രചന : ബി സുരേഷ്കുറിച്ചിമുട്ടം ✍️
പ്രഹരമേറിത്തളരും മനങ്ങൾക്കു
പ്രതീക്ഷയേകുകയാണു പ്രവാസം
പ്രഹേളികപോലെയാണെങ്കിലും
പ്രണയിച്ചുപോകായാണു പ്രവാസമേ നിന്നേ!
കാണും കിനാക്കളിൻ വർണ്ണം തെളിയുന്നു
കരളിൽ കിനിയുന്നു മോഹങ്ങളേറെ
കത്തുന്ന പകലിലുരുകുന്നു മെയ്യും മനസ്സും
കരുതലാമൊരുതണലേറുവതെന്നിനി!
നാടിൻ്റെയോർമച്ചിത്രങ്ങളെന്നുമേ
നാരകമുള്ളുപോൽ നെഞ്ചിൽത്തറച്ചങ്ങു നിൽക്കുന്നു
നാട്യമറിയില്ല നന്മയേകുകയാണുലക്ഷ്യം
നാവിനാൽ നല്ലവാക്കൊന്നുകേൾക്കാൻ
കൊതിക്കയാണെന്നുമുള്ളം!
പട്ടിണിപടികടന്നെത്തീടുവതില്ല
പരിഹാരമേകിത്തുണച്ചിടാനായ്
പകലിരവറിയാതെ പൊരുതുകയല്ലോ
പകരമാവാത്തൊരീ പരാക്രമത്താൽ!
സ്വപ്നങ്ങളൊക്കെയും ചൊൽപ്പടിയിലാക്കി
സ്വന്തസുഖത്തിന്നതിരുകൾ ചമച്ചു
സ്വന്തബന്ധങ്ങൾക്കു നൽകുകയാണിന്നു
സ്വർഗ്ഗസുഖത്തിന്നതിശ്രേഷ്ഠമാംദിനങ്ങൾ!
എണ്ണമില്ലാപ്പനകളിൻ ചൂരുമേറ്റു
എണ്ണിയെണ്ണി ദിനങ്ങൾകാത്തു
എല്ലാം കെട്ടിയൊതുക്കിയിന്നു പറക്കയാണു
എന്നും മനം തുടിക്കുന്നൊരാനാടുകാണാൻ!
മറയുന്നുമേഘപാളികളാൽ
മാന്ത്രികനാടിൻ തലപ്പുകൾ
മാടിവിളിക്കും മന്ത്രമോതിയിനിയും പ്രവാസം
മറന്നങ്ങുപോകാനാവില്ലാർക്കുമീ
കയ്പ്പും മധുരവുമേറും പ്രവാസം!!
