രചന : മോഹനൻ താഴത്തേതിൽ അകത്തേത്തറ. ✍
മനുഷ്യനുണ്ടോ മണ്ണിതിലെന്ന്
ചികഞ്ഞുനോക്കി ഞാൻ
മനുഷ്യനിന്നും മതം തിരയും
ജീവികളാണല്ലോ!
മനം കറുത്ത മനുഷ്യന്മാരുടെ
ലോകമാണല്ലോ
കടിച്ചുകീറും മൃഗങ്ങളേക്കാൾ
ക്രൂരന്മാരല്ലോ!
എവിടെനിന്ന് പഠിച്ചെടുത്തു
കൊല്ലും കൊലയുമിവർ?
എന്തിനിങ്ങനെ പാടുപെടുന്നു
അരചാൺ വയറിനായി?
ചിരിച്ചുകാട്ടി കടിച്ചുകീറും
കാട്ടുകള്ളന്മാർ
ചതിക്കുഴിയിൽ വീഴ്ത്താനിവരോ
മിടുമിടുക്കന്മാർ
പിടിച്ചു നിർത്താൻ കഴിയാതിവരുടെ
ഓട്ടമെങ്ങോട്ട്?
ഓടിയോടി തളരുമ്പോഴും
നോട്ടമെങ്ങോട്ട്?
മയക്കുമരുന്നിന്നടിമകളായി
ജീവിതം തുലയുമ്പോൾ
മറന്നുപോയോ മനുഷ്യാ നീയും
മണ്ണിനു വേണ്ടവൻ
മരിച്ചുപോയ പിതൃക്കളെ നിങ്ങൾ
മറന്നു പോയല്ലോ?
നിനക്കുവേണ്ടി ജീവിക്കാതെ
കാലം കഴിച്ചവർ
നിനക്കുശേഷം വരുന്നവർക്കും
ജീവിതമുണ്ടല്ലോ?
അവരുടെ വഴികൾ കൺമുന്നിൽ
നീ അടച്ചുകെട്ടുകയോ?
മനുഷ്യനുണ്ട് മണ്ണിതിലിന്നും
അവരും കേൾക്കുക
മനസ്സിലാക്കൂ…നിനക്കുമിന്നിതിൽ
കടമകളുണ്ടല്ലോ?
മയങ്ങിയുറങ്ങി കാലം കഴിക്കും
തലമുറകൾ വേണ്ട
പിടിച്ചു നിർത്തൂ….തടഞ്ഞുവെക്കൂ
ലഹരിയിൽ മുങ്ങേണ്ട
ഉണർന്നെണീക്കാം നാടിതൊന്നായ്
നമ്മുടെ മക്കൾക്കായ്
പടയൊരുക്കാം പൊരുതിനോക്കാം
നമ്മുടെ മക്കൾക്കായ്
കണ്ണുതുറക്കുക, അടിവെച്ചു നീങ്ങുക
കുട്ടിക്കളിയല്ല
നാളെ നിങ്ങൾ കാണാൻ പോകും
പൂരം ഓർമ്മിപ്പിക്കാം…
