രചന : സാബി തെക്കേപ്പുറം ✍
നബിദിനായ്ക്ക്ണോലോ…
“പാനൂസിനെക്കുറിച്ചോർക്കാതെ ഏത് നബിദിനമാണ് കടന്നുപോയിട്ടുള്ളത്???”
പണ്ട്, മോൻ കുഞ്ഞായിരുന്നപ്പോൾ ഞാനിതേ ഡയലോഗടിച്ചപ്പോ, ഓൻ ചോദിക്ക്യാ…
“ആരാ പാനൂസ്??
ങ്ങളെ പഴേ ലൈനേയ്നോ…ന്ന്”
(വിത്തുഗുണം പത്തുഗുണം😜)
ഞാൻ ചിരിക്കണോ കരയണോ…ന്നറിയാണ്ട് ബ്ലിങ്കിക്കൊണ്ട് നിൽക്കുമ്പം, ഓന്റുപ്പ കേറിയങ്ങ് എടപെട്ടു
“കുരുത്തം കെട്ടോനേ…
പാനൂസ് ന്ന് പറഞ്ഞാ മനുഷ്യനല്ല, കുറെ ജ്യാമീതിയ രൂപങ്ങൾ ചേർത്തുകൊണ്ട് ഉണ്ടാക്കി, വർണക്കടലാസ് ഒട്ടിച്ച് മനോഹരമാക്കിയ ഒരു അലങ്കാര വസ്തുവാണ്…”
ഒന്നാം ക്ലാസ്സിൽ പഠിക്കണ ചെക്കനെന്ത് ജ്യാമീതിയ രൂപം?
ഓൻ കണ്ണുംമിഴിച്ച് ഉപ്പാന്റെ മോത്തേക്കുംനോക്കി നിൽപ്പായി.
ഓനെപ്പോലെ “പാനൂസ്” എന്താണെന്ന് അറിയാത്തോര് ഇപ്പളുംണ്ടാവും ല്ലേ???
ണ്ടാവും, ഇപ്പളത്തെ കുട്ട്യാള് പാനൂസ് കണ്ടത് പോയിട്ട് കേട്ടിട്ടുപോലും ണ്ടാവൂലാ…
ഹാജ്യാരെ പച്ചക്കറിപ്പീട്യേലാണ് ആദ്യം ഓട (വണ്ണം കുറഞ്ഞ മുള)യെത്തുക.
ചെറിയ ഓട മുതൽ നല്ല നീളമുള്ള ഓട വരെയുണ്ടാവും. ഓടകളൊക്കേം ചൂടികൊണ്ട് ചേർത്തുകെട്ടി പീട്യക്ക് പുറത്ത് വെച്ചിട്ടുണ്ടാവും. അപ്പളാണ് നബിദിനം അടുത്തെന്ന് കുട്ട്യാൾക്കൊക്കെ മനസ്സിലാവാ…
“പന്ത്രണ്ടാം രാവ് ആവാനായ്ക്ക്ണ്. ഹാജ്യാരെ പീട്യേല് ഓട കൊണ്ടെന്ന് വെച്ച്ക്ക്ണ്…
പൈസ തെരീ…”
ന്നും പറഞ്ഞ് കുട്ട്യാളൊക്കെ വെല്ലിമ്മമാരുടെ കാച്ചിക്കോന്തലയും അതിനരികിൽ തൂങ്ങിയാടുന്ന മുത്തുകൊണ്ടുള്ള കീശയും പിടിച്ച് വലിച്ചുകൊണ്ട് പറയും.
“ന്നാ…
അര ഉർപ്യണ്ട്…
ചെറ്യേത് മേടിച്ചാമതി. ബെല്ലിപ്പ ബന്നിട്ട് രാത്രീല് പോയി ബല്യ ഓടേം ചോപ്പും പച്ചിം കർലാസും(വർണ്ണക്കടലാസ്) മേടിക്ക്യാ…
ഇപ്പൊ ദ് മതി “
വെറുപ്പിക്കൽ സഹിക്കാൻ പറ്റാതാവുമ്പോ വെല്ലിമ്മ കോന്തലക്കൽ തൂങ്ങിയാടുന്ന കീശ തുറന്ന് നാണയമെടുത്ത് കയ്യിൽത്തരും…
“യീ…ഹാ…”
സ്വർഗം കിട്ടിയ സന്തോഷത്തോടെ ഓരോട്ടമാണ്…
ഹാജ്യാരുടെ പീട്യക്ക് മുൻപിലെത്തിയേ ആ ഓട്ടം നിൽക്കുള്ളൂ…
“ഓടേം പിന്നെ, ചോപ്പ്, പച്ച, മഞ്ഞ, വെള്ള, സുറുമ (നീല നിറത്തിന് ഞങ്ങള് പണ്ട് സുറുമ ന്നേയ്‌നും പറയാ…) കടലാസും കെട്ടാന്ള്ള നൂലുമ്മേണം.”
ഒറ്റശ്വാസത്തിൽ പറഞ്ഞിട്ടൊരു നിൽപ്പുണ്ട്.
“കയ്യില് കായെത്തറണ്ട്???”
ഹാജ്യാര് കണ്ണുരുട്ടിക്കൊണ്ട് ചോദിക്കും.
“അയ്മ്പീസ…”
(അരയുറുപ്യനെക്കാളും ഏട്ടണയെക്കാളും വലുതാണ് അമ്പത് പൈസാന്നേയ്‌നും അന്ന് കരുതീത് 😜)
“എട്ടണക്ക് ഈ പീട്യേങ്കൂടി അനക്ക് കച്ചോടാക്കാ… എന്തേയ്???”
വെല്ലിപ്പാന്റെ ചങ്ക് ചെങ്ങായികൂടിയായ ഹാജ്യാര് കുലുങ്ങിച്ചിരിച്ചോണ്ട് പറയും.
“എട്ടണയല്ല്യാ…
അയ്മ്പീസണ്ട്…”
കാര്യം മനസ്സിലാവാതെ ഞാനും തർക്കിക്കും.
“കൊണ്ടേയ്ക്കോ…
കായി ഞമ്മളെ ചെങ്ങായ്നോട് മേടിച്ചോളാ…
അയ്മ്പീസ്ക്ക് മുട്ടായി മേടിച്ച് തിന്നോ…” ന്നും പറഞ്ഞ് പൈസ തിരികെത്തന്ന്, ചെറിയ രണ്ട് ഓടകളും അഞ്ചാറ് വർണക്കടലാസുകളും ഉണ്ടനൂലും ഒക്കെക്കൂടി ഹാജ്യാര് കയ്യിലേക്ക് വെച്ചുതരും.
പിന്നെ എളാപ്പ വരാനുള്ള കാത്തിരിപ്പാണ്.
എന്റെ കുരുത്തക്കേടുകൾക്കൊക്കേം വളംവെച്ച് തരുന്നയാളാണ് എളാപ്പ.
എഴ്ത്യോ? വായിച്ചോ? പഠിച്ചോ? തിന്നോ? ന്നൊക്കെ ചോദിക്കയല്ലാണ്ട്, ഇമ്മാതിരി അൽക്കുൽത്ത് പരിപാടിക്കൊന്നും കൂടെ നിക്കാണ്ട്, “നഫ്സി നഫ്സീ യാ നഫ്സീ..” ന്നും പറഞ്ഞ് നടക്ക്ണ ഉപ്പാക്ക് പാനൂസ്ണ്ടാക്കലും നബിദിനം ആഘോഷിക്കലുമൊന്നും പണ്ടേ ഇഷ്ടല്യാത്തതാണ്.
വെല്ലിപ്പ കമ്മ്യൂണിസ്റ്റ് ആണെങ്കിലും, മക്കളുടെ സന്തോഷത്തിന് വേണ്ടി നബിദിനത്തിന് പാനൂസുണ്ടാക്കാനും വീട് അലങ്കരിക്കാനുമൊക്കെ കൂടുമെന്നല്ലാതെ, അന്നേദിവസം വീട്ടീന്ന് ഭക്ഷണംപോലും കഴിക്കാറില്ല.
അതുകൊണ്ട് മുഴുവൻ പ്രതീക്ഷയും എളാപ്പയിലാണ്.
എളാപ്പയുടെ ടോർച്ചിന്റെ വെട്ടം കാണുമ്പളേ ഞാനോടി മുറ്റത്തിറങ്ങും.
“പന്ത്രണ്ടാംരാവാവാനായ്ക്ക്ണ്…
പാനൂസ്ണ്ടാക്കണം..
നക്ഷത്രം മേണം.
ചങ്ങലക്കൊളുത്ത്ണ്ടാക്കണം… അയിന്ള്ള
സാധനൊക്കെ ഞാമ്പോയി മേടിച്ച് കൊണ്ടോന്ന്ക്ക്ണ്…”
വീട്ടിൽക്കേറാൻ നേരംകൊടുക്കാതെ എളാപ്പയോട് അത് പറഞ്ഞ് തീർന്നാലേ പാതി സമാധാനാവുള്ളൂ.
പണികഴിഞ്ഞ് ക്ഷീണിച്ച് വരാണെങ്കിലും അതിന്റെ മുഷിച്ചിലൊന്നും കാട്ടാണ്ട് എളാപ്പ കോലായിലേക്ക് കേറി, ഞാനെടുത്ത് വെച്ച സാധനങ്ങളിലേക്ക് നോക്കും
“ദ് പോരാലോ…
ബല്യ പാനൂസും ചെറ്യേ പാനൂസും ബല്യ നക്ഷത്രോം ചെറ്യേ നക്ഷത്രോം ഒക്കെണ്ടാക്കണ്ടേ?
ദ് തെകയൂലാ….
യ്യ് ബാ…
പോയി ബാക്കിങ്കൂടി മേടിച്ച് വരാ…”
അകത്തേക്ക് കേറാതെ, ഒരിറ്റ് വെള്ളംപോലും കുടിക്കാതെ, എളാപ്പ എന്നേംകൂട്ടി ഹാജ്യാരുടെ പീട്യേലേക്ക്…
എന്നും കഥപറഞ്ഞുതന്ന് ചോറുവാരിത്തരുന്ന ഉമ്മയെ കാത്തുനിൽക്കാതെ അന്ന് രാത്രീൽ ചോറൊക്കെ “ടപ്പേ” ന്ന് വാരിത്തിന്ന് പടാപ്പുറത്തെ ബെഞ്ചിൽ ചെന്നിരിക്കും.
എളാപ്പ തിന്നുകഴിഞ്ഞ് വന്നിട്ടേ പാനൂസിന്റെ പണി തുടങ്ങുള്ളൂ…
ഓട നീളത്തിൽ മുറിച്ച്, പലപല കഷണങ്ങളാക്കും
ന്നിട്ട് നൂലുകൊണ്ട് ചേർത്തുകെട്ടി പെട്ടിക്കള്ള്യാളും അരക്കള്ള്യാളും ണ്ടാക്കും (സമചതുരം, ത്രികോണം ന്നൊക്ക്യാ അതിന് പറയാന്നൊന്നും അന്ന് അറിയൂലല്ലോ…😜)
അതൊക്കെ പാകത്തിൽ ചേർത്തുവെച്ച് പാനൂസിന്റെ ചട്ടക്കൂട് (ഫ്രെയിം) ണ്ടാക്കും.
“ഞ്ഞെപ്പളാ കടലാസൊട്ടിക്ക്യാ??”
“കർലാസ് പൈനൊന്നാം രാവ്ന് ഒട്ടിക്ക്യോള്ളൂ…
യ്യ് പോയി ഒറങ്ങൂട്…” ന്നും പറഞ്ഞ്, വെല്ലിമ്മയെന്നെ ഓടിച്ചുവിടും.
ഉറങ്ങാൻ കിടന്നാലും മനസ്സുനിറയെ പാനൂസായിരിക്കും.
കയ്യിലൊതുങ്ങുന്ന കുഞ്ഞു പാനൂസ് മുതൽ ബഡാബന്തർ പാനൂസ് വരെ അഞ്ചാറെണ്ണം കണ്മുന്നിലങ്ങനെ നിരന്നുനിൽപ്പുണ്ടാകും….
അതുകഴിഞ്ഞ് പലവലിപ്പത്തിലുള്ള നക്ഷത്രങ്ങൾ…
കോലായിന്റെ ഒരറ്റം മുതൽ മറ്റേയറ്റം വരെ തൂണുകൾക്കിടയിൽ ഞാന്നുകിടക്കുന്ന വർണശബളമായ ചങ്ങലകൊളുത്തുകൾ…
അതെ…
നബിദിനമെന്നാൽ മനസ്സിലേക്ക് ആദ്യം ഓടിയെത്തുക ഈ വർണപ്പൊലിമ തന്നെയാണ്.
അറബിമാസത്തിലെ മൂന്നാംമാസമാണ് റബീഉൽ അവ്വൽ. ആ മാസം 12 ആം രാവിനാണ് നബിദിനം.
അന്ന് വൈകുന്നേരം മുതൽക്കേ വീടുകളുടെ കോലായകൾ പാനൂസുകളും നക്ഷത്രങ്ങളും കൊണ്ട് നിറയും.
അതിന്റെ ഭംഗി കാണണമെങ്കിൽ നേരമിരുട്ടണം…
മഗ്‌രിബ് ബാങ്ക് കൊടുത്ത് കഴിഞ്ഞാൽ പുറത്തെ വിളക്കുകളൊക്കെ കെടുത്തിക്കളയും.
കോലായിൽ നിരനിരയായ് തൂങ്ങുന്ന പാനൂസുകൾക്കും നക്ഷത്രങ്ങൾക്കും ഉള്ളിൽ കത്തിച്ചുവെച്ച “സമ” (മെഴുകുതിരി) യുടെ പ്രകാശത്തിൽ പലവിധ വർണങ്ങൾ ചേർന്ന് മുറ്റമാകെ മഴവില്ലുവിരിഞ്ഞപോലെ തോന്നും.
വലിയ പാനൂസുകൾക്കകത്ത് ഇലക്ട്രിക് ബൾബുകളും വെക്കാറുണ്ട്.
മഗ്‌രിബ് നിസ്കാരം കഴിഞ്ഞാൽ അയൽ വീടുകളിലേക്കുള്ള “പാനൂസ് കാണാമ്പോക്ക് ” തുടങ്ങും.
കൽമേയ്ത്താത്തന്റവ്ടെ..
ആയിശ്യാത്തന്റവ്ടെ…
ഇമ്മാച്ച്യാത്തന്റവ്ടെ…
അങ്ങനെ ഓരോ വീട്ടിലെയും വെല്ലിമ്മമാരുടെ പേരും പറഞ്ഞോണ്ട് വീടുവീടാന്തരം കേറിയിറങ്ങി പന്ത്രണ്ടാം രാവിലെ അതൃപ്പക്കാഴ്ചകൾ കാണും…
ഇമ്മാച്ച്യാത്തന്റെ പൊരേലാണ് വറൈറ്റി പാനൂസുകള്ണ്ടാവാ…
തിരിപ്പാനൂസ്
ചക്കച്ചൊള പാനൂസ്
അങ്ങനെയങ്ങനെ
ഉണ്ടാക്കാനിത്തിരി പ്രയാസംള്ള പാനൂസുകൾ അവടെണ്ടാവും.
വെള്ളനിറത്തിലുള്ള തിരിപ്പാനൂസ് നിർത്താതെ തിരിഞ്ഞുകൊണ്ടിരിക്കും. അതിന്റെ ഉള്ളിലുള്ള കടലാസിൽ ചന്ദനത്തിരികൊണ്ട് കുത്തുകളിട്ട് പലപല രൂപങ്ങൾ വരച്ചുചേർത്തിട്ടുണ്ടാവും.
ഉള്ളിൽ വിളക്ക് കത്തിക്കുമ്പോൾ, ഈ രൂപങ്ങളൊക്കെ കറങ്ങിക്കറങ്ങി ഓടിക്കൊണ്ടിരിക്കും…
കാണാൻ നല്ല രസമാണ്.
വയസ്സായവരൊക്കെ ഇതിന് “മീമ്പാച്ചല്” ന്നാണ് പറയാട്ടോ…
നബിദിനവുമായി ബന്ധപ്പെട്ട് എല്ലാ ‘സുന്നി’ വീടുകളിലും ഇങ്ങനെ പാനൂസും ചീരണിയും (പായസംപോലെയുള്ള പ്രത്യേക വിഭവം – പാലായ്ക്ക, പയറ്റഞ്ഞി, മുല്ലപ്പൂക്കറി,…) ഉണ്ടാവും.
കൂടാതെ, മിക്ക വീടുകളിലും “മൗലൂദും”(മുഹമ്മദ് നബിയെ വാഴ്ത്തിക്കൊണ്ടുള്ള പ്രകീർത്തനങ്ങൾ) ഉണ്ടാവും.
“യാ റബ്ബി സ്വല്ലി അലന്നബിയ്യി മുഹമ്മദീ…
മുൻജിൽ ഹലായിക്ക മിൻ ജഹന്നമ ഫീ അദീ…”
മൊല്ലാക്കമാരും വീട്ടിലെ ആണുങ്ങളും ചേർന്ന് ഉച്ചത്തിൽ ചൊല്ലുന്ന മൗലൂദിന്റെ മാറിമാറി വരുന്ന ഈണങ്ങൾ രാത്രികൾക്ക് ഉണർവ്വേകും…
ഓരോ വീട്ടിലും വെവ്വേറെ ദിവസങ്ങളിലാണ് മൗലൂദുണ്ടാവുക…
അയൽക്കാരെയൊക്കെ ക്ഷണിക്കും.
ചെറുപ്പത്തിൽ വെല്ലിമ്മേടെ കൈയുംപിടിച്ച് അയൽ വീടുകളിലെ എത്രയെത്ര മൗലൂദുകൾക്ക് ഞാൻ പോയിട്ടുണ്ടെന്നോ…
വരികളുടെ അർത്ഥമൊന്നും മനസ്സിലാവില്ലെങ്കിലും, ചീരണിയും നല്ല ചൂടുള്ള ബിരിയാണിയും എരിവുള്ള കാവയും പിന്നെ, കൂട്ടുകാർക്കൊപ്പമിരുന്ന് മൗലൂദ് ചൊല്ലലുമൊക്കെ അന്ന് ഏറെ ഹരമായിരുന്നു.
വെല്ലിപ്പ കമ്മ്യൂണിസ്റ്റ് ആണെങ്കിലും വീട്ടിൽ മൗലൂദ് കഴിക്കുന്നതിന് തടസ്സമൊന്നും നിന്നിരുന്നില്ല. അതിനൊരു കാരണമുണ്ട്.
വെല്ലിമ്മയുടെ ഉമ്മ മരിക്കണേയ്നും മുമ്പേ വെല്ലിപ്പയെക്കൊണ്ട് സമ്മതിപ്പിച്ചതാണത്രെ വെല്ലിമ്മ മരിക്കുംവരെ വീട്ടിൽ മൗലൂദ് നടത്താൻ…
അതോണ്ട്, മൗലൂദിന്റെയന്ന് രാവിലെ പോയാൽ പിന്നെ പാതിരാ കഴിഞ്ഞേ വെല്ലിപ്പ വന്നിരുന്നുള്ളൂ.
അന്നും പിറ്റേന്നും വീട്ടിലുണ്ടാക്കിയതൊന്നും കഴിക്കാറുമില്ലായിരുന്നു.
വെല്ലിപ്പ മരിച്ചിട്ട് പതിനഞ്ച് കൊല്ലായി…
വെല്ലിമ്മ മരിച്ചിട്ട് ആറും…
ആറുകൊല്ലം മുമ്പുവരെ തറവാട്ടിൽ മൗലൂദ് നടത്തീക്ക്‌ണ്…
വീട്ടിൽ മൗലൂദ് നടക്കുമ്പോൾ ഞാൻ അവസാനമായി കൂടിയത് എന്റെ കല്യാണത്തിന്റെ തലേക്കൊല്ലമാണ്.
കല്യാണം കഴിഞ്ഞ് കുറച്ചുമാസം കഴിഞ്ഞപ്പോഴാണ് അക്കൊല്ലത്തെ നബിദിനം…
വീട്ടിൽ പതിവുപോലെ മൗലൂദിനുള്ള ഒരുക്കങ്ങൾ…
ഇന്നിവിടെ മൗലൂദുണ്ടെന്ന് പറയണോ പറയണ്ടേ..ന്ന് ശങ്കിച്ച് ഒടുക്കം മൂപ്പരോടത് പറഞ്ഞു.
“അഞ്ച് മണിയാവുമ്പോഴേക്കും ഒരുങ്ങിനിന്നോ…
ഒരിടത്തേക്ക് പോവാനുണ്ട്…” ന്നും പറഞ്ഞ് മൂപ്പര് പോയി.
നാലരയായിട്ടും ഞാനൊരുങ്ങീട്ടൊന്നുംല്ല്യ..
മൂപ്പരതാ നേരത്തെ വരണ്…
ന്നെ മൗലൂദിൽ പങ്കെടുപ്പിക്കാതെ അവിടുന്നും മാറ്റിനിർത്തണം. അതാണ് ഉദ്ദേശം…
ഞാൻ പലതുംപറഞ്ഞ് സ്കൂട്ടാവാൻ നോക്കിയെങ്കിലും മൂപ്പര് പിടിച്ചപിടിയാലെ നിൽപ്പാണ്.
ഒടുക്കം വെല്ലിമ്മ ഇടപെട്ടു ചോദിച്ചെങ്കിലും മൂപ്പരുടെ പിടിയയഞ്ഞില്ല.
“സാരല്ല്യ… യ്യ് പൊയ്ക്കോ…
കല്യാണം കയിഞ്ഞാപ്പിന്നെ പിയ്യാപ്ലാര് പറീണത് കേക്കലാ നല്ല പെങ്കുട്ട്യാള് ചെയ്യാ…
യ്യ് പോവൂട്…”
ഗദ്ഗദത്തോടെ വെല്ലിമ്മ പറഞ്ഞത് കേട്ട് കരച്ചിലോടെ ഞാൻ മാറ്റിയൊരുങ്ങി മൂപ്പർക്കൊപ്പമിറങ്ങി.
കുറേനേരം ബീച്ചിലിരുന്നു.
നല്ലൊരു ഹോട്ടലീന്ന് ഫുഡും കഴിച്ചു.
അപ്പോഴൊക്കെയും എന്റെ കണ്ണുകൾ നിറഞ്ഞൊഴുകിയിരുന്നു…
“മൗലായ സ്വല്ലിവസൽ
ലിന്താഇ മൻ അബദാ …”
മൗലൂദിന്റെ ഈരടികൾ അകലെയെവിടെയോ നിന്നും എന്റെ ചെവികളിൽവന്ന് അലയടിക്കുന്നു…
എന്റെ കണ്ണീരും ഫുഡ് കഴിക്കായ്കയും കണ്ട് പാവം തോന്നിയിട്ടോ എന്തോ, സംഗം തിയേറ്ററിൽ സെക്കന്റ് ഷോ കാണാനാണ് നേരെ കൊണ്ടുപോയത്…
(ചിലപ്പോ എന്റെ വിഷമം മാറ്റാൻ വേണ്ടീട്ടാവും കോമഡി സിനിമക്ക് തന്നെ കൊണ്ടോയത്…😊)
വീട്ടിൽ മൗലൂദ് മുറുകുമ്പോൾ, ഞാനിവിടെ സിനിമ കാണാൻ…
ആകപ്പാടെ സങ്കടോം ചങ്കിടിപ്പും …
കോമഡി സിനിമ കണ്ടുകൊണ്ട് ഏങ്ങിക്കരഞ്ഞ ആദ്യത്തെയും അവസാനത്തെയും അനുഭവവും അതായിരുന്നു….
പിന്നെയും നബിദിനങ്ങൾ പലതും കഴിഞ്ഞു.
മൗലൂദ് നടക്കുന്നതിനും രണ്ടുദിവസം മുൻപേ മൂപ്പര് എന്നെയും മോനെയും കൊണ്ട് മൂപ്പരുടെ വീട്ടിലേക്ക് പോവും..
തിരികെ വരുമ്പോഴേക്കും നബിദിനത്തിന്റെ പൊലിമകളൊക്കെ കഴിഞ്ഞിട്ടുണ്ടാവും…
അതുകൊണ്ട് മോന് പാനൂസും മൗലൂദുമൊക്കെ എന്തെന്ന് അറിയാതെയുമായി…
“ഇക്കൊല്ലത്തെ മൗലൂദിനും മോള്ണ്ടാവൂല… ല്ലേ… “
ന്ന് അയൽപക്കത്തെ പ്രായംചെന്ന സ്ത്രീകളൊക്കെ ചോദിക്കുമ്പോ വെല്ലിമ്മാന്റേം ഉമ്മാന്റേം കണ്ണുനിറയുന്നത് പലപ്പോഴും കണ്ടിട്ടുണ്ട്.
“ഞാൻ പ്രേമിച്ച് കെട്ടിയതൊന്നല്ലല്ലോ…
എല്ലാരും കൂടെ പിടിച്ച് കെട്ടിച്ച് കൊടുത്തതല്ലേ…
അപ്പൊ ഓർക്കണേയ്‌നും…
ഇപ്പൊ കരഞ്ഞിട്ടൊന്നും കാര്യല്ല്യാ…”
എന്റെ സങ്കടവും അമർഷവും ഞാനപ്പോ ഇങ്ങനെ പറഞ്ഞ് തീർക്കും.
അന്ന്, ഞങ്ങടെ നാട്ടിലൊന്നും ഇന്നത്തെപ്പോലെ റോഡിലൂടെ മൗലൂദ് ചൊല്ലിക്കൊണ്ടുള്ള ഘോഷയാത്രകളില്ലേയ്നും…
ഇപ്പൊ കോയസ്സന്റെ പീട്യക്ക് മുന്നിൽ തൂക്കിയിടുന്ന വല്യ പാനൂസ് കാണുമ്പോഴാണ് നബിദിനം അടുത്തെന്ന് മനസ്സിലാവുക.
ഇതെഴുതുമ്പോൾ എവിടെനിന്നോ മൗലൂദിന്റെ മൊഞ്ചുള്ള ഈരടികൾ ഒഴുകിവരുന്നുണ്ട്…
വിശ്വാസമുണ്ടോ ഇല്ലയോ എന്ന് ചോദിച്ചാൽ ഇപ്പോഴും കൃത്യമായ ഉത്തരമില്ല…
ആഘോഷിക്കണോ വേണ്ടയോ എന്ന കാര്യത്തിലും പ്രത്യേകിച്ച് അഭിപ്രായം പറയാനുമില്ല.
ഓരോരുത്തരും അവരവരുടെ വിശ്വാസപ്രകാരം ആഘോഷിക്കുകയോ അല്ലാതിരിക്കുകയോ ചെയ്യട്ടെ…
വിശ്വാസം എന്നതിലുപരി, ഇഷ്ടമായിരുന്നു…
എന്നെന്നേക്കുമായി നഷ്ടപ്പെട്ടുപോയ ആ നല്ല ദിനങ്ങൾ…
സ്നേഹം…
സൗഹൃദം…
ആഘോഷത്തിമിർപ്പുകൾ….
എല്ലാറ്റിലുമുപരി
മതിൽക്കെട്ടുകളാൽ ശരീരത്തിനും മനസ്സിനും അകലം സൃഷ്ടിച്ചിരുന്നില്ലാത്ത,
സ്നേഹം മാത്രം പൂത്തുലഞ്ഞു നറുമണം വീശിയ ആ വസന്തകാലം….