രചന : മായ അനൂപ്✍
വിവാഹിതർക്ക് പുറമെയുള്ളവരുമായുള്ള ബന്ധം….
ഇങ്ങനെയൊരു ശരിയല്ലാത്ത വാക്കിൽ അവരെ വിശേഷിപ്പിക്കുകയും
അങ്ങനെയൊന്ന് കേൾക്കുമ്പോഴേ അവരെ കുത്തിക്കീറാൻ തുനിയുകയും ചെയ്യുന്ന സമൂഹത്തോട് ചില ചോദ്യങ്ങൾ…
വൈവാഹികജീവിതം എന്നത് എല്ലാവരും എളുപ്പത്തിൽ വിജയിക്കുന്ന ഒരു പരീക്ഷയല്ല. വിവാഹമോചനം എന്നത് കൂടുതൽ പേർക്കും പല കാരണങ്ങളാലും പ്രായോഗികവുമല്ല.
അങ്ങനെയുള്ള സാഹചര്യത്തിൽ,
സ്വന്തം തെറ്റ് മൂലമല്ലാതെ നഷ്ടമായ സ്വന്തം സന്തോഷങ്ങളെ, അവർ ജീവിതകാലം മുഴുവൻ ബലി കൊടുത്തു കൊണ്ട് ജീവിക്കണം എന്നാണോ ?
ഇങ്ങനെയുള്ള കൂടുതൽ പേരിലും, കൊടുക്കേണ്ട സ്നേഹവും പിന്തുണയും കൊടുക്കാത്ത പങ്കാളികൾ തന്നെയല്ലേ അവരെ ഇങ്ങനെയുള്ള ബന്ധങ്ങളിലേയ്ക്ക് തള്ളി വിടുന്നത് ?
മുങ്ങാൻ പോകുമ്പോൾ ഒരു കച്ചിത്തുരുമ്പ് എന്ന പോലെയോ അണയാൻ പോകുന്നതിരി ആളിക്കത്തുന്നത് പോലെയോ ഒക്കെയാവില്ലേ പ്രായമായവരിലെ ഇങ്ങനെയുള്ള ബന്ധങ്ങൾ ?
പുറമെ സമ്മതിക്കില്ല എങ്കിൽ പോലും പുറമെ എതിർക്കുന്ന കപടസദാചാരവാദികളിൽ തന്നെ, അല്ലെങ്കിൽ സമൂഹത്തിലെ വിവാഹിതരിൽ ഭൂരിഭാഗം പേരിലും രഹസ്യമായി നിലനിൽക്കുന്നതും അങ്ങനെ കൂടുതൽ പേരിലും നിലനിൽക്കുന്നു എന്നുള്ളതൊരു പരസ്യമായ രഹസ്യവുമല്ലേ ?
ഇങ്ങനെയുള്ള ബന്ധങ്ങളിൽ ഉൾപ്പെടുന്ന കൂടുതൽ പേരും ആഗ്രഹിക്കുന്നത് ഒരു മാനസിക പിന്തുണ, അതായത് പരസ്പരം ദുഃഖങ്ങൾ കേൾക്കാനും പങ്ക് വെക്കാനും ആശ്വസിപ്പിക്കാനും ഒരാളെ..എന്തും പരസ്പരം പറയാൻ കഴിയുന്ന, എന്തിനും ഏതിനും കൂടെയുണ്ടാവുന്ന, ഏത് സന്തോഷങ്ങൾക്കും പങ്ക് ചേരുന്ന പൂർണ്ണമായും വിശ്വസിക്കാവുന്ന ഒരാളെ മാത്രമാവില്ലേ ? കാരണം ഒറ്റപ്പെടൽ എന്നുള്ളത് മനുഷ്ർക്ക് സഹിക്കാൻ കഴിയുന്ന ഒന്നല്ലല്ലോ.അത് ചിലപ്പോൾ അവരുടെ പരസ്പരമുള്ള സ്നേഹപൂർത്തീകരണത്തിന് വേണ്ടി മറ്റൊന്നിലേയ്ക്ക് കൂടി പോയേക്കാം എങ്കിലും ?
ആരോടും പറയാനാകാത്ത ദാമ്പത്യബന്ധങ്ങളിലെ ദുഖങ്ങളെ മനസ്സിട്ടൊതുക്കിയൊതുക്കിയുള്ളstress മൂലമുണ്ടാകുന്ന രോഗങ്ങളുമായി പ്രതീക്ഷകളറ്റ് മരണതുല്യംഅവർ ജീവിക്കണമെന്നാണോ ?
ആവോളം സ്നേഹിക്കാനും കൊതി തീരെ സ്നേഹിക്കപ്പെടാനും കഴിയാത്ത ജീവിതം എന്നത് നരകതുല്യമല്ലേ ?
ഇങ്ങനെയൊക്കെ ചിന്തിച്ചാൽ മറ്റാരെയും വേദനിപ്പിക്കാതെയുള്ള അവരുടെ സന്തോഷങ്ങൾക്ക് സമൂഹം ഇത്രത്തോളം വിലക്ക് കല്പിക്കേണ്ടതുണ്ടോ ? മറ്റൊരാളെ ബാധിക്കാതെയുള്ള അവരുടെ സന്തോഷങ്ങളെ സമൂഹമെന്തിന് എതിർക്കണം ?സ്വന്തം സന്തോഷങ്ങൾക്ക് വേണ്ടി സ്വന്തം കുഞ്ഞുങ്ങളെ വരെ ഉപേക്ഷിച്ചു പോകുന്ന, ആ സ്വാർത്ഥതയല്ല ഇവിടെ പറഞ്ഞത്. ആരെയും വേദനിപ്പിക്കാതെയുള്ള സ്വന്തം സന്തോഷങ്ങളെ മാത്രമാണ് ഉദ്ദേശിച്ചത്.
(ഈ പോസ്റ്റ് ഇട്ടു എന്ന് കരുതി ഞാൻ അതിനെ അനുകൂലിക്കുന്നു എന്ന് അർത്ഥമില്ല. എല്ലാവരുടെയും വിവിധ അഭിപ്രായങ്ങൾ അറിയുക എന്നതാണ് ഉദ്ദേശം.
അത് പോലെ ഈ പോസ്റ്റിന്റെ കമെന്റിൽ ഇതിനെ എതിർത്തു പറയുന്നവരെല്ലാം അങ്ങനെ ചെയ്യുന്നവരല്ല, നല്ലവരാണ് എന്ന് കരുതുന്നുമില്ല.
