കരൾ തുടിക്കയാണെന്നുമേ
കനവുകൾനിറം ചേർക്കവേ
കാലമോടിമറയുന്നതിവേഗം
കരഗതമായില്ലിനിയൊന്നുമേ!

കാര്യകാരണങ്ങൾ നിരന്നിട്ടും
കടുകോളം കടന്നില്ലചിന്തയിൽ
കണിശമീച്ചിന്തക്ഷയിച്ചുവോ?
കൗതുകമേറുകയാണിന്ന്!

കനലിൽചവിട്ടിപ്പുളഞ്ഞിട്ടും
കൺമുമ്പിലെല്ലാം തെളിഞ്ഞിട്ടും
കണ്ടിട്ടുംകാണാതന്ധരാകുന്നുവോ?
കനിവല്പമേകാതങ്ങനെജന്മങ്ങൾ!

കാവലായുണ്ടെന്നുധരിച്ചതും
കല്ലെടുക്കുംത്തുമ്പികളാക്കിയതും
കഥയറിയാതെയാട്ടം കണ്ടും
കതിരൊളിദിനങ്ങൾ കൊഴിച്ചിടുന്നു!

കർത്തവ്യമെന്നുനിനച്ചങ്ങനെ
കടമിടങ്ങളൊരുപാടേറിയിന്നു
കരകാണക്കടൽപോലെയുഴറുന്നു
കടമകൾ നിറവേറ്റുമീ പരാക്രമം!

കരുതലായ് കൂട്ടിനൊരു കരമുണ്ടായിരുന്നു
കാലദോഷത്തിൻ പിടിയിലമർന്നതോ
കർമ്മദോഷത്തിൽ കുരുങ്ങിയതോ
കൺമുമ്പിലിന്നുവെറും ശിലയായിരിപ്പൂ!

കണ്ണേമടങ്ങുക കാഴ്ചകൾനൊമ്പരം
കളിചിരിസ്നേഹമൊഴിഞ്ഞൊരിഗേഹം
കടത്തുവഞ്ചിതുഴയുകയാണീ ജീവിതത്തിരകളിൽ
കരംതന്ന് കരകാട്ടിടാൻ കരുതിയവരാരുമില്ല!

കണ്ണേകരളേയെന്നുനിനച്ചതും
കടങ്കഥയായിമാറിപോയി
കാക്കുകയിനിയൊരുവിധിയെന്തെന്നാരറിവൂ
കരളിൻനൊമ്പരമകലട്ടെയിനിയൊരുനന്മപുലരുമോ!

ബി സുരേഷ്കുറിച്ചിമുട്ടം

By ivayana

Leave a Reply

Your email address will not be published. Required fields are marked *