രചന : ഗഫൂർകൊടിഞ്ഞി ✍️
ഉറക്കുത്തിയ പഴയ
കല്യാണ ആൽബത്തിന്
കൂറയും പാറ്റയും തിന്നു തീർത്ത
പഴമയുടെ പൂപ്പൽഗന്ധം.
പിഞ്ഞിയ പേജുകളിലെ
കാർമേഘക്കറുപ്പിൽ നിന്ന്
ഒളിഞ്ഞു നോക്കുന്നുണ്ട്
ഏതോ ചെങ്ങാത്തക്കണ്ണുകൾ
പ്രണയത്തിന്റെ ചില കടുംവർണ്ണങ്ങൾ
അപരിചിതത്വത്തിന്റെ
ഇരുണ്ട മാളങ്ങളിലിരുന്ന്
ഓർമ്മകളെ ധ്യാനിച്ചുണർത്തുമ്പോൾ
കുഷ്ഠം കവർന്ന ചിത്രങ്ങളിലൂടെ
ചിതലുതട്ടിയ ചുമരടയാളം പോലെ
എവിടെയോ കണ്ട് മറന്ന
ചില സൗഹൃദപ്പുഞ്ചിരികൾ.
ചിരപരിചിതത്വത്തിന്റെ
മംഗളാശംസകളുമായ്
ജീവൻ വെച്ച മുഖങ്ങൾ
പേജുകളിൽ നിന്നിറങ്ങി വന്ന്
ബന്ധങ്ങൾ പുതുക്കാൻ
വെമ്പൽ കൊള്ളുന്നു.
ജീവിതത്തിൽ നിന്ന് പിൻവാങ്ങിയ
ആ മുഖങ്ങളിലേക്ക് ഞാൻ
അവ്യക്തകളുടെ അങ്കലാപ്പുമായ്
സന്ദേഹത്തോടെ നോക്കുമ്പോൾ
ഉറക്കുത്തിയ ആൽബത്തിന്
വല്ലാത്തൊരു സുഗന്ധം !
