അത്തപ്പൂക്കളമിട്ടു നല്ല
ചെത്തിപ്പൂക്കളുമൊന്നിച്ച്
അന്നേരത്തമ്മ പറഞ്ഞു
” നമ്മൾക്കോണം വന്നല്ലൊ!”
ചിത്തിരനാളിൽ പൂക്കളമിട്ടു
മത്തപ്പൂക്കളുമൊന്നിച്ച്
ചിത്തത്തിൽ നിന്നാരൊ തുള്ളി
മുത്തംകവിളിൽ വച്ചല്ലൊ
ചോതിപ്പൂക്കളമിട്ടു നല്ല
ചുവപ്പു പൂക്കൾ നിരത്തീട്ട്
ചോദിച്ചാരൊ ഇന്നെന്തിത്രേം
ചോരത്തിളപ്പു വന്നെന്ന് !
കാശിനു വാങ്ങിയ പൂവുകളാൽ
വിശാഖത്തിൽ കളമിട്ടു
കാശിത്തുമ്പ കൊണ്ടതിനുളളിൽ
കാന്തി ചൊരിയും പൊട്ടിട്ടു
അനിഴത്തിൽ കളമിട്ടല്ലൊ
ആമ്പൽപൂക്കളും ചേർത്തിട്ട്
ആരതി പോലെ ശോഭ തൂകി
അന്നു മന്ദിരാങ്കണം !
പൂരാടത്തിൻ പൂക്കളം കണ്ടു
പൂന്തിങ്കളൊന്നു കണക്കെ
പുലർവെയിൽനാളം വന്നിട്ടപ്പോൾ
പുണർന്നിടുന്നു മെല്ലെ
ഉത്രാടപ്പൂക്കള മെത്ര
ഉത്തമകാന്തി വിതറി
ഉല്ലസിച്ചു തെന്നൽ പോലു
മൂഞ്ഞാലാടി വന്നു
തിരുവോണത്തിൽ പ്പൂക്കളത്തിൽ
ഓമനപ്പൂക്കളെല്ലാം
നിറച്ചുവച്ചലങ്കരിച്ചു
നിവർന്നുനില്ക്കുന്നേരം
പടികടന്നു വരുന്നതാ
പൊന്നുമാവേലിത്തമ്പുരാൻ !

എംപി ശ്രീകുമാർ

By ivayana