രചന : ഷാജി പേടികുളം ✍
അവൾ വെള്ളിയാഴ്ചകളിൽ
ദേവീക്ഷേത്തിൽ പൊങ്കാലയിട്ടു പ്രാർഥിച്ചിരുന്നു.
ദാരിദ്ര്യത്തിനിടയിലും
തന്നാൽക്കഴിയുന്നതൊക്കെ
അവൾ ദേവിക്കു സമർപ്പിച്ചിരുന്നു.
സമൂഹം വല്ലതും കഴിച്ചോ
എന്നവളോട് ചോദിച്ചിരുന്നില്ല.
അവളുടെ കഷ്ടപ്പാടുകളിൽ
ആളുകൾ സഹതപിച്ചിരുന്നു.
സഹായ ഹസ്തവുമായി
ആരും കടന്നു ചെന്നില്ല.
പ്രാർഥനയുടെ ഫലമാകാം
അഡ്വൈസ് മെമ്മോ
ഒപ്പിട്ടു വാങ്ങുമ്പോൾ
അഹ്ലാദം കൊണ്ടവൾ തുള്ളിച്ചാടി
അവൾ ദേവീ സന്നിധിയിലേയ്ക്കോടി
അമ്മയുടെ മുന്നിൽ നിന്നു കരഞ്ഞു
ഒരു കുളിർ കാറ്റവളെ തഴുകി
വല്ലാത്തൊരനുഭുതി തോന്നി
സന്തോഷത്തോടെ അവൾ
വീട്ടിലെത്തി എല്ലാവരും സന്തോഷിച്ചു.
ഗതിയും പരഗതിയുമില്ലാത്തവരെ
സമൂഹവും കൈവിടും
നിവൃത്തിയുള്ളവരോടൊപ്പം
കുശലമന്വേഷിച്ചെത്തും സമൂഹം
ഈ സമൂഹത്തേക്കാളുത്തമം
ആ ദേവാലയത്തിലെ അമ്മയല്ലേ
അവളുടെ സങ്കടങ്ങൾ കേട്ട
ആശ്വസിപ്പിച്ച ആ അമ്മയേക്കാൾ
വലുതല്ലല്ലോ അവൾക്കീ സമൂഹം.
കുറ്റവും കുറവും കാണുന്ന മിഴികളും
രോദനം കേൾക്കാത്ത കാതുകളും
താങ്ങാകാത്ത കൈകളും
കരുണയില്ലാത്ത ഹൃദയവുമുള്ള
ഈ സമൂഹത്തെക്കാൾ എനിക്കിഷ്ടം
ഹൃദയമുള്ള കല്ലുകൊണ്ടുണ്ടാക്കിയ
ആ അമ്മയെത്തന്നെയാണ്.
