രചന : ടി.എം. നവാസ് വളാഞ്ചേരി ✍️
നൻമ പൂക്കും നാളിൻ്റെ നല്ലോർമകളുമായി ഒരു നല്ലോണം കൂടി .
ഒന്നിച്ചു നിൽക്കാൻ പഠിപ്പിച്ചൊരോണം
ഒന്നാണ് നാമെന്ന് ചൊല്ലിയൊരോണം
ഒരുമ തൻ പെരുമയെ അറിയിച്ചൊരോണം
സ്നേഹത്തിൻ പെരുമഴ പെയ്ത്തായൊരോണം
എള്ളോളം പൊള്ളില്ല നാടിൻ്റെ നൻമ
ചൊല്ലി പറഞ്ഞു വിരുന്നെത്തി ഓണം
സദ്യതൻ രുചിയത് നുകരുമ്പോൾ ചൊല്ലി
ഒന്നല്ല പലവക ചേരുന്ന ഭംഗി
പൂക്കളം തീർക്കുമ്പോ വീണ്ടുമത് ചൊല്ലി
വർണത്തിൽ ചാലിച്ച നാടിതിൻ ഭംഗി
ചേർന്നൊന്നു നിൽക്കുവാൻ ചേർത്തുപിടിച്ചിടാൻ
മാനുഷരെല്ലാരുമൊന്നെന്നു ചൊല്ലുവാൻ
എത്തുന്നു മാവേലി മന്നനീമണ്ണിതിൽ
ആണ്ടതു തോറുമീ ദൈവത്തിൻ നാടിതിൽ.
