രചന : ദിനീഷ് വാകയാട് ✍
അത്തം കറുത്താലുമോണം
വെളുത്താലുമിക്കുറിയില്ലെനിക്കോണം.
ജീവന്റെ സ്പന്ദനമായിരുന്നോരെന്റെയ-
ച്ഛന്റെയോർമ്മയാണോണം.
ഇക്കുറി അച്ഛനില്ലാതെന്തൊരോണം?
പച്ചോല വെട്ടിമടഞ്ഞെടുത്തിട്ടന്നു
പൂക്കൊട്ടതീർത്തു തന്നച്ഛൻ!
എത്ര മനോഹരമെന്നോ അച്ഛന്റെ
സ്നേഹം പൊതിഞ്ഞൊരാ കൊട്ട !
കാലത്തു നേരത്തേയെഴുന്നേറ്റുടൻ
ഞങ്ങളോടിയന്നു തുമ്പപ്പൂ പറിക്കാൻ,
അമ്പലനടയിലേക്കെത്തിയപ്പോൾ
തുമ്പപ്പൂവെല്ലാമന്നാരോ നുള്ളി!
ഏറെ ഖേദത്തോടെ വിങ്ങി,മടങ്ങുമ്പോൾ
തുമ്പക്കാടു കാട്ടിത്തന്നെന്നച്ചൻ,
വടക്കേടത്തു താഴെ തോട്ടിൻവരമ്പത്തു
തുമ്പക്കാടു കാട്ടിത്തന്നെന്നച്ചൻ!
കല്ലുപ്പു വാങ്ങി, കളറു ചേർത്തുള്ളൊരു
പൂക്കളമൊരുക്കിത്തന്നച്ചൻ,
ആദ്യമായ് കണ്ടതാണന്നു ഞാനാ വിദ്യ
ഇന്നും മനസ്സിലതോർത്തിടുന്നു.
ഒരുകൂട്ടംകുപ്പായോം ട്രൗസറും
പതിവായി ഞങ്ങൾക്കായി വാങ്ങാറുണ്ടച്ഛൻ,
ബാല്യകാലത്തിലെ ഓണസ്മരണയിൽ
താരമാണെന്നുമെന്നച്ഛൻ!
ഓണച്ചന്തയിലമ്മയെ കൂട്ടിപ്പോയ്
സാധനങ്ങൾ വാങ്ങിച്ചച്ഛൻ,
കാണം വിറ്റെങ്കിലും ഓണമുണ്ണും
എന്ന ശീലിൻപൊരുളറിയിച്ചച്ഛൻ!
കാര്യോട്ടെ കുളത്തിൽപ്പോയ്
ഊരയ്ക്ക് മുണ്ടിട്ട് നീന്തൽ പഠിപ്പിച്ചെന്നച്ചൻ
നീന്തി, കരയ്ക്കു കയറിക്കഴിഞ്ഞിട്ട-
ന്നാമ്പൽപ്പൂ നുള്ളിത്തന്നച്ചൻ
കളിതമാശകൾ പറഞ്ഞെന്നെ
ചിരിപ്പിച്ച് ഒപ്പം നടന്നയെന്നച്ചൻ
ഇക്കൊല്ലം ഞങ്ങളെ തനിച്ചാക്കിക്കൊ-
ണ്ടോണംകൂടാതെ അകലേക്ക് യാത്രയായി…!!
ഓണം കൂടാതെ അകലേക്ക് യാത്രയായി !!
ഈലോകത്തിവിടെയെന്തുണ്ടെങ്കിലും
അച്ഛനില്ലാത്ത ഭൂപടം ശൂന്യം…
ഈലോകത്തിവിടെയെന്തുണ്ടെങ്കിലും
അച്ഛനില്ലാത്ത ലോകം വിമൂകം…!
ഞാനറിയുന്നാ സ്നേഹത്തിന്നാഴം!!😔
