രചന : ലാൽച്ചന്ദ് മക്രേരി✍️
അന്ധനും ബധിരനും മൂകനുമായുള്ളോർ –
ഇന്നീ പ്രപഞ്ചത്തിൽ ഭാഗ്യമുള്ളോരവർ.
ഹൃദയവും മനസ്സും തകർക്കുമാ കാഴ്ചകളും
അതുപോലെ കേൾക്കുമാ വാർത്തകളും പോലെ –
പ്രതികരിക്കാനായി ശബ്ദമുയർത്താനായ് –
സാധിക്കാത്തൊരാ തടവറ പോലൊരു ..,
ജീവിതമാണല്ലോ ഇന്നിൻ്റെ ജീവിതം.
അധികാരത്തിൻ്റെ ഏകാധിപത്യവും
പണാധിപത്യത്തിൻ സർവ്വാധിപത്യവും
ജാതീയതയുടെ വികലമാം കാഴ്ചകളും –
ലഹരിതൻ കൊടിയോരു ഭീകരതയുമൊക്കെ…
നടമാടുന്നോരീ നെറികെട്ട കാലത്തിൽ ,
കാഴ്ചയും കേൾവിയും ശബ്ദവുമുള്ളോരാ –
ഓരോ മനുജനും ഇന്നീ മന്നിലായ്
കണ്ടിട്ടും കാണാതേ , കേട്ടിട്ടും കേൾക്കാതേ ,
ശബ്ദമതൊന്നതുയർത്തുവാനാവാതേ,
നിസ്സഹായനായായി ജീവിതം തീർക്കുന്ന
സർവ്വവികാരവും തിരിച്ചറിയുന്നോരാ –
മർത്ത്യരവരേക്കാൾ ഭാഗ്യമുള്ളോരല്ലോ –
ഇന്നിൻ്റെ തെറ്റുകൾ കാണാനും കേൾക്കാനും..
സാധിക്കാതായി ജീവിച്ചിടുന്നോരാ –
നൻമകൾമാത്രം ചിന്തിച്ചായ് ജീവിക്കും
അന്ധബധിരമൂകരായുള്ളോർ .