ചിങ്ങത്തോണിയിലേറിക്കൊണ്ടീ-
നിറപുത്തരിയുണ്ണാൻ വായോ,
നല്ലോർമ്മകൾ പൂത്തിരിയായ്
ഇടനെഞ്ചിൽ കുമിയുന്നേ…..
സ്വപ്നങ്ങൾ മാനസമുറ്റ-
ത്തോണപ്പൂക്കളമെഴുതുന്നേ…..
ആർപ്പുവിളിയ്ക്കാം, കുരവയിടാം
ഓണത്തപ്പനെ വരവേല്ക്കാം, !
മുക്കുറ്റി, തുമ്പകളൊക്കെ
തുടികൊട്ടിപ്പാടുകയായ്.
പൂത്തുമ്പികൾ രാഗം മൂളി
പൂഞ്ചിറകുകൾ വീശുകയായ്.
പൂക്കൂട കഴുത്തിൽ തൂക്കി
പൂപ്പാട്ടുകൾ പാടി നടക്കാം.
പൂ നുള്ളി തൊടികളിലങ്ങും
മോദത്തോടോടിനടക്കാം.
ദുരിതങ്ങൾക്കില്ലൊരു പഞ്ഞം,
ദുഃഖങ്ങൾക്കറുതിയുമില്ല.
വറുതിയ്ക്കില്ലൊരു ദാരിദ്യം,
വ്യാധിയ്ക്കും കുറവില്ലാക്കും.
ഒരു പുത്തൻ ചേലയുടുക്കാൻ
പൊന്നോണക്കാലം വേണം.
ഉള്ളുതുറന്നാടിപ്പാടാ-
നോണത്തെ വരവേല്ക്കേണം.
എന്നാലും കാണം വിറ്റി-
ട്ടോണം നാമുണ്ണണമല്ലോ!
കഥയെല്ലാം വഴിമാറുകയായ്
കാവുകളിൽ പൂ വിരിയാതായ്.
പൂ നുള്ളും പാട്ടുകളില്ല,
പൊന്നോണക്കാഴ്ചകളില്ല,
പൊന്നൂഞ്ഞാലാട്ടവുമില്ല,
പൊന്നോണക്കളികളുമില്ല.
പുലികളിയും തിരുവാതിരയും
കാണാനായ് മാളിൽ പോണം.
പൊന്നോണപ്പൂക്കളമെഴുതാൻ
പൂച്ചന്ത നിരങ്ങീടേണം.
സെൽഫിയ്ക്കായുള്ള തിരക്കിൽ
സദ്യയതും ഡെലിവറിയായ്.
മാവേലിത്തമ്പ്രാനെങ്ങാൻ
വന്നാലായ് വീടുകൾ തോറും!
എന്നാലും കാണം വിറ്റി-
ട്ടോണം നാമുണ്ണണമല്ലോ!
✍️

By ivayana