പുത്തനുടുപ്പിട്ടു പൊട്ടുതൊട്ടു
ഉണ്ണിയെ അമ്മയൊന്നോമനിച്ഛു
തഞ്ചത്തിൽ കൊഞ്ചിച്ചുപുന്നാരിച്ചു
അച്ഛന്റെ മുഖം കണ്ടാനന്ദിച്ചു
കൈകളിൽ വളയിട്ടു കണ്ണെഴുതി
കണ്ണകറ്റാൻ കവിളിൽ പൊട്ടുകുത്തി
ആപത്തുകളില്ലാതെ കാത്തീടുവാൻ
ഉണ്ണിക്കണ്ണനെ നോക്കി കൈകൂപ്പി നിന്നു
അരയിലെച്ചരടൊന്നു നേരെയാക്കീ
അരഞ്ഞാണമണിഞ്ഞതിൻ ഭംഗി നോക്കി
ചന്തത്തിലുണ്ണിയെ മാറോടുചേർത്തി
ചന്ദ്രികയുദിച്ചപോൽ മുഖം തിളങ്ങി
കൈവളരുന്നോ കാൽവളരുന്നോ
തൊട്ടുതലോടി സ്വയം കൃത്യമാക്കി
കണ്ണിലുംകവിളിലും മുത്തമിട്ടു തന്റെ
വാത്സല്യം മെല്ലെ കെട്ടഴിഞ്ഞുവീണു
അമ്മിഞ്ഞപ്പാലൂട്ടാൻ തിടുക്കമായി
അമ്മതൻ മമതയും കിനിഞ്ഞിറങ്ങി
പാൽനുണയുന്ന തൻതാമരമൊട്ടിനെ
താളത്തിൽ താരാട്ടിപ്പാടിയുറക്കി
തൊട്ടിലിലാടിയുറങ്ങുന്ന മുത്തിനെ
ഇത്തിരിനേരം കൺപാർത്തു നിന്നും
അച്ഛന്റെചേലുള്ള കണ്ണും പുരികവും
കണ്ടമ്മതൻ മനം നിർവൃതിയടഞ്ഞു
അമ്മമക്കൾ തമ്മിൽ തന്നെയുണ്ടല്ലോ
ആത്മബന്ധം അതുദൈവീകമല്ലോ
അമ്മ കൺകണ്ട ദൈവമെന്നുള്ളത്
പൊക്കിൾക്കൊടി ബന്ധം മഹനീയം
അമ്മയില്ലാതില്ല മക്കളെന്നറിഞ്ഞ നാം
ഇന്നതു പതുക്കെമറന്നു പോയി
മക്കളല്ലെന്നൊരമ്മയെങ്കിലും ചൊല്ലി
കേട്ടതായ് മക്കൾക്ക് വിവരമുണ്ടോ
അമ്മയും മക്കളും പ്രപഞ്ചസത്യം
അതുകാലം കുറിച്ചിട്ട തത്വശാസ്ത്രം
കാലം തിരുത്തുന്ന മക്കളിന്നറിയുക
ദൈവത്തിൻ പ്രതീകം തന്നെയമ്മ
നടപ്പിനും പഠിപ്പിനും ഏറെമുകളിലല്ലേ
അമ്മതൻ സ്ഥാനം മക്കൾപഠിച്ചെടുക്കൂ
നാളെയൊരമ്മയായ് മാറുന്നതിൻ മുന്പ്
അമ്മമനസ്സുനിന്നിൽ ചേർത്ത് വെയ്ക്കൂ…

മോഹനൻ താഴത്തേതിൽ


By ivayana