രചന : മധു നമ്പ്യാർ, മാതമംഗലം✍️.
ജന്മസുകൃതമായ് പകർന്ന പാഠങ്ങൾ തളി-
രായ് തന്നിൽ കൊരുക്കുവാനിടം നൽകാതെ
വിതച്ച വിത്തുകൾ കിളിർത്തു പൂക്കുവതിൻ
കാലം വരെയും നിനച്ചു നിൽപ്പാതങ്ങനെ!
പിഴുതുമാറ്റുന്നൊരു വികൃത ജന്മങ്ങളിവിടെ
പഴിക്കു പ്രാസം ചൊല്ലി പുരോഗമനത്തിന്
വിരോധികളെന്നു വിധിപ്പകർപ്പും നൽകി
വിലാസബന്ധുരം കാഴ്ച്ചകൾ മാറും കാലം!
തളിർത്തു വന്നൊരു മാവിൻ ചോടും മൂടെ
ഉയർത്തി വെട്ടി കടത്തി മാറ്റിയ തടിയുടെ
നിലത്തു നിന്നൊരു ഊർജ്ജം വഹിച്ചതിൽ
തിരിച്ചു നൽകുവതൊരു പാഠം സ്നേഹം!
മണ്ണിൽ കിതച്ചു നീങ്ങും ഇന്നലെകൾ കിളച്ചു
മാറ്റിയ വിയർപ്പിലുറയും ഉപ്പിൻ രുചിയിൽ
മുറി കൂടാത്തൊരു മാവിൻ തടിയിൽ
ഒളിച്ചു വെച്ചൊരു മാങ്ങാ മധുരമിത് അതിജീവനം!
മരീചിക തേടും യാത്രയിൽ മർത്യർ മറന്നു പോകും
മധുരം തിരികെ വരില്ലൊരു നാളും മറഞ്ഞു നിന്നവരല്ലോ
മണ്ണിൽ മത്സര ബുദ്ധി തീർപ്പൂ കാലം മാപ്പുകൾ നൽകില്ലത് കട്ടായം!
