രചന : സ്മിത സൈലേഷ് ✍
ഏഴാമത്തെ കല്പടവിൽ
വെച്ച് എനിക്ക് പ്രണയത്തിന്റെ
വെളിപാടുണ്ടായി
തുടർന്നങ്ങോട്ട്
കൽപ്പടവുകളുണ്ടായിരുന്നില്ല
അനന്തശൂന്യത
എന്റെ മുടിയിഴകൾ
നീലയാമ്പൽ പൂക്കളുടെ
വേരുകളായി..
എനിക്ക് ചുറ്റും
അസ്തമയങ്ങൾ
തളം കെട്ടി കിടന്നു
ഞാൻ കവിത പോലെ
വിഷാദപൂർണ്ണമായ
പൂക്കളെ വിടർത്തി
എന്റെ എല്ലാ പ്രാണ
രന്ധ്രങ്ങളിലും
കാട്ടുവേനൽ മണമുള്ള
കവിതകൾ പൊടിച്ചു
എന്റെ സ്ഥലകാലങ്ങളെല്ലാം
ജലരാശിയിലേക്കു ചേക്കേറി
ഞാൻ ജലോപരിതലത്തിൽ
പടർന്നു പന്തലിച്ചു കിടന്നു..
എന്റെ കണ്ണിൽ
ജീവിച്ചിരുന്നപ്പോഴെന്നപോലെ
ചുവന്ന പൂക്കളുടെ
സ്വപ്നത്തിന്റെ പൊടിപുരണ്ടു
ഞാൻ ജീവനുള്ളവളെപ്പോലെ കരഞ്ഞു..
എനിക്ക് ഗ്രീഷ്‌മത്താൽ
പ്രണയിക്കപ്പെടാൻ തോന്നി
എന്റെ നാവിൽ
നിലാവ് തിണർത്തു കിടന്നു
എനിക്കതിനെ തുപ്പിക്കളയണം..
പൊള്ളി കരിഞ്ഞു
അടർന്നു പോവണം..
എന്റെ ഉടലിലെ
ജലരാശികളെ
ഉരിഞ്ഞു കളയണം
എനിക്ക് വേനലിലേക്ക്
വിമുക്തമാവണം..
നോക്കൂ എന്റെ വേരുകൾ
കടലിലേക്ക്
കെട്ടു പിണഞ്ഞിരിക്കുന്നു..
ഇന്ന് വൈന്നേരമെങ്കിലും .
അസ്തമയ സൂര്യൻ
എന്റെ ഹൃദയത്തിലേക്ക്
കാൽ വഴുതിവീഴും..
നാളെ ഞാൻ സൂര്യനുമായി
ഇണ ചേരും…
എന്റെ അടിവയറ്റിൽ
വേനലിന്റെ കവിത ചുവക്കും
പൊള്ളും..
എന്റെ അടിവയറ്റിൽ നിന്നും
സൂര്യനെ ഞാൻ കെട്ടഴിച്ചു വിടില്ല..
നാളെ മുതൽ
പകൽ ഉണ്ടാവുകയില്ല..