രചന : ജോയ്സി റാണി റോസ് ✍
പലായനത്തിന്റെ തുടക്കത്തിൽ
ഉപേക്ഷിച്ചു പോകേണ്ടി വന്നത്
പ്രിയപ്പെട്ട അരുവികളുടെ സംഗീതവും
കാറ്റിന്റെ ഈണവും പക്ഷികളുടെ നാദവും
ചുറ്റിലും നിറയുന്ന പച്ചപ്പും ആയിരുന്നു
ആ വെളിച്ചത്തിൽ നിന്നുമാണ്
ഇരുട്ടിലേക്കു പലായനം ചെയ്യപ്പെട്ടത്
തിരിച്ചിറങ്ങുവാനുള്ള വഴികൾ അടയപ്പെട്ട
ഒറ്റപ്പെടലിന്റെ ഇരുട്ട്
ഓർമ്മകളെല്ലാം കൂടെപ്പോന്നു
കാലത്തിന്റെയറ്റം വരെ മാറാപ്പിൽ
വേറെയെന്തുണ്ട് കൂട്ടിനു
യാത്രാദൂരം അജ്ഞാതമെന്നപോലെ
ദേശങ്ങളും ഇണങ്ങാതെ മാറിക്കളഞ്ഞു
ചില തെരുവിലെ പൊട്ടിച്ചിരികളും
ആർത്തനാദങ്ങളും
ചുടുകാടിനെ ഓർമിപ്പിച്ചു
കരച്ചിൽ മറച്ചു ചിരിക്കുകയും
ചിരി മറച്ചു കരയുകയും
ചെയ്യുന്നവരെ തന്നെ
ചോദ്യങ്ങൾക്കൊന്നും ഉത്തരമില്ലാത്ത
മൗനിയെപ്പോലെ തലകുനിച്ചു
നിന്നയെന്നെ മുറുകെപ്പിഴിഞ്ഞു
ഉണക്കാനിട്ടിട്ടും
സംശയത്തോടെ പിന്തുടർന്നു
വേറൊരു തെരുവിന്റെ കണ്ണുകൾ
നരച്ച വസന്തങ്ങളിൽ നിന്നും
നിറവസന്തങ്ങളുടെ ആകാശത്ത് പറക്കാൻ
കൊതിക്കുന്ന പക്ഷിയായ് രൂപാന്തരം
ചെയ്യപ്പെടുമ്പോൾ ഞാൻ പലായനത്തെ
ജീവിതത്തിൽ നിന്നും പുറന്തള്ളപ്പെട്ടവരുടെ
ചിറകെന്നും രക്ഷപെട്ടു പോകുന്നവരുടെ
മോഹത്തേരെന്നും കുറിച്ചുവെയ്ക്കുന്നു
തണുത്ത നട്ടുച്ചകളിൽ സൂര്യനോട്
കൂട്ടുകൂടുവാൻ ഒരു മരമൊരു കാടാവുന്നു
നേർത്ത നിലാവിൽ ചന്ദ്രനോടു
കൂട്ടുകൂടുവാൻ ഒരു പാറയൊരു വീടാവുന്നു
ആത്മസംഘർഷങ്ങളെല്ലാം വിഷാദമേഘങ്ങൾ
പോലെ ഇരുളാർന്നു നിൽക്കുന്നു
അസ്വസ്ഥതകളുടെ മുറിപ്പാടിൽ
അസ്തമയസൂര്യൻ കയ്യൊപ്പ് ചാർത്തുന്നു
ഇരുട്ടിലൊരു നക്ഷത്രം നിറയെ
സ്വപ്‌നങ്ങൾ തുന്നിയയൊരു പുതപ്പാകുന്നു
വിളറി വെളുത്തൊരു പകൽ
വന്നെന്റെ ഇരുട്ടിനെ മായ്ക്കുന്നു
പിന്നിട്ട വഴികളിൽ ദേശാടനപ്പക്ഷികളുടെ
തൂവൽ കയ്യൊപ്പ് ചാർത്തുംപോലെ
എനിക്ക് ഒരു അടയാളവും
ബാക്കിയാകുന്നില്ലെങ്കിലും
ദേശാടനപ്പക്ഷികൾ എനിക്ക് വഴികാട്ടിയായി
താഴ്‌വാരങ്ങളിലെ മിന്നാമിനുങ്ങുകൾ
എനിക്ക് വഴിവിളക്കുകളായി