രചന : ലാൽച്ചന്ദ് ഗാനെശ്രീഅ✍
അർത്ഥം കയ്യിലില്ലാത്തവനെന്തർത്ഥം
ഇന്നീ ഭൂമിയിലെന്തെന്നറിഞ്ഞോണം
വ്യർത്ഥമാം ജീവിതമെന്നതാണല്ലോ
ഇന്നിൻ്റെ സാക്ഷ്യമായ് കണ്ടുവരുന്നത്.
അല്പനർത്ഥം ലഭിച്ചിരുന്നെന്നാൽ
കുടപിടിച്ചീടും അർദ്ധരാത്രിയിലെന്ന്
അന്നുമിന്നും പറയും പഴഞ്ചൊല്ല്
സത്യമായ് ചേരുന്നതിന്നിനാണല്ലോ…
അല്പനായിരുന്നാലും പണമതിരുന്നെന്നാൽ
അല്പനെ വിദ്വാനായ് മാറ്റുമീക്കാലം
വിദ്വാൻ്റെ കയ്യിൽ അർത്ഥമില്ലെങ്കിൽ
വിദ്വാൻ്റെ ജീവിതം വ്യർത്ഥമിക്കാലം.
ആളും അർത്ഥവും നോക്കിക്കൊണ്ടായി
സൗഹൃദം കൂടും കാലമീക്കാലം
അഭിരമിച്ചീടുന്നു നമ്മളാം മർത്ത്യൻമാർ
പണമെന്ന മായികവലയത്തിലിന്ന്.
സ്നേഹവും സൗഹൃദവും സാന്ത്വനവുമെല്ലാം
അളക്കുന്ന തോതായി മാറിയിട്ടുണ്ടല്ലോ
നമ്മുടെ ഇന്നിൻ്റെ ജീവിതയാത്രയിൽ
ആധുനീകതയുടെ ഈ നവലോകത്ത്
പണമെന്ന കടലാസുകെട്ടുകളെന്നത്.