രചന : കെ.ആർ.സുരേന്ദ്രൻ ✍️..
നിശയും നിലാവും
കൈകോർത്ത്,
അമ്പലത്തിൻ്റെ
പടിഞ്ഞാറേ കൊട്ടോമ്പടി
കടന്ന് വരാറുണ്ട് ചിലപ്പോൾ.
മാനം കരിമ്പടം പുതച്ചിരിപ്പായാൽ
നിശ ഏകയായും.
മാനത്ത് കരിമുകിലുകളും
ചന്ദ്രനും
കസേരകളിയിലേർപ്പെടാറുണ്ട് ചിലപ്പോൾ.
അപ്പോൾ ഭൂമിയിലും
നിശയും നിലാവും
കസേരകളിയിലേർപ്പെടുകയാവും.
ഭൂമിയിൽ ഒരു ടാബ്ലോ അരങ്ങേറുകയാവും.
മാനത്ത് നിന്ന് ചന്ദ്രനും
താരകകളും മാഞ്ഞുമാഞ്ഞ്
പോകുന്നത് വരെ
ടാബ്ലോ തുടർന്നെന്ന് വരും,
കിഴക്കുനിന്ന് പകലോൻ
അമ്പലത്തിന്റെ
കിഴക്കേ കൊട്ടോമ്പടി
കടന്ന് വരുന്നത് വരെ.
മാനം കരിമ്പടം പുതച്ചിരിപ്പല്ലെങ്കിൽ.
നിശയും നിലാവും
അമ്പലത്തിന്റെ പടിഞ്ഞാറേ
കൊട്ടോമ്പടി കടന്ന്
എങ്ങോ പോയൊളിച്ചിട്ടുണ്ടാവും.
പകലോനെത്തിയാൽ
അമ്പലമുറ്റത്തെ കസേരയിൽ
ഇരിപ്പുറപ്പിക്കുകയായി.
ഭൂമിയിൽ പകൽ പിറക്കുകയായി.
ജീവിതമുണരുകയായി.
ഇങ്ങനെ നിശയും നിലാവും,
ചന്ദ്രനും, പകലോനും
കസേരകളികളുടെ
അരങ്ങേറ്റങ്ങൾ നടത്തും.
ഈ ജീവിതം തന്നെ
ഒരു കസേരകളിയല്ലേ……?
