രചന : കെ.ആർ.സുരേന്ദ്രൻ✍️.
തരിശുനിലങ്ങളുടെ
മഹാനഗരങ്ങളിൽ
കോൺക്രീറ്റ് കാടുകൾക്ക്
അതിശയിപ്പിക്കുന്ന വേരോട്ടമാണ്.
അവരുടെ മൈത്രിയും
അതിശയിപ്പിക്കുന്ന വിധമാണ്.
തരിശുനിലങ്ങളുടെ
മഹാനഗരങ്ങളിൽ
സൗഹൃദങ്ങളുടെ വേരുകൾ
ആഴ്ന്നിറങ്ങാതെ
അല്പായുസ്സുകളായി
ഉണങ്ങിപ്പോകുന്നു.
പ്രണയവസന്തങ്ങളുടെ
വേരുകളോ
ആഴ്ന്നിറങ്ങാതെ
ക്ഷണപ്രഭാചഞ്ചലങ്ങളായി
കരിഞ്ഞുപോകുന്നു.
കമ്പോളങ്ങളുടെ മഹാനഗരങ്ങളിൽ
സൗഹൃദങ്ങളും,
പ്രണയങ്ങളും,
എന്തിന് സ്വപ്‌നങ്ങൾ പോലും
വില്പനച്ചരക്കുകളായി
നിരത്തി വെച്ചിരിക്കുന്നു.
ചരക്കുകളുടെ മൂല്യം
മടിശ്ശീലയുടെ കനത്തെ
ആശ്രയിച്ചിരിക്കുന്നു.
ബന്ധങ്ങളുടെ ദൈർഘ്യവും
മടിശ്ശീലയെ ആശ്രയിച്ചിരിക്കുന്നു.
ആർദ്രതയുടെ
ഉറവുകൾ വറ്റിയ
നദികളുടെ നഗരങ്ങളിൽ
വ്യക്തികൾ
ഒറ്റപ്പെട്ട ദ്വീപുകൾ മാത്രമാകുന്നു…..
