രചന : സ്മിതസൈലേഷ് ✍️
മടിക്കുത്തിൽ
ഇലഞ്ഞിപ്പൂമണ
വിശപ്പുള്ള
ഒരു സന്ധ്യയെ
ഞാനിപ്പോഴും
ഒളിപ്പിച്ചു വെക്കുന്നുണ്ട്
അതിന്റെ മുനയുള്ള
കണ്ണുകളിലൂടെയാണ്
എന്റെ മുന്നിൽ
ഭൂമിയിലെ മുഴുവൻ
അസ്തമയങ്ങളും
പീളക്കെട്ടി
വാടി വീഴാറുള്ളത്..
ഊറാംപുലി വിഷം
പോലത്തെ
ഉണങ്ങാമുറിവായി
അസ്തമയങ്ങൾ
എന്റെ പേറ്റുപാടുകളിൽ
പൊറ്റ കെട്ടി കിടക്കുന്നു
ഈ കാവെത്ര
ഇലമരണങ്ങളെ
കണ്ടതാണെന്ന്
മഞ്ഞയായ
ആസക്തികൾ
എന്റെ നാവിലേക്ക്
ഇലഞ്ഞിപഴമധുരങ്ങളെ
തൊട്ട് തേക്കുന്നു
വിരക്തിയുടെ
കുന്നു കയറുമ്പോഴും
എന്റെ മടിക്കുത്തിൽ
ഇലഞ്ഞി വിശപ്പ് കത്തുന്നു
ഒരു തുള്ളി കവിതയുമില്ലാത്ത
വരൾച്ചയിലും നിന്ന്
ഞാൻ പ്രണയത്തെ കുറിച്ച്
പാടുന്നു..
എല്ലാ ഞരമ്പിലും
പച്ച വറ്റിയ
ഒരു കടൽ
ഇലയെന്നും
കാവെന്നും
കാടെന്നും
എന്നെ
പച്ച കൊണ്ട്
കെട്ടി പിടിക്കുന്നു
മരിക്കുമ്പോഴും
എന്റെ കഠിനവന്യതയുള്ള
ഇലഞ്ഞിപ്പൂമണവിശപ്പേ..
ഞാൻ നിന്നെ
എന്റെ മടിക്കുത്തിൽ
നിന്നും കെട്ടഴിച്ചു വിടില്ല
വിരൽത്തുമ്പിലെ
കവിത കെട്ടു പോവുമ്പോഴും
ഹൃദയത്തിൽ അഴുകിയ
പുഴുക്കളരിക്കുമ്പോഴും
എനിക്ക് വസന്തത്തെ
സ്വപ്നം കാണണം
എല്ലാ വസന്തത്തെയും
പിന്നെയും..
പ്രണയത്തിലേക്ക്
പരിഭാഷപ്പെടുത്തണം