രചന : ഷീല സജീവൻ ✍️
പുലരൊളി മിന്നിത്തിളങ്ങുമെൻ പൂമുറ്റ-
ത്തലസമായെന്തോ നിനച്ചിരിക്കെ
കളകളം പാടുന്ന കിളികളും ചോദിച്ചു
കവിതകൾ മൂളാൻ മറന്നു പോയോ
മുല്ലയും തെച്ചിയും ചെമ്പനീർപൂവുമെൻ
പൂന്തോപ്പിൽ പൂത്തു വിടർന്ന നാളിൽ
മധു നുകരാൻ വന്ന മധുപനും ചോദിച്ചു
കരിവളയണിയാൻ മറന്നു പോയോ
ചന്ദന മണമോലുമന്നൊരു സന്ധ്യയിൽ
എന്തിനെന്നറിയാതെ നൊന്തു നിൽക്കേ
കുങ്കുമം ചാലിച്ച സൂര്യനും ചോദിച്ചു
അഞ്ജനമെഴുതാൻ മറന്നുപോയോ
നറുമണം വീശി നിശാഗന്ധി പൂത്തൊരാ
നിദ്രാവിഹീനമാം രാത്രിയൊന്നിൽ
നറുനിലാവെന്നോട് സരസമായ് ചോദിച്ചു
വരമഞ്ഞളണിയാൻ മറന്നു പോയോ
കുളിർകാറ്റ് തഴുകിയ തളിർമരച്ചില്ലകൾ
താളത്തിലാടിത്തളർന്നു നിൽക്കേ
പ്രണയാർദ്രമെന്നോട് പല കുറി ചോദിച്ചു
കൊലുസ്സുകളണിയാൻ മറന്നു പോയോ
ഒരുനിലക്കണ്ണാടി തന്നിലെൻ പ്രതിരൂപം
ഒരുമാത്ര വെറുതെ ഞാൻ നോക്കിനിൽക്കേ
വെറുതേ നിറയുമെൻ മിഴികളും ചോദിച്ചു
ചമയങ്ങളെല്ലാം മറന്നു പോയോ