതമായിയൊന്നിൽ കാണാം
സംക്ഷിപ്തം പല കല ചേർന്നല്ലോ
കഥകളിയെന്ന വിരാടവിഭാഗം!

വള്ളത്തോളിൻ വൈഭവമല്ലോ
കഥകളിനടനം പുഷ്കലമാക്കീ
വുള്ളുവനാടതു നെഞ്ചിലുമേറ്റീ
ഇന്നോ കേരള മുഖമുദ്രയുമായ്

ഏവൂരും തിരുവല്ലായിലുമായ്
ഓരോ രാവിലുമുണ്ടേ കഥകളി
കേളി പ്രിയനാം ഭഗവാനങ്ങനെ
നേദ്യമാകും കഥകളിയിരവിൽ…

എൻ, കെ.അജിത്ത് ആനാരി

By ivayana

Leave a Reply

Your email address will not be published. Required fields are marked *