പ്രേക്ഷകരെ,
ദുഃഖകരമായ വിമാനദുരന്തംകഴിഞ്ഞ് ഇപ്പോഴിതാ ഒന്നരമാസമാകാൻപോകുന്നു. അധികൃതരുടെ ആദ്യറിപ്പോർട്ടിനെ ആസ്പദമാക്കി, കൂത്സിതതാല്പര്യമുള്ള ഇന്ത്യൻ ചാനലുകളും, വിദേശചാനലുകളും മാധ്യമങ്ങളും, വിശിഷ്യാ ബോയിങ്ങ്-സ്നേഹികളും, ദുരന്തത്തിന്നുള്ള കാരണം ഇനിയൊരിക്കലും തിരിച്ചുവന്ന് നിരാകരിക്കാൻ സാധ്യതയില്ലാത്ത ഒന്നാം വൈമാനികൻറെ തലയിൽവെച്ചുകെട്ടി, അത് അദ്ദേഹത്തിൻറെ ആത്മഹത്യാശ്രമമാണെന്ന് വരുത്തിത്തീർത്ത്, ഒന്നും സംഭവിച്ചിട്ടില്ല എന്നമട്ടിൽ ബ്ലാ ബ്ലാ അടിച്ച് മുന്നേറുന്ന ഒരു കാലാവസ്ഥയിലാണ് നാമിപ്പോൾ.
ഇന്ന് നമ്മുടെ കൂടെയുള്ളത് ഏറോനാട്ടിക് വിദഗ്ദനും അസ്ട്രോഫിസിസിസ്റ്റ്/യൂഫോളജിസ്റ്റ് എന്നെല്ലാം അറിയപ്പെടുന്ന വിശ്വവിഖ്യാതി നേടിയ നമ്മുടെ ബോംബെ ദാമ്വേട്ടനാണ്.

മുംബയി അന്താരാഷ്ട്രവിമാനത്താവളത്തിന്ന് കിഴക്കുഭാഗത്തുള്ള കുർലക്കുസമീപം ഒരു ചേരിയിലാണ് അദ്ദേഹത്തിൻറെ സംഭവബഹുലമായ വാഴ്കൈ തുടുങ്ങിപ്പുരോഗമിച്ചത്. ആയതിനാൽ വിമാനങ്ങളുമായുള്ള അദ്ദേഹത്തിൻറെ നിരന്തരസഹവാസം പ്രിയപ്പെട്ട പ്രേക്ഷകർക്ക് മനസ്സിലാവുമല്ലോ?
കുട്ടിക്കാലംമുതലെ, ഒരു വെള്ളംനിറച്ചുള്ള പാട്ടയുംപിടിച്ച്, ബോംബെ വിനാത്താവളവേലിക്കരികിലുള്ള അതിവിശാലമായ ധാരാവി കുപ്പഭൂവിൽ വിമാനങ്ങളുടെ പോക്കുവരത്തുക്കൾ പാത്ത് കോരിത്തരിച്ചുകുത്തിയിരിക്കുന്ന ആ ഇന്ത്യൻ ബാലനെ, അല്ല മലയാളി ബാലനെ, ഒന്നോർത്തുനോക്കൂ. ആ ഇരിപ്പിന് രാവും പകലും വ്യത്യാസമുണ്ടായിരുന്നില്ല. ഒരേ മുക്കിമുക്കിക്കുത്തിയിരിപ്പ്. അതായിരുന്നു നമ്മുടെ പിൽക്കാലത്ത് വിശ്വവിശ്രുതനായ ദാമ്വേട്ടൻ.

എഴുപതുകളുടെ തുടക്കത്തിൽ എയർ ഇന്ത്യ ബോയിംഗ് 747ൻറെ ആദ്യത്തെ ഫ്ളീറ്റ് (6 വിമാനങ്ങൾ) ബോംബേയിൽ ഇറക്കിയപ്പോൾ ദാമ്വേട്ടനെന്ന ബാലൻ ഉദ്വേഗഭരിതനായി എയർപ്പോട്ടിൻറെ കിഴക്കൻവേലിക്കരികിൽ പാട്ടയും പിടിച്ച് കുത്തിയിരിപ്പുണ്ടായിരുന്നു. അന്ന് ബോംബെയായിരുന്നു എയർ ഇന്ത്യക്ക് ആസ്ഥാനം. പിൽക്കാലത്ത്, അതായത് ഏകദേശം നാൽപ്പതുവർഷത്തിനിപ്പുറം, ഗോസായികളും നക്കിരാഷ്ട്രീയബാബുമാരുംകുടി എയർ ഇന്ത്യയെ, അവരുടെ സ്വന്തം സൌകര്യത്തിന്നും കുടുംബക്ഷേമത്തിന്നുമായി, പിടിച്ചുപറിച്ച് തലസ്ഥാനനഗരിയിൽ മാറ്റിനട്ടുനശിപ്പിക്കുന്നതിന്നുമുമ്പ്. എയർ ഇന്ത്യ തുടങ്ങിവെച്ച ടാറ്റക്ക് മിഠായികൊടുത്ത് മുണ്ടാണ്ടെ വീട്ടിൽപോയിരുന്നോ കിട്ടോ എന്നുപറഞ്ഞ് പിരിച്ചുവിടുന്നതിന്നുമുമ്പ്.
ബോയിംഗ് 747ൻറെ നിതാന്തഗംഭീരമായ ട്രെയിനിംഗ് ഫ്ളൈറ്റുകൾ പാട്ടപിടിച്ച് താഴെയിരുന്ന് വീക്ഷിച്ചിരുന്ന ദാമ്വേട്ടന് വിമാനത്തിലേറുകയോ കോക്ക്പിറ്റിൽ പോവുകയോ ഒന്നും ആവശ്യമായിരുന്നില്ല 747നെപ്പറ്റി അറിയാൻ. അതായിരുന്നു ദാമ്വേട്ടൻ എന്ന പ്രതിഭാശാലി. മണ്ണിലിരുന്ന് ആകാശചാരികളുടെ ഉൾക്കള്ളികളെല്ലാം മനസ്സിലാക്കിയ അത്ഭുതപുരുഷൻ. സാക്ഷാൽ പാലക്കാട്ടിൻറെ കേരളപുത്രൻ.

അറിഞ്ഞിരുന്നുവെങ്കിൽ മ്മടെ ബാലാസാഹേബുപോലും (ബാൽ താക്കറേട്ട) വീണുകുമ്പിടുമായിരുന്ന സ്ലംഡോഗ് വിസ്മയം. സ്ലംഡോഗ് ദാമ്വേട്ടൻ.
പാട്ടപിടിച്ച് ആകാശംനോക്കിയിരുന്ന ദാമ്വേട്ടൻ വിമാനങ്ങളുടെയും യൂഫോകളടങ്ങുന്ന ആകാശവിസ്മയങ്ങളുടെയും എൻസൈക്ലോപ്പീഡിയയായി പരിണമിച്ചു എന്നുപറഞ്ഞാൽ അതിൽ അതിശയിക്കാനില്ല. അതാണ് ഭാരതം എന്നും വാഴ്ത്തിയിട്ടുള്ള തപോബലം. തപസ്സ് ഹിമാലയത്തിലായാലെന്ത്, ബോംബേയിലെ നാറുന്ന ചേരിയിലായാലെന്ത്? വിസ്മയങ്ങൾ എവിടെയും പൂവിട്ടുപരിലസിക്കാം.
രാവിലെ ഏതെങ്കിലും വിമാനത്തിൻറെ ശബ്ദം കേട്ടാൽ ദാമ്വേട്ടൻ ചോദിക്കുമായിരുന്നത്രെ ‘’ ഓഹ്, സ്വിസ്സെയറോ? ഇന്നെന്താ ഒമ്പതുമിനിറ്റ് ലേറ്റ് ആണല്ലോ ജനീവാ ഫ്ലൈറ്റ്?’’, അല്ലെങ്കിൽ ‘’ലണ്ടനിൽനിന്നെത്തേണ്ട ബി.ഓ.എ.സി. (പിൽക്കാലത്ത് ബി.എ.) ഇനിയും എത്തിയില്ലല്ലോ കൊച്ചേ, എന്തുപറ്റി?’’ എന്നുംമറ്റും.

വിമാനപോക്കുവരത്തുക്കൾ അദ്ദേഹത്തിന് ബാല്യംമുതലേ കാണാപ്പാഠമായിരുന്നു. മാത്രമല്ല വിമാനത്തിൻറെ ശബ്ദാന്തരങ്ങളും അവയിലെ അപായസൂചനകളും അദ്ദേഹം ഒരു ഫ്ലൈറ്റ് എൻജിനീയറെക്കാൾ കിറുകൃത്യമായി മനസ്സിലാക്കിയിരുന്നു.
1978 ജനുവരി 1 രാത്രി എയർ ഇന്ത്യയുടെ ബോംബെയിൽനിന്നും ദുബായിലേക്ക് പറന്നുയർന്ന എമ്പറർ അശോക എന്ന ബോയിംഗ് 747 വിമാനത്തെനോക്കി ബാന്ദ്രാ കടൽത്തീരത്തുനിന്ന അദ്ദേഹം പറഞ്ഞുവത്രെ ‘’ചെത്തം ശരിയില്ലല്ലോ കുട്ടീ. ഈശ്വരോരക്ഷ’’ എന്ന്. സെക്കണ്ടുകൾക്കകം ആ വിമാനം സമുദ്രത്തിലേക്ക് കൂപ്പുകുത്തിയതും ക്രൂവടക്കം എല്ലാ യാത്രികൾക്കും ജീവൻ നഷ്ടപ്പെട്ടതും നമുക്കേവർക്കും അറിയാവുന്ന ദാരുണവിമാനദുരന്തം മാത്രം. അതാണ് ദാമ്വേട്ടൻ. വിമാനത്തിലൊരിക്കലും കേറാത്ത ഏറോനാട്ടിക്ക് പ്രതിഭ, അവർ ഓൺ ദാമ്വേട്ടൻ!
ആ പ്രതിഭാശാലി ഇന്ന് നമ്മുടെകൂടെ ഇവിടെ സന്നിഹിതനാണ്. ‘’ദാമ്വേട്ടാ, വെൽക്കം ടു പി.ക്യൂ.ആർ. ടി.വി. ജൂൺ 12ലെ അഹമ്മദബാദ് വിമാനദുരന്തത്തെപ്പറ്റി താങ്കളുടെ അഭിപ്രായമറിയാൻ പ്രേക്ഷകർ ജിജ്ഞാസുക്കളാണ്. തിടുക്കംകൂട്ടുകായാണ്. വളരെ സംക്ഷിപ്തമായി അതേപ്പറ്റി എന്തെങ്കിലും പറയാമോ?’’

‘’ഞാനെന്തുപറയാനാണ് അനിൽ അടയാറെ? പറയേണ്ടവരൊക്കെ വാതോരാതെ ചിലച്ചോണ്ടിരിക്കുകയല്ലെ? വിമാനത്തിൻറെ ശബ്ദംകേട്ടാലെ എനിക്കെന്തെങ്കിലും പറയാനാവു. ശബ്ദമാണ് എന്നോട് സംസാരിക്കാറുള്ളത്. ഞാൻ കണ്ട വീഡിയോകളിലൊന്നും ശബ്ദം നാസ്തി. പിന്നെന്തുചെയ്വാൻ ഞാനഹോ, ശുംഭാസുരൻ!?’’
‘’എന്നാലും, എന്തെങ്കിലുമെന്തെങ്കിലും. ഉത്സുകരായ പ്രേക്ഷകർക്കായി.’’
‘’പറയാം. അതിന്നുമുമ്പ് വേറൊരുകാര്യം പറയട്ടെ. ഈ ദുരന്തം ഒരു അട്ടിമറിയാണെന്നു പറഞ്ഞുനടക്കുന്ന ഒരു വക്കീൽ നമുക്കിടയിലുണ്ടല്ലോ. അദ്ദേഹത്തിൻറെ ആത്മശാന്തിക്കായി ആദ്യമേ പറഞ്ഞോട്ടെ ഇത് അട്ടിമറിതന്നെയാണെന്ന്.’’
‘’അതെന്താ ദാമ്വേട്ടാ അങ്ങിനെ ഉറപ്പിച്ചുപറയാൻ?’’

‘’ഈ പരന്നവലിയ ലോകത്ത് ആരെങ്കിലുമുണ്ടോ അനിലെ ഇന്ത്യ നന്നാവണമെന്ന് ആഗ്രഹിക്കുന്നവർ? ട്രമ്പുമുതൽ സകലമാനജീവജാലങ്ങളും നമ്മടെ പൊള്ളഞെരിക്കാൻ അവസരം നോക്കിയിരിക്കയല്ലെ? നമ്മൾ ഇന്ത്യക്കാർക്കിടയിൽത്തന്നെ എത്രപേർ കാണും നാട്ടിനെ സ്നേഹിക്കുന്നവരായി? ആരെങ്കിലുമുണ്ടെങ്കിൽത്തന്നെ അവർക്ക് ടാറ്റയോട് കൂറുണ്ടാകണമെന്നില്ലല്ലോ. വായിൽതോന്നിയത് കോതക്കുപാട്ട് എന്ന രീതിയിൽ നടക്കുന്ന ആ പ്രതിപക്ഷച്ചെക്കനെ നോക്ക്. നമുക്കെന്താണൊരു ഹോപ്?’’

‘’ആ പറഞ്ഞത് ശരിതന്നെ. അപ്പ സിന്ദൂരോം കുങ്കുമോക്കെപൂശി ഭസ്മത്വം വന്ന നമ്മുടെ അയൽവാസിയെയാണോ ഏട്ട ഈ അട്ടിമറിയുടെ പിന്നിൽ കാണുന്നത്?’’
‘’വിട് അനിലെ. അവറ്റക്ക് അത്രക്കൊന്നും ബുദ്ധിയില്ല. പിന്നേള്ളത് അവരുടെ മിത്രരാജ്യമെന്ന് ഭാവിക്കുന്ന ചപ്ലിമൂക്കന്മാരുടെ പെരുത്ത രാജ്യമാണ്. വക്കീൽ പറയുന്നപോലെ പുതിയ സോഫ്ട് വെയർ എന്തെങ്കിലും ഉപയോഗിച്ച് അവർക്ക് ഒരുപക്ഷേ ഒരു അട്ടിമറി സാധിച്ചേക്കാം. പക്ഷേ, ബുദ്ധിയില്ലാത്തൊരു തല്ലുകൊള്ളിമിത്രത്തിനുവേണ്ടി അവർ അതിന്നു മെനക്കെടുമോ, അനിലെ? സംശയമാണ്.’’
‘’അപ്പ ആരായിരിക്കാം അട്ടിമറിക്കുപിന്നിൽ?’’

‘’ആ ചോദ്യം നമുക്ക് വക്കീലിനുവിടാം. ഊഹിച്ചുത്തരം കണ്ടുപിടിക്കാൻ. വക്കിലിനെപ്പോലെ ഞാനും പറയും കാര്യം അട്ടിമറിതന്നെയെന്ന്. അട്ടിമറിച്ചത് ആരാണെന്നറിയുന്നവർ ഒരുപക്ഷേ അമേരിക്കക്കാർ മാത്രമായിരിക്കാം. അവർക്കതിൽ സന്തോഷവുമുണ്ടാവാം. അതുകൊണ്ടാവില്ലെ പൈലറ്റിൻറെ തലയിലൊക്കെ കാര്യം കെട്ടിവെച്ച് കൺഫ്യൂഷനുണ്ടാക്കി കളിക്കുന്നത്. അല്ല, ഇനി നമ്മുടെ സർക്കാറിൻറെപക്കൽ വല്ല അട്ടിമറിസ്സൂചനകളുമുണ്ടെങ്കിൽ, അവരത് ഒതുക്കിത്തീർക്കുകയല്ലെ ചെയ്യുള്ളൂ? വീണ്ടും സിന്ദൂര-കുങ്കുമ-ചന്ദനലേപനാദികളെടുത്തുകളിക്കുന്നത് അത്ര എളുപ്പമുള്ള കാര്യമല്ലല്ലോ. പ്രത്യേകിച്ച് ചപ്ലിമൂക്കന്മാരും ഫീൽഡിലുണ്ടെങ്കിൽ.’’

‘’ഓ അങ്ങനെ. പക്ഷേ, ബ്ലാക്ബോക്സിലെ സംഭാഷണപ്രകാരം, വൈമാനികരിലൊരാൾ ചോദിക്കുന്നുണ്ടല്ലോ ‘ഫ്യുവൽസ്വിച്ച് ആര് ഓഫ് ചെയ്തു’ എന്ന്. അതിന്ന് അപരൻ ‘ഞാനല്ല’ എന്ന് മറുപടിയും കൊടുക്കുന്നുണ്ടല്ലോ. അപ്പോൾ ആ സ്വിച്ചിലല്ലെ ഈ ദുരന്തത്തിൻറെ സൂചനകൾ മുഴുവൻ കേന്ദ്രീകരിച്ചിരിക്കുന്നത്?’’
‘’അല്ല അനിലെ. അവിടെയാണ് നമ്മൾ ഇന്ത്യക്കാരും ആത്മഹത്യാവാദികളായ അമേരിക്കക്കാരും ഒത്തുകളിക്കുന്നത്. മേൽപ്പറഞ്ഞ സംഭാഷണശകലത്തിൽ ആര് ആരോട് എന്തുപറഞ്ഞു എന്ന് ആരും വ്യക്തമാക്കിയിട്ടില്ലൊ. അതറിയാൻ രണ്ട് വൈമാനികരുടെയും നേരത്തേയുള്ള വോയ്സ് റെക്കോർഡിംഗ്സ് ചെക്കുചെയ്താൽ പോരെ? അത് സാധ്യമല്ലെങ്കിൽ അവരുടെ ബന്ധുക്കളെയോ ഉറ്റമിത്രങ്ങളെയോ വിളിച്ചുവരുത്തി കേൾപ്പിച്ചാൽപോരെ? പിന്നെ, ഈ രണ്ടുവാക്ക് മാത്രം മിണ്ടി രണ്ടുപേരും കോക്പിറ്റിൽ മൂങ്ങയെപ്പോലെ മുണ്ടാണ്ടെ ഇരിക്ക്യാർന്നോ? ഇതിലെല്ലാം എന്തോ കളിയുണ്ടെന്നാണ് എൻറെ ഒരിത്.’’

‘’പിന്നെ, ഒരു പൈലറ്റിന് ആത്മഹത്യചെയ്യാൻ വേറെ മാർഗ്ഗങ്ങളൊന്നുമില്ലെ? ഓവർഡോസ് ഉറക്കഗുളികയടിച്ച് വീട്ടിൽ ചാച്ചിയാൽപോരെ? സമാധാനമായി പോകാമല്ലോ. വിമാനത്തെ എവിടെയെങ്കിലും കൊണ്ടിടിച്ചാൽ ചത്തുപോകുമെന്ന് എന്താ ഉറപ്പ്? മൂക്കുകുത്തി തകരുന്നതിന്നുപകരം വിമാനം വാലുകുത്തിവീണാലോ? കോക്പിറ്റിലിരിക്കുന്നവർ രക്ഷപ്പെടില്ലെ? ഈ ദുരന്തത്തിൽതന്നെ ഒരാൾ വലിയ കേടുപാടുകളൊന്നിമില്ലാതെ രക്ഷപ്പെട്ട് സെൽഫോണുംനോക്കി നിലാവത്തിറക്കിവിട്ട കോഴിയെപ്പോലെ നടന്നുനീങ്ങുന്നത് നാമെല്ലാം കണ്ടതല്ലെ? ദുഃഖിതരായി സമനിലതെറ്റിയ ടാക്സിഡ്രൈവർമാരും ട്രാൻസ്പോർട്ട് ബസ് സാരഥിമാരും അവരുടെ യാത്രികളെയുംകൊണ്ട് ആത്മഹത്യക്കായി എവിടെയെങ്കിലും വാഹനങ്ങളിടിച്ച് മനഃപ്പൂർവ്വം ആക്സിഡൻറുകൾ ഉണ്ടാക്കിയ കഥകൾ നാം കേട്ടിട്ടുണ്ടോ? അവരെല്ലാം പണികഴിഞ്ഞ് ബെവ്റജസിൽ കയറിയിട്ടല്ലെ അവരുടെ വ്യക്തിഗതവ്യഥകൾ മറക്കുന്നത്? സംതിങ്ങ് ഡെഫനിറ്റ്ലി ഫിഷി ഹിയർ, മാൻ!’’

‘’ശരിയായിരിക്കാം ദാമ്വേട്ടാ. നമുക്ക് കാത്തിരുന്നു കാണാം. എന്തായാലും ഇതൊരു അട്ടിമറിതന്നെയാവട്ടെ. അതിന്നായി പ്രാർത്ഥിക്കാം. നമുക്ക് എയർ ഇന്ത്യയെ സ്നേഹിക്കാം. ടാറ്റയേയും. ബോയിംഗിനെ വെറുക്കാം.’’
‘’വരട്ടെ അനിലെ. ഈ എരിപൊരി ചർച്ചകൾക്കിടയിൽ നമ്മൾ ഒരുകാര്യം മറന്നുപോകുന്നു. ദുരന്തത്തിലകപ്പെട്ട് ജീവൻനഷ്ടപ്പെട്ട ഏകദേശം 261 പേരെയും അവരുടെ ബന്ധുക്കളെയും. അവർക്കായി നമുക്കും പ്രേക്ഷകർക്കും ഒരുമിനിറ്റെങ്കിലും ഇപ്പോൾ ഒരു മൌനപ്രാർത്ഥന നടത്താം. അവർ മറക്കപ്പെടാതിരിക്കട്ടെ. ഈശ്വരോരക്ഷ.’’
(പ്രാർത്ഥനാനന്തരം)
‘’വളരെ നന്ദി, ദാമ്വേട്ടാ. ഇന്നുതന്നെ മുംബയിക്ക് തിരിക്കുമോ?’’
‘’ഉടൻ തിരിക്കണം അനിലെ. പാട്ടയും പിടിച്ച് വിശാലമായ കുർലാകുപ്പഭൂമിയിൽപ്പോയി ആകാശം നോക്കി കുത്തിയിരിക്കട്ടെ. നക്ഷത്രങ്ങളേ കാവൽ. ഈ ലോകം നന്നാവാൻ പോണില്ല. എം.ടി. സ്റ്റൈലിൽ പറഞ്ഞാൽ ‘ഇതൊരു നിതാന്തദുരന്തമാണ്, കുട്ടീ ’’.

മഠത്തിൽ രാജേന്ദ്രൻ നായർ

By ivayana

Leave a Reply

Your email address will not be published. Required fields are marked *