രചന : സ്മിത സി✍
വേദനയിൽ വിങ്ങുമ്പോൾ
തിരമാലകളെ പറത്തിവിട്ട്
കണ്ണീരിനെ മായ്ക്കുന്ന വിദ്യ
ചിലർക്കറിയാം,
കടലിനെന്ന പോലെ.
കുളത്തിലെ ജലം പോലെ
കെട്ടിക്കിടക്കുന്ന ചിലരുണ്ട്
സ്നേഹത്താൽ ദുർബലരായി
ഒഴുകാതെ ഒപ്പമിരിക്കുന്നവർ
വെറുപ്പിൽ നിന്നോടിയോടി
കൊടുമുടിയേറി നിന്ന്
മഴപ്പാച്ചിലിൽ ചാടി മരിക്കാൻ
പുറപ്പെടുന്ന ചിലരുണ്ട്
സ്നേഹത്തിൻ്റെ മഞ്ഞുമഴ
അവരുടേതുകൂടിയാണെന്നറിഞ്ഞ്
പറയാതിരുന്ന നോവിനെ
നനഞ്ഞു നിൽക്കുന്നവരുണ്ട്
ചാറ്റൽ മഴപോൽ തലോടിയിട്ട്
പുൽത്തുമ്പിൽ ഓർമ്മകളെ
വിതറിയിട്ടു പോന്നവരുണ്ട്
ചിരിക്കുന്ന വെയിലിന് മീതെ
ചന്നം പിന്നം വിരലോടിക്കുന്ന
മഴയുടെ കുസൃതി പോലെ
കലരുന്ന മറ്റു ചിലരുണ്ട്
വിരഹത്തിൽ വീണു പോയവരെ
പച്ചവെള്ളത്തിലെന്നപോൽ
കുളിപ്പിച്ച് എഴുന്നേൽപ്പിക്കുന്ന ചിലരില്ലെ
ജലംകൊണ്ട് വരച്ച
ചിത്രങ്ങളിലൂടെയല്ലാതെ
വായിച്ചെടുക്കാനാവുന്ന-
തൊന്നുമില്ലെന്ന്
രഹസ്യമായി നിങ്ങളോട്
മറ്റാരെങ്കിലും പറഞ്ഞിട്ടുണ്ടോ ?
വാക്കനൽ