ഐ വായനയുടെ എല്ലാ മാന്യ വായനക്കാർക്കും സന്തോഷവും സമാധാനവും നിറഞ്ഞ പുതുവത്സരാശംസകൾ !

താഴെ വീണങ്ങ് മരിച്ചുപോവും മുൻപേ
അപ്പത്തിനുള്ള മാവ് തണുത്തവെള്ളമൊഴിച്ച്
തേങ്ങ ചിരവിയിട്ടരച്ച്
പാതകത്തിൽ വച്ചിരുന്നു.
പാതികുടിച്ച കടും കാപ്പിയിൽ നെറയേ
ഉറുമ്പു ചത്തുപൊന്തിയിരുന്നു.
കുളിച്ചീറമാറിയ തോർത്തിന്റെ
തണുവാറിയിരുന്നില്ല.
വൈകിട്ടലച്ചുവന്ന്
നെഞ്ചത്തുവീഴുന്ന കുഞ്ഞീനേം
അടുക്കളത്തിണ്ണയിൽ കേറിയിരുന്ന്
ചായ കുടിക്കാൻ ഓടിയെത്തുന്ന
എന്നേം കാത്തിരിക്കാണ്ട്
നിന്നനിൽപ്പിൽ ഓളങ്ങ്
മറിഞ്ഞുവീണു ചത്തു.
ചത്തുപോയതിന്റെ മൂന്നാം പക്കം
ഓളെ ബാഗൊന്ന് കുടഞ്ഞപ്പൊ
അതിലൊരു കള്ളത്താക്കോല്.
വീട്ടിലെ അലമാരകൾക്ക് മുഴുവൻ
താക്കോലിട്ടു നോക്കി.
പാകമായില്ല.
വീണുകിട്ടിയത്
ബാഗിലാക്കിയതാണെന്നോർത്ത്
പറമ്പിലേയ്ക്ക് നീട്ടിയെറിഞ്ഞു.
അവളു മാറിക്കെടന്ന കട്ടിലൊന്ന്
തട്ടിവിരിക്കാൻ പുതപ്പുമാറ്റി നോക്കി.
ഉണങ്ങിപ്പോയ രണ്ടുമൂന്ന് പിച്ചകം,
ഒരു പാദസരക്കൊളുത്ത്.
പാദസരമിട്ട കാലോർക്കാൻ ശ്രമിച്ചു..
മിനുത്ത വിരലുകളോർക്കാൻ ശ്രമിച്ചു..
ഓർമ്മയിലെവിടെയും അവളുടെ
പാദങ്ങളോ..കാൽവണ്ണകളോ
കണ്ടുകിട്ടിയില്ല.
കിട്ടി – തലയിണയ്ക്കടിയിൽ
ഓളെഴുതിയെഴുതി നെറഞ്ഞ
കഥകളുള്ള പുസ്തകം.
അവൾക്കപ്പൊ ഷെഹ്റാസാദിന്റെ
മുഖഛായ തോന്നി
ഒന്നാമത്തെ കഥയിലൊരു മീൻകാരൻ
തേൻ നിറമുള്ള തൊലിയും
ഞാവലിന്റെ മധുരച്ചുനയുമുള്ള
അയാളെ കണ്ടെനിയ്ക്ക് ഉയിരിൽ
മീനുളുമ്പ് വാസനിച്ചു.
രണ്ടാമത്തേതിൽ അവൾക്ക് മാത്രം
പാകമാവുന്ന ഉടുപ്പുകൾ
തുന്നാനറിയുന്നവൻ.
ഉടുപ്പുകളിലും ഉടലിലും
നിറയെ അയാൾ പിച്ചകപ്പൂവു
തുന്നിപ്പിടിപ്പിക്കുന്നതോർത്ത്
എനിയ്ക്ക് പനിച്ചു.
“എന്റെ പൊന്നേ..” യെന്ന് മാത്രം
വിളിക്കുന്ന ഒരുവനെപ്പറ്റി
എഴുതിയതിനു ചോടെ നിന്നെനിയ്ക്ക്
ഉമിനീരുവറ്റി.
ഞാൻ മുല കൊടുക്കുന്ന
കുഞ്ഞാണിവനെന്ന് സ്നേഹപ്പെരുക്കത്തിലെഴുതിയ
വരികൾക്ക് ചോടെയിരുന്ന്
ഞാനുറക്കെ കരഞ്ഞു.
അവളുടെ മുടിമണവും
അമ്മിഞ്ഞക്കണ്ണുമോർക്കെ
എനിയ്ക്കവളെ കാണണമെന്നും
വിരിഞ്ഞ മടിയിൽ
കിടക്കണമെന്നും തോന്നി.
അന്നുരാത്രി താക്കോലുമായി
മീൻകാരന്റെ വീട്ടിലും
തയ്യൽക്കാരന്റെ വീട്ടിലും ചെന്നു.
ഒരലമാരയ്ക്കും വാതിലിനും
പാകമാവാത്തൊരു താക്കോൽകൂട്ടം.
തളർന്നു മലർന്നു കിടന്നപ്പോ
ഉറക്കത്തിലോളു വന്നു.
എന്റടുത്ത് ചേർന്നുപറ്റിക്കിടന്നു.
കുഞ്ഞിന്റെ മുടിയിൽ വിരലുകടത്തി
കുറച്ചെണ്ണ തേപ്പിച്ച് രാവിലെ
കുളിപ്പിക്കണം ട്ടോ ന്ന് ഓർമ്മിപ്പിച്ചു.
ഞാൻ മൂളി.
തിരിഞ്ഞു കെട്ടിപ്പിടിച്ചപ്പോൾ
മീനുളുമ്പില്ല പിച്ചകമില്ല..
‘എന്നാലുമെന്റെട്യേ..
ആ താക്കോലെന്ന്’
വെപ്രാളപ്പെട്ടപ്പോൾ
അവൾ ചിരിച്ചോണ്ടെന്റെ കവിളിൽ
അരുമയായി കടിച്ചു..
മൂക്കിൻ തുമ്പുരസി
തരിശായ ഉടൽപ്പാടത്ത് ഞാൻ
മുഖമമർത്തിക്കിടന്നു.
ജീവിതം വാസനിച്ചു.
വരണ്ട വിരലുകൊണ്ടെന്റെ
മുതുകിലവൾ ഒരു രാജ്യം വരച്ചു –
രണ്ടായ് പകുത്തു.
ഒന്നിലു ഞാനുമവളും..
അവിടെ നനവു വറ്റിയ പൂന്തോട്ടങ്ങൾ
പൊടിഞ്ഞുകീറിയ ഇലകൾ
ഒടിഞ്ഞ ചില്ലകൾ
പേറ്റുപാടുപോലെ വിണ്ട നീർച്ചാലുകൾ.
മറുപാതിയിൽ വെളിച്ചം..കടൽത്തണുപ്പ്
എനിയ്ക്ക് പേരറിയാത്ത
നൂറുനൂറുപൂക്കളുടെ വസന്തം..
കിളിക്കുറുകലുകൾ, നീരുള്ള മരങ്ങൾ..
ആകാശക്കാഴ്ചകൾ
അതിനുകുറുകെ വറ്റാത്തൊരു നദി.
ഇതുവരെ കാണാതിരുന്നൊരു കാലം
കണ്ടെനിയ്ക്ക് കുളിർന്നു.
പോകുമ്പോൾ അവളെന്റെ
തലയിണയ്ക്കടിയിൽ പരതി.
താക്കോൽക്കൂട്ടം
ഉടയോളെക്കണ്ട് ചിരിച്ചു..
അവളും..
■■■■■■ വാക്കനൽ

By ivayana