രചന : ജിഷ കെ ✍
അവൾ നിനക്ക് വേണ്ടി എഴുതി വെച്ച
ആ ആത്മ ഹത്യ കുറിപ്പ് പോലെയൊന്നൊരിക്കലും
എനിക്ക് എഴുതുവാൻ കഴിയില്ല…
എനിക്കറിയാം മരണത്തിന്റെ ഓരോ പഴുതിലും
കണ്ടെത്തപ്പെടുന്ന
തൊണ്ടി മുതലുകൾ
അതെന്നെ
ഏറ്റവും നഗ്‌നമായ
വിധം
ഒറ്റു കൊടുത്ത് കളയും
അവളെ നീ ചേർത്ത് പിടിക്കുമ്പോൾ
അടഞ്ഞു പോകുന്ന
ലോകം പോലെ
എനിക്ക് ഒരു ലോകമേ ഇല്ലാത്തതിനാൽ
എന്റെ ഓരോ അണുവും വെളിപ്പെട്ടു പോവും വിധം
കാറ്റാലും വെളിച്ചത്താലും ഞാൻ വല്ലാതെ
വിളറി വെളുത്തു പോകും
അവളുടെ വരികളിൽ നിറയെ
നിന്നിലേക്കുള്ള ഊട് വഴികൾ
ചുറ്റിലും
തെഴുത്ത കാടുകൾ
ഞാവൽ കറകൾ
സ്ഫടിക നീരുറവകൾ
സശ്രദ്ധം അവൾ ഓരോന്നിനെയും
സ്വതന്ത്രമാക്കും പോലെ
എനിക്ക് ഒരിക്കലും
നിന്നിൽ നിന്നും വിടുതൽ നേടാനാവില്ല..
ഞാനാകട്ടെ
മരുപ്പച്ചകളുടെ
കള്ളി മുള്ളുകളുടെ
വേനലുകളുടെ
അതി ശൈത്യ ത്തിന്റെ
കടുത്ത ഹിമപാത ങ്ങളുടെ
തടവുകാരി ആയി ക്കഴിഞ്ഞിരിക്കുന്നു…
ഒരു പക്ഷേ
അഴിക്കുന്ന കെട്ടുകളിൽ
മുറുകുന്ന ഒഴുക്കുകളുടെ
ഇരമ്പം
ആയിരം പിൻവാങ്ങലുകളുടെ
അകമ്പടി യിൽ
മേഘവിസ്ഫോടനങ്ങൾ
ഒളിച്ചു പാർക്കും നെടുവീർ പ്പുകളുടെ
ചുഴലി കൊടും കാറ്റുകൾ..
ഉള്ളിലേക്ക് വേരിറങ്ങിപ്പോയ
ഒരു നീല ചുഴിയുടെ ആത്മഗതം
എന്റെ കടൽ കൊള്ളക്കാരാ
എന്ന് പേർത്തും പേർത്തും വിലപിക്കുന്ന പിൻ
കഴുത്തിലെ
ആർക്കും വഴങ്ങാത്ത
ആ നീല മറുക്…
ഇല്ല
എനിയ്ക്കാവതില്ല…
വിരലുകൾക്കിടയിൽ നിന്നും വിടവുകളെ
വേർപെടുത്തെടുക്കുവാൻ..
ചോർന്ന് പോവുമെന്ന
ഒരു തോന്നലിനെയും
ഉള്ളം കയ്യിൽ
മുറുക്കി വെയ്ക്കുന്ന
ശൂന്യതയെ
തുടച്ചു കളയാൻ
എനിക്ക് അവളെ പോലെ
കഴിഞ്ഞെന്ന് വരില്ല…
കവിതയിലെ ആത്മഹത്യ മുനമ്പുകൾക്ക്
മീതെ
എന്റെ കറുത്ത ശലഭങ്ങൾ ഒന്നും
ചിറകുകൾ വീഴ്ത്തില്ല..
അതിനാൽ അപൂർണ്ണമാ യ
എന്റെ മരണ കുറിപ്പുകളിൽ
നിന്നോട് പറയാനുള്ളതൊ ന്നും
തെളിഞ്ഞു കാണില്ല..
പ്രാണനെന്നോ
പ്രിയമെന്നോ
പൊരുൾ എന്നോ പിടയുന്ന
ഒരൊറ്റ വരി പോലും
എനിക്ക് അവളെ പോലെ
എഴുതാൻ കഴിയില്ല
അവസാനമായി അവൾ നിനക്കെന്നു കരുതിയ വാടാമുല്ലകൾ
സൂര്യ കാന്തി പ്പാടങ്ങൾ
പരൽ പോലെ പിടയ്ക്കുന്ന
ഉടൽ വള്ളികൾ
നിന്നിലേക്ക് പടർന്നു പോയിടത്തും നിന്നും ഊരി യെടുക്കും പോലെ
എനിക്ക്
എന്റെ നാഭി യുറവകളിൽ നിന്നോ
ശ്വാസത്തിന്റെ ഏഴാമത്തെ
സുഷിരങ്ങളിൽ നിന്നോ
എന്റെ നാവിലെ
നിലിച്ച പ്രണയവീഞ്ഞുതുള്ളികൾ
വിടുത്തി കളയാനാവില്ല…
ഒരു പക്ഷേ എന്റെ ഉടലിന്റെ രുചി പോലെ
എന്നിലേക്ക്
ആഴമെന്ന
ആത്മാവെന്ന
ഒരേയൊരു സങ്കല്പമായി അത് അലിഞ്ഞു പോയിരിക്കും.
