രചന : മേരി കുഞ്ഞു ✍
മണ്ണിൻ്റെ വെട്ടോഴി
കല്ലിട്ടുറപ്പിച്ച്
റോഡാക്കാൻ പോകുന്നു.
കുഞ്ഞുണ്ണി തമ്പ്രാക്കൾ
സന്തോഷം സഹിക്കാതെ
പീട്യേല് വരുന്നോർക്ക്
ലോസഞ്ചർ മിട്ടായി
ചോന്നതും മഞ്ഞച്ചതും
രണ്ട് വീതംകൊടുത്തിട്ട്
വർത്താനം നാട്ടിലാകെ
അറിയിക്കാൻ
ചട്ടം കെട്ടി
നാളേറെ കഴിഞ്ഞില്ല
തുളയിട്ട മലമ്പാറ
കനപ്പെട്ട ഉരുളാക്കി
കമ്പി കോർത്തിട്ടിരുതല
കയറിട്ട് വലിച്ചിട്ട്
ഇമ്പമോടെ കൂട്ടമായി
പാട്ടുപാടി പണിക്കൂട്ടം
ഏലോം….. ഐലസ
കളി മറന്ന്
കുട്ടിക്കൂട്ടം
ഏറ്റുപാടി ഐലസാ…..
കുട്ട്യോൾക്കായ്
ഏറ്റുപാടാൻ
പണിക്കാരിൽ
കവിയായോൻ
ഏച്ചു കൂട്ടി പാട്ട് നീട്ടി….
“അമേരിക്ക മാവ്
അരിപ്പേലിട്ടരിച്ച്
വെള്ളം കൂട്ടി കൊഴച്ച്
ഉണ്ടണ്ടാക്കടി ഉണ്ടണ്ടാക്കടി
ഉണ്ടണ്ടാക്കടി പെണ്ണാളേ “
പാട്ടിൻ്റെ മുറുക്കത്തിൽ
വേർപ്പുതുള്ളി മേനിയാകെ
ചാലു കീറി
പൊഴയായി
മണ്ണിൽ വീണു.
വിരിച്ചിട്ട കരിങ്കല്ല്
ചളിക്കൂട്ടാലുറപ്പിച്ചി –
ട്ടതിൻ മീതെകരിമ്പാറ
ച്ചീളുകല്ല്പരത്തിയി
ട്ടതിൻ മീതെ
കീലുരുക്കി നിറച്ചിട്ട
ഓട്ടപ്പാട്ട
വീശി വീശി
കല്ലു പാത
കറുത്ത റോഡാക്കി മാറ്റി.
ഇടിമിന്നികീലുറോഡ് .
നീണ്ടില്ല….കാത്തിരിപ്പ്
വഴിക്കണ്ണിൻ കുളിരായി
ആദ്യത്തെ ബസ്സിൻ്റെ
വരവായി …..ഘോഷമായി.
കുഞ്ഞൂരു സിറ്റിയിൽ
കുലവാഴപ്പന്തലിട്ടു
പേരു കേട്ടകൊട്ടുകാര്
പെരിങ്ങോട് വയൽ താണ്ടി
തിച്ചൂര് മലകടന്ന്
പന്തലിലണിനിരന്നു.
നരിയുറങ്ങും കാട്ടു മാട്ടം
കടന്നെത്തി നാട്ടുകാരും .
വരുന്നോർക്ക് സംഭാരം
പാരുവാനായ് കുത്തുപാള
പന്തലിൻ്റെ ഓരത്ത്
വേണ്ടുവോളം
കുമിച്ചിട്ടു.
ദൂരത്തു നിന്നിരമ്പം
അടുത്തെത്തി
ആതാ ബസ്സ്…..
വെയ്ലത്ത് ലൈറ്റ് മിന്നി,
ഇടിവെട്ടി കതിനകൾ
മാനത്തെ വിറപ്പിച്ചു.
ആർത്തലച്ചുചെണ്ടമേളം
ഇലത്താളം കുഴൽ കൊമ്പും
മനയ്ക്കലമ്പലത്തിലെ
കഴകപ്പണിക്കിനി
ഇല്ലെന്ന തീർച്ചയാക്കി
ഡ്രൈവറായി
രാജേന്ദ്രൻ
ആദ്യത്തെ യാത്രയല്ലേ
കാശുവേണ്ട കേറിക്കോളു
പുറപ്പാട്പൊന്നാനിക്ക്
കേറേണ്ട….. കുട്ടികൾ
ഛർദ്ദിക്കാനിടയുണ്ട്.
സഹിച്ചില്ല
ഉറക്കെ കരഞ്ഞു നോക്കി
കേറ്റാതെ ബസ്സോടി
ദൂരേ മറഞ്ഞുപോയി.
ഒതുക്കീട്ടും സങ്കടം
തീർന്നില്ല
മറന്നില്ല നൊമ്പരം ….
പിന്നെ കുട്ടി –
ക്കാലത്തിനറുതിയിൽ
നാട്ടുപാത പിന്നിട്ട്
വിമാനത്തിൽപറക്കുമ്പോ –
ഴോർമ്മയിൽതെളി മിന്നും
പഴയൊരാ കണ്ണുനീർ
ഒപ്പം
വെറുതെയൊരു
ചിരിവരും.
