രചന : കെ.ആർ.സുരേന്ദ്രൻ ✍️
ഓർമ്മകളും എന്നെപ്പോലെ
നടക്കാനിറങ്ങുന്ന സന്ദർഭങ്ങളുണ്ട്.
കാലദേശങ്ങൾ മാറി മാറി
വരും ചിലപ്പോൾ.
ഞാനീ നാട്ടിലൂടെ
പ്രഭാതസവാരിക്കിറങ്ങുമ്പോൾ,
ഓർമ്മകൾ നടക്കാനിറങ്ങുന്നത്
സായാഹ്‌നങ്ങളിലാവും.
ഞാൻ വെള്ളൈക്കടവിലൂടെ
രാവിലെ നടക്കാനിറങ്ങുമ്പോൾ
ഓർമ്മകൾ
മറ്റൊരു ദേശത്ത്
എൽ.ബി.എസ് ലെയ്നിലൂടെ
സായാഹ്ന
നടത്തക്കിറങ്ങാനിറങ്ങുകയാവും.
എൽ.ബി.എസ് ലെയ്നിലെ
വാടക വീട്ടിൽ നിന്നിറങ്ങി
നടക്കുമ്പോഴായിരിക്കും
എതിർ വീട്ടിലെ
ജിമ്മിയും കൂട്ടുകാരികളും
അവളുടെ വീടിന് മുമ്പിൽ
സായാഹ്‌ന സഭ കൂടുന്നത്.
പരസ്പരം നോക്കി
പതിവ് കുശലം പറയും.
ഓർമ്മകൾ നടത്ത തുടരും.
എൽ.ബി.എസ് ലെയ്ൻ
എത്ര സ്വച്ഛ ശാന്തമാണെന്ന്
ഓർമ്മകൾക്ക് തോന്നും.
നാലോ അഞ്ചോ അടി
അളക്കുമ്പോഴേക്കും
വലത്തോട്ടുള്ള ലെയ്ൻ സ്വീകരിക്കും.
എൽ.ബി.എസ് ലെയ്നെ
ഓർമ്മകൾ ഓർക്കുമ്പോഴോക്കെ
ലാൽ ബഹാദൂർ ശാസ്ത്രി
മുന്നിൽ വരും.
കറുത്ത തൊപ്പി ധരിച്ച
വെള്ളക്കുപ്പായക്കാരൻ.
മുൻ പ്രധാനമന്ത്രി.
കൊച്ചു മനുഷ്യൻ.
സൗമ്യൻ, മിതഭാഷി.
എൽ.ബി.എസ് ലെയ്ൻ പോലെ.
ഓർമ്മകൾ ശാസ്ത്രിയെ മറന്ന്
നേരെ നടക്കും
സൗമ്യശാന്തമായ
ലെയ്നോട് ചേർന്ന്
സ്വന്തമായൊരു
വീടുണ്ടായിരുന്നെങ്കിലെന്ന്
മോഹിച്ചുപോകും.
കുറച്ചങ്ങ് നടക്കുമ്പോൾ
റോഡരികിൽ
ഇടതുവശത്ത്
വെള്ളമുണ്ട് മടക്കിക്കുത്തി
വെള്ളഷർട്ടിട്ട
സൗമ്യവൃദ്ധനെക്കാണുമ്പോൾ
ലാൽ ബഹാദൂർ ശാസ്ത്രിയെ
വെറുതെ ഓർക്കും.
ഒരു കറുത്ത തൊപ്പി
കൂടിയുണ്ടെങ്കിൽ
നന്നായിരുന്നു എന്ന്
ഓർമ്മകൾ ചിരിക്കും.
തെരുവോരങ്ങളിലെ
വീടുകളിലേക്കും
വിരളമായി കാണുന്ന
കൊച്ചു കൊച്ചു
പീടികകളിലേക്കും
ഓർമ്മകൾ
കണ്ണുകളെറിയും മാറി മാറി.
കുറച്ചങ്ങ് നടക്കുമ്പോൾ
പലവ്യഞ്ജനങ്ങൾ വില്‍ക്കുന്ന
ഹൈദരിക്കയുടെ കട കാണും.
തമ്മിൽ കണ്ടാൽ
പരസ്പരം മന്ദഹസിക്കും.
ഓർമ്മകൾ കുറേക്കൂടി
നടക്കുമ്പോൾ
ഒരു കൂട്ടം വൃദ്ധസായാഹ്‌നങ്ങൾ
കൂട്ടുകൂടി സല്ലപിക്കുന്ന
പതിവ് കാഴ്ച കാണും.
ഒരു അയ്യർ പെൺകുട്ടി
വീടിന്റെ ബാൽക്കണിയിൽ നിന്ന്
ഒരു പുഞ്ചിരി സമ്മാനിക്കുന്നത്
വാങ്ങും.
മറുപുഞ്ചിരി മടക്കിക്കൊടുക്കും.
അല്പമകലെ ഒരു പെൺകുട്ടി
മതിലിലുറപ്പിച്ച തട്ടിൽ
സന്ധ്യാ ദീപം കൊളുത്തുന്നത്
ഓർമ്മകൾ
പതിവ് പോലെ കാണും.
നടത്ത തുടരും.
കോവിലകം ഗണപതി ക്ഷേത്രത്തിലേക്ക്
ഭക്തർ നടന്നുനീങ്ങുന്നത്
കാണും.
ഓർമ്മകളുടെ നാവിൽ
കോവിലകം ഗണപതിക്ഷേത്രത്തിലെ
ഉണ്ണിയപ്പത്തിന്റെ മധുരം
ഊറി വരും.
പിന്നെ തെരുവ്
വായ് തുറക്കുന്നത്
നഗരത്തിന്റെ ശബ്ദായമാനമായ
അന്തരീക്ഷത്തിലേക്കാണ്.
റോഡരികിലെ
ആമസോണിൽ നിന്ന്
ചിലപ്പോൾ രണ്ട് മൂന്ന്
മാസികകൾ വാങ്ങിയാലായി.
തിരികെ നടക്കും.
സന്ധ്യ ഇരുളാൻ
തുടങ്ങുന്നതോടെ
ഓർമ്മകൾ
ഞാനെന്ന
വർത്തമാനകാലത്തിലേക്ക്
ചിറകുകൾ വിരിച്ച്
പറന്നെത്തും…..
