രചന : സ്മിതസൈലേഷ് ✍
ചില പെണ്ണുങ്ങളുണ്ട്
അരങ്ങൊഴിയുമ്പോഴും
അനുരാഗമഴിച്ചു വെക്കാൻ
കൂട്ടാക്കാത്തവർ
മടിക്കുത്തിൽ
ജീവിതാസക്തികളെ
ഒളിപ്പിച്ചുമാത്രം മരണത്തിന്റെ
ദ്വീപിലേക്ക്
യാത്ര പോകുന്നവർ
അതിവൈകാരികർക്കു
പ്രവേശനമില്ലാത്ത
മരിച്ചവരുടെ
ദേശത്തു നിന്ന്
ഭൂമിയുടെ
ഉടൽ മടക്കുകളിലെ
ഇടവഴികളിലേക്കു
നാട് കടത്തപ്പെട്ടവർ
യക്ഷിയാവുകയെന്നാൽ
മുടിയഴിച്ചിട്ടു
മുലയഴിച്ചിട്ടു
മരിച്ചവളുടെ
സ്വാതന്ത്ര്യം
എന്നുറക്കെ
പാടിയൊരുവൾ
മരണത്തിന്റെ
മുകിലിറങ്ങി
ജീവിതാസക്തിയുടെ
കുന്നു കേറുക എന്നതാണ്
അരമണികളിൽ
വസന്തത്തെ കോർത്തുകെട്ടി
അവൾ ഗ്രീഷ്മ
നട്ടുച്ചകളെ
പാലപ്പൂ ഗന്ധത്തിലേക്കു
പകർത്തിയെഴുതും
അവളുടെ
ഉടൽ ചൊരുക്കുകളിൽ
പാതിരാ കാറ്റുകൾക്കു
വഴി തെറ്റും .
അടിവയറ്റിലെ..
രോമരാജികളിൽ
അവൾ മഞ്ഞുകാലത്തെ
തടവിലാക്കും
ഭൂമിയിലെ ഒടുവിലത്തെ
പ്രണയകവിതയും
അവളുടെ ഹൃദയത്തിൽ
അടിമയെ പോലെ
മുട്ടുകുത്തിയിരിക്കും
പ്രണയാഭിചാരിയായ
ഒരുവൾ പതിനേഴായിരത്തൊന്നു
നിലാവുകളെ, പൂട്ടിയ
വില്ല് വണ്ടിയിൽ..
അവളുടെ
ആണുങ്ങളെ
തേടിയിറങ്ങും..
മായാവിനിയായ ഒരുവൾ
അനാസക്തനായബുദ്ധന്റെ
ധ്യാനത്തിലേക്കു
ഊളിയിടും
വിരക്തിയുടെ
ആകാശത്തിലേക്കു
നടക്കുന്ന ഒരുവനെ
പ്രണയത്തിന്റെ ആഴത്തിലേക്ക്
വഴി തെറ്റിക്കും
.
പ്രണയിയായ കവി
അവളുടെഅരക്കെട്ടിലെ
ആസക്തിയുടെ
സമുദ്രനീലയിലെവിടെയോ
അഴിഞ്ഞുപോയ അവനവനെ തേടി
വിരക്തിയുടെ തിര
മുറിച്ചു നീന്തി തളരും
അവളുടെ തീരങ്ങളിൽ
തന്നെ കവിതയെന്നപോലെ
പിന്നെയും പിന്നെയും
മുളച്ചു പൊന്തും
യക്ഷി എന്നത്..
മരിച്ചു പോയ
ഉന്മാദിനികളായ
പെണ്ണുങ്ങളുടെ
ഒറ്റ വാതിലുള്ള
പ്രണയനഗരമാണ്
അകത്തു പ്രവേശിക്കുമ്പോൾ
ഗോപുരവാതിലടയുന്ന
മന്ത്രവാദിനികളുടെ
നഗരം…
നിലം തൊടാതെ
നിലാവിലും, വെയിലിലും
ഒഴുകി നടക്കുന്ന
പെണ്ണുങ്ങൾക്കെല്ലാം
യക്ഷിയെന്നാണ്
അപരനാമം..
യക്ഷികളുടെ
പ്രേമനഗരം
തീണ്ടിയവന്റെ
എല്ലും പല്ലും മുടിയുമാണ്
പാലമരചോട്ടിൽ
കണ്ടെടുടുക്കപെടുന്നത്
അവന്റെ പ്രാണന്റെ
അവസാനത്തെ കണവും
അവളുടെ പ്രേമത്തിനായി
അവൻ സമർപ്പിച്ചതിന്റെ
സാക്ഷ്യമാണത് ❤️❤️❤️