ഐ വായനയുടെ എല്ലാ മാന്യ വായനക്കാർക്കും സന്തോഷവും സമാധാനവും നിറഞ്ഞ പുതുവത്സരാശംസകൾ !

പുരമേയാനാവാതാരോ
പുറകിൽ നിൽക്കുന്നു.
പുഴ പായും വഴിയിൽ തനിയേ
യൊഴുകിച്ചീയുന്നു.
മഴ കൊള്ളാതമ്പലമുറ്റം
പ്രണവം പാടുന്നു.
ശിലമേലേ പാലും തേനും
വെറുതേ കളയുന്നു.
ഒരു പള്ളിക്കെത്ര മിനാരം
എന്തൊരു സൗന്ദര്യം
പിഴവില്ലാതെന്നും കേൾക്കും
ബാങ്കിൻ മാധുര്യം
പിഴവില്ലാതമ്മ നിറച്ച
ചോറും കറിയും
രുചികൂട്ടിത്തിന്നുന്നുണ്ണാ –
നുള്ളകിടാങ്ങൾ
കറിയില്ലാ രുചിയും പോരാ
കരയാനും കഴിയുന്നില്ല
വലയും കുഞ്ഞുള്ളവരല്ല
വിലയും പോരാ.
മറനീക്കുക മണ്ണിലിറങ്ങുക
ചെറുകാഴ്ചകൾ കണ്ടുതുടങ്ങുക
കരിമീനും കണവക്കറിയും
രുചി നൽകില്ലാ.
ഇവിടെങ്ങും വൈരുദ്ധ്യങ്ങൾ
മഴയും വെയിലും
ഇവിടെല്ലാം വൈരുദ്ധ്യങ്ങൾ
കടലും കരയും.
കണ്ണടകൾ കാഴ്ച തരുമ്പോൾ
കണ്ടറിയേണം
കാതടകൾ കേൾവി തരുമ്പോൾ
കേട്ടറിയേണം.
പുതുമണ്ണും പൂവും തേനും
വെയിലോടും ചൂടും ചൂരും
മഴ തുള്ളും കുളിരും ചെളിയും
പലതുണ്ടല്ലോ.
പലതുണ്ടേ വലുതും ചെറുതും
പലമട്ടിൽ മഴയേൽക്കുന്നു.
പുരമേയാ കുഞ്ഞിൻ മഴയോ ?
കുടയില്ലാക്കുഞ്ഞിൻ വെയിലോ?
പുരമേയാക്കുഞ്ഞു കരഞ്ഞൂ
മഴ പെയ്യല്ലേ
കുടയില്ലാ കുഞ്ഞു വിയർത്തൂ
വെയിലും കഠിനം
പുരയുണ്ടൊരു കൊട്ടാരം പോൽ
മഴ പെയ്താൽ നനയാൻ മോഹം
വെയിലേൽക്കാൻ ചെളിയിൽ തുള്ളാൻ
കുടചൂടാതൊന്നു വിയർക്കാൻ.
എതിരാണിവയെല്ലാം തമ്മിൽ
ഇഴ ചേരാതൂടുംപാവും
ഇവിടെങ്ങും വൈരുദ്ധ്യങ്ങൾ
രാവും പകലും.

വിനയൻ

By ivayana