കാലന്തരങ്ങൾക്കപ്പുറം
മഞ്ഞു പെയ്യാതായി
മരങ്ങൾ ചലിക്കാതെയായി
മഴവില്ല് പൂക്കാതെയായി
കരിഞ്ഞുണങ്ങിയ
ചില്ലകൾക്കു മീതെ
കൂടുകൾ അദൃശ്യമായി.
ഇനിയൊന്നും പഴയത്
പോലെ ആവില്ല.
മൃതിയടഞ്ഞവരാരും
തിരികെ വരില്ല.
അക്രമങ്ങൾ ഒതുങ്ങിയപ്പോൾ
മണ്ണിൽ നാമ്പുകളൊന്നും
വിടരാതായി.
ആറ്റം ബോബിൻ്റെ രൗദ്രഭാവം
ആർത്തലച്ച അഴിമുഖങ്ങളെ
അഗ്നി വിഴുങ്ങി.
നദികളിലെല്ലാം അത്യുഷ്ണം
ലാവയായി തിളച്ചുമറിഞ്ഞു.
ബാഷ്പീകരിച്ച സമുദ്രങ്ങൾ
വിണ്ണിൽ വിലയം പ്രാപിച്ചു.
ഇനിയൊരു കാലമില്ല
കടന്നു പോകുവാൻ
ഇനിയൊരു ഭൂമിയില്ല
മുളകൾ പൊട്ടുവാൻ
കൂടുകൾ തേടിയലഞ്ഞ മർത്യർ
കുടിലുകൾ പോലും കണ്ടെത്തിയില്ല.
ഇല്ലായ്മയുടെ ആഴങ്ങളിലേക്ക്
കനൽ വാരി എറിഞ്ഞവർ
നിങ്ങളറിയുക നിങ്ങളുടെ കർമ്മങ്ങൾ
നിങ്ങളിലേക്ക് തന്നെ മടങ്ങി വരുന്നു.
ലോകം അവസാനിച്ചു
ആരും ഇനി മടങ്ങി വരില്ല
ആർക്കുമിനി തിരികെവരാനാകില്ല.
യുദ്ധഭയം ഇല്ലാതായി
ജീവൻ്റെ നാമ്പുകൾ തുടച്ചു
നീക്കപ്പെട്ടിരിക്കുന്നു.
മനുഷ്യരാശിക്ക് ഇനിയൊരു മടക്കമില്ല
യുദ്ധംഇല്ലാതായി,സമാധാനവും
മനുഷ്യരില്ലെങ്കിൽ
പിന്നെന്തിന് യുദ്ധം,എന്തിന് സമാധാനം.
എല്ലാം ഒതുങ്ങിയപ്പോൾ ഒരു
പിഞ്ചു കുഞ്ഞിൻ്റെ പാവ കണ്ണുകൾ
മാത്രം മണ്ണിൽ തുറിച്ചു നിന്നു.
സാക്ഷിയാകുവാൻ ആരുണ്ടിവിടെ?
ആരും വന്നില്ല കഥ കേൾക്കുവാൻ
ഇനിയാരും വരാനില്ല കഥനം പറയുവാൻ.
ശുഭം

By ivayana

Leave a Reply

Your email address will not be published. Required fields are marked *