വീട്ടകം
മാറുന്ന കാലത്തിന്റെ
മാറാപ്പിനുള്ളിലെന്തു
മായയാണുള്ളതെന്ന
മാലുമായിരിക്കവേ
മാറ്റത്തിൻ വക്കിൽനിൽപ്പൂ
മാനുഷരെല്ലാമിന്ന്
മറ്റൊരുരോഗത്തിന്റെ
മാറ്റൊലി കാതോർത്തിന്ന്

വീടാകും ലോകത്തിന്റെ
വാതിലിൽ വന്നുനിന്നു
വീണ്ടെടുക്കാത്ത നന്മ
വീതിക്കാൻശ്രമിക്കുമ്പോൾ
വീഴ്ചകൾ മറന്നൊരാ
വാഴ്ചതൻ കാരണത്താൽ
വീണുകിടക്കും ശോക
വിതുമ്പൽ മാത്രംകേൾക്കാം

നീളുന്ന വീട്ടുവാസ
നിദ്രയും നിശ്വാസവും
നാളുകളെണ്ണിയെണ്ണി
നാഡികൾ തളർത്തവേ
നാലാളുകൂടുന്നിടം
നാലടി ദൂരത്തിന്റെ
നാലതിർ തീർക്കുന്നത്
നാടിനു രക്ഷയാകും

സൂക്ഷ്മത കുറഞ്ഞെന്ന
സൂചന കണ്ടാലതി
സൂക്ഷ്മമാംഅണുക്കളാ
സൂത്രത്തിൽപ്രവേശിക്കാം
സാധ്യമാകുന്നവിധം
സാമീപ്യം കുറച്ചെന്നാൽ
സാധ്യമായിടുംനാളെ
സാഫല്യ സാക്ഷാത്ക്കാരം
രചന: പ്രഭാമഞ്ചേരി 

By ivayana