പുതിയ മാതാപിതാക്കളെ!!!!!!!നിങ്ങളൊരിക്കലും നിങ്ങളുടെ കുഞ്ഞുങ്ങളുടെമേൽ പഴയ കാലങ്ങളും അതിൻ്റെ മേൻമകളും, നിങ്ങൾ വളർന്നുവന്ന രീതികളും അടിച്ചേൽപ്പിക്കരുത്…
പ്രത്യേകിച്ച് ഈ മൂന്നു കാര്യങ്ങൾ….
“മതം, രാഷ്ട്രീയം, കലകൾ”
മതങ്ങളും മതഗ്രന്ഥങ്ങളും മനുഷ്യസൃഷ്ടികൾ ആണെന്നും, ദൈവം ഒരിക്കലും ഒരു ആരാധനാലയങ്ങളിലും ചടഞ്ഞിരുന്ന് ഭരിക്കുന്നവനല്ല എന്നും, ആരാധനാലയ പരികർമ്മികളെല്ലാം തന്നെ സാധാരണ മനുഷ്യരാണെന്നും, ആരാധനാലയങ്ങൾ മനുഷ്യസൃഷ്ടികൾ ആണെന്നും, അത് നോക്കി നടത്തുന്ന ജോലിക്കാർ മാത്രമാണ് അതിനുള്ളിലെ പരികർമ്മികൾ എന്നും പറഞ്ഞു മനസിലാക്കണം.
“ഒരു മതഗ്രന്ഥങ്ങളും വായിക്കാനോ അതനുസരിച്ച് ജീവിക്കാനോ നിങ്ങളുടെ മക്കളെ നിർബന്ധിക്കരുത്.”
വേറൊന്നും കൊണ്ടല്ല, ഏത് മതഗ്രന്ഥങ്ങൾ എടുത്തു നോക്കിയാലും അതിനുള്ളിൽ കൊലപാതകങ്ങളും ചതികളും ശത്രുക്കളെ കൊന്നൊടുക്കുന്ന കഥകളും ആൺപെൺ വേർതിരിവുകളും നിറഞ്ഞു നിൽക്കുന്നു.

എന്ത് സന്ദേശമാണ് കുഞ്ഞുങ്ങൾക്ക് അതിൽനിന്നും കിട്ടുന്നത്.?
നല്ലതും ചീത്തയുമായ കാര്യങ്ങൾ തിരിച്ചറിയാൻ പാകമാകാത്ത പ്രായത്തിൽ കുഞ്ഞുങ്ങൾക്ക് ഇതിൻ്റെയൊന്നും ആവശ്യമില്ല.
ജനിച്ചു വീഴുന്ന നിങ്ങളുടെ കുഞ്ഞുങ്ങൾ മതങ്ങളെക്കുറിച്ച് അറിയുന്നതുവരെ അവരുടെ സങ്കടങ്ങളിലും വീഴ്ചകളിലും അവർ വിളിച്ചു കരയുന്നത്, സഹായം തേടുന്നത്, അമ്മേ അല്ലെങ്കിൽ അച്ഛാ എന്ന് മാത്രമാണ്. നിങ്ങളാണ് അവർക്കെല്ലാം, നിങ്ങളാണ് അവരുടെ രക്ഷകർ.

അവരുടെ ഉള്ളിലേക്ക് നിങ്ങൾ മത ചിന്തകൾ നല്കി തുടങ്ങുമ്പോൾ, അമ്മേ എന്ന് വിളിച്ച് സങ്കടം പറയുന്ന കുഞ്ഞിനോട് നിങ്ങൾ ദൈവത്തോട് പറയൂ, ദൈവത്തിനു മാത്രമേ നിന്നെ രക്ഷിക്കാൻ കഴിയൂ എന്ന് പറഞ്ഞു പഠിപ്പിക്കുന്നു. അതുവരെ അപ്പനിൽനിന്നും അമ്മയിൽനിന്നും കിട്ടികൊണ്ടിരുന്ന സംരക്ഷണം ഇനിയില്ല, ദൈവത്തിനു മാത്രമേ തങ്ങളെ രക്ഷിക്കാൻ കഴിയൂ എന്നൊരു ധാരണ അവരുടെയുള്ളിൽ ഉണ്ടാക്കിയെടുക്കുന്നു. (താൻ പാതി ദൈവം പാതി എന്നൊരു ചൊല്ലും)
ഒരു കുഞ്ഞു വളർന്ന് അവന് സ്വന്തമായി ജീവിതമാർഗ്ഗം കണ്ടെത്താൻ സാധിക്കുന്നതുവരെ മാതാപിതാക്കൾ തന്നെയാണ് അവന് സംരക്ഷണം നൽകുന്നതും സഹായം ആകുന്നതും എന്നതു തന്നെയല്ലേ വാസ്തവം. എന്നിരിക്കെ നിങ്ങൾ എന്തിനാണ് ഞങ്ങളെ ആശ്രയിക്കുന്നതിനപ്പുറം ദൈവമാണ് എല്ലാമെന്ന് പറഞ്ഞു പഠിപ്പിക്കുന്നത്. മതവും മതഗ്രന്ഥങ്ങളും ദൈവമെന്ന സങ്കൽപ്പവും ആരും ആരേയും അടിച്ചേൽപ്പിക്കേണ്ട കാര്യമല്ല.

കുഞ്ഞുങ്ങൾ അപ്പൻ്റെയും അമ്മയുടെയും സ്നേഹവും സഹായവും കിട്ടിത്തന്നെ വളരട്ടെ. വളർന്ന് സ്വയം ചിന്തിക്കാനും തീരുമാനമെടുക്കാനുമുള്ള സമയമാകുമ്പോൾ അവർക്ക് ഇതൊക്കെ അറിയണമെന്ന് തോന്നിയാൽ, അവരത് സ്വയം തിരഞ്ഞെടുത്തോളും. നമ്മളായിട്ട് കുഞ്ഞുങ്ങളുടെ മേൽ ഇതൊന്നും അടിച്ചേൽപ്പിക്കരുത്.
അവരുടെ വിജയങ്ങളും പരാജയങ്ങളും ദൈവത്തിൻ്റെ അനുഗ്രഹങ്ങളും, ശാപങ്ങളും ആണെന്നുള്ള രീതിയിൽ പറഞ്ഞു പഠിപ്പിക്കാതിരിക്കുക.
ഓരോ കുഞ്ഞുങ്ങൾക്കും ഓരോ കഴിവുകളാണുള്ളത്, കാര്യങ്ങൾ മനസിലാക്കാനും ചിന്തിക്കാനുമൊക്കെ. അവരുടെ ബുദ്ധിക്കും ചിന്താശക്തിക്കും അനുസരിച്ച് മാത്രമായിരിക്കും അവരുടെ വിജയപരാജയങ്ങളും, നേട്ടങ്ങളുമൊക്കെ. അവിടെ ദൈവത്തിന് പ്രത്യേകിച്ച് സ്ഥാനമൊന്നുമില്ല.

60ലും 70ലും 80ലും 90കളിലും ഞങ്ങൾ അങ്ങനെ പഠിച്ചുവന്നു, അതുകൊണ്ട് ഞങ്ങളുടെ കുഞ്ഞുങ്ങളും അതേ ആവർത്തിക്കാവൂ എന്ന് വാശി പിടിക്കരുത്.
മാറിയ ഈ ആധുനിക കാലഘട്ടത്തിലും തങ്ങളുടെ വിരൽത്തുമ്പിൽ ഈ ലോകവും വ്യത്യസ്തങ്ങളായ സംസ്കാരങ്ങളും കണ്ടും കേട്ടു അറിഞ്ഞുമിരിക്കുന്ന നിങ്ങളുടെയൊക്കെ കുഞ്ഞുമക്കൾക്ക് പഴയകാല ജീവിതവും ചിന്തകളും സംസ്കാരവും ഒന്നും ഉൾക്കൊള്ളാൻ പറ്റിയെന്ന് വരില്ല.
അതൊക്കെയും മനുഷ്യരെ അടിമയാക്കി അടച്ചുഭരിക്കാൻ ഏതോ കുബുദ്ധികൾ കണ്ടെത്തിയ മാർഗ്ഗങ്ങൾ മാത്രമാണ്.

ഞാൻ ഇന്ന മതത്തിൽ ജനിച്ചു എന്നതുകൊണ്ട് ഒരു കുഞ്ഞുങ്ങൾക്കും ഒരു നേട്ടവും ഉള്ളതായി കാണുന്നില്ല. ഓരോ മതങ്ങളും കെട്ടിപ്പൊക്കിയ സ്കൂളുകൾ, കോളേജുകൾ, സ്ഥാപനങ്ങൾ ഇവയിൽ ഒന്നുംതന്നെ ഞാൻ ആ മതത്തിൽ വിശ്വസിക്കുന്നു എന്ന് കാണിച്ചതുകൊണ്ട് അവർക്കവിടെ സൗജന്യം ഒന്നുംതന്നെ കിട്ടുകയുമില്ല. അതുകൊണ്ടുതന്നെ ഇതിനൊന്നും അടിമയാക്കി മക്കളെ വളർത്താതിരിക്കുക.
അതുപോലെതന്നെ, ദിവസങ്ങൾ മനസ്സിലാക്കാൻ ഉണ്ടാക്കിയെടുത്ത കലണ്ടറിനുള്ളിൽ കുത്തിക്കയറ്റിയ അമിതമായ അന്ധവിശ്വാസങ്ങളും ആചാരങ്ങളും. ജനിച്ചു വീഴുമ്പോൾ കുഞ്ഞിൻ്റെ തലയിലേക്ക് ഒരു നാള് ചർത്തികൊടുത്തിട്ട്, അതനുസരിച്ചാണ് നിൻ്റെ ജീവിതമെന്നും, നിൻ്റെ മരണം വരെയും ആ നാളാണ് നിന്നെ ജീവിപ്പിക്കുന്നതും നിൻ്റെ സ്വഭാവം നിർണയിക്കുന്നതും, ഭാവി തീരുമാനിക്കുന്നതും, നിൻ്റെ മാർഗ്ഗങ്ങൾ തീരുമാനിക്കുന്നതും എന്ന് പറഞ്ഞു പഠിപ്പിക്കുന്നു. നല്ല നാള് , ചീത്ത നാള്,ect…

ഒരു മനുഷ്യൻ ജനിക്കുമ്പോൾ തൊട്ട് അവൻ്റെ ഓരോ വളർച്ചയിലും, തൻ്റെ ശരീരത്തിലുണ്ടാകുന്ന ഹോർമോൺ വ്യതിയാനങ്ങൾക്കനുസരിച്ച്, മാറുന്ന വികാരവിചാരങ്ങളും ഉണ്ടായിക്കൊണ്ടേയിരിക്കും.
ദേഷ്യം വരുമ്പോൾ ദേഷ്യം പ്രകടിപ്പിക്കും, സങ്കടം വരുമ്പോൾ സങ്കടവും, സന്തോഷം വരുമ്പോൾ സന്തോഷവും.
എല്ലാ മനുഷ്യർക്കും അവരവരുടെ ശരീരത്തിനുള്ള പ്രത്യേകതകൾ കൊണ്ട് ഇതിനൊക്കെ ഏറ്റ കുറച്ചിലും ഉണ്ടായിക്കൊണ്ടേയിരിക്കും. ഇതൊന്നും ഓരോ നാളിലും ജനിച്ചു വീണതുകൊണ്ട് ഉണ്ടാകുന്ന കാര്യങ്ങൾ അല്ല.

“തങ്ങൾ വളർന്നു വരുന്ന ജീവിത സാഹചര്യങ്ങൾ ഒരാളുടെ സ്വഭാവത്തെ വളരെയധികം സ്വാധീനിക്കാറുണ്ട്.” ഇതൊന്നും ഒരു നാളിലും ജനിച്ചതുകൊണ്ട് ഉണ്ടാകുന്ന കാര്യങ്ങളല്ല. അന്ധവിശ്വാസത്തിന്റെ ഇത്തരം നൂലാമാലകളിൽ നിങ്ങളുടെ കുഞ്ഞുങ്ങളെ കെട്ടിയിടാതിരിക്കുക.
“മതങ്ങളിൽ മയങ്ങി നിൽക്കുന്ന മനുഷ്യരുടെ മനസ്സിനെ പെട്ടന്നുതന്നെ ഇത്തരം വിശ്വാസങ്ങൾക്ക് ആകർഷിച്ചെടുക്കാൻ സാധിക്കും.” ഇത്തരം കഥകൾക്ക് ചെവി കൊടുക്കാതിരിക്കുക. ഇതൊക്കെ ഒരുപാട് മനുഷ്യരെ നശിപ്പിച്ചിട്ടുണ്ട്, ഇന്നും നശിച്ചു ജീവിക്കുകയും ചെയ്യുന്നുണ്ട്.

( എൻ്റെ ജീവിതത്തിലുണ്ടായ ഒരു ചെറിയ ഉദാഹരണം തന്നെ ഞാൻ പറയാം. ഞാൻ 80കളിൽ ജനിച്ച ഒരു വ്യക്തിയാണ്. മതങ്ങളും അന്ധവിശ്വാസങ്ങളും എന്റെ ജീവിതത്തെയും എൻ്റെ സന്തോഷങ്ങളെയും ഒരുപാട് സ്വാധീനിച്ചിട്ടുണ്ട്. തിരിച്ചറിവായപ്പോൾ, സ്വയം ചിന്തിക്കാൻ തുടങ്ങിയപ്പോൾ ഞാൻ അകറ്റി നിർത്തിയ രണ്ട് കാര്യങ്ങളാണ് ഇവ രണ്ടും. വേറൊന്നുമല്ല, എൻ്റെ ജീവിതത്തിൽ ഇത് രണ്ടുംകൊണ്ട് പ്രത്യേകിച്ചൊരു നേട്ടവും ഉണ്ടായിട്ടില്ല എന്നത് തന്നെയാണ് അതിൻ്റെ കാരണം.
ഞാൻ ഇന്ന മതത്തിൽ ജനിച്ചു എന്നതുകൊണ്ട് ഒരു നേട്ടവും എനിക്ക് ഉണ്ടായിട്ടില്ല. അന്ധവിശ്വാസം എൻ്റെ ജീവിതത്തെ മാറ്റിമറിച്ചതായും ഞാൻ കണ്ടിട്ടില്ല. എങ്കിലും ചെറുപ്പത്തിലെ ഉള്ളിൽ പതിച്ചു കിട്ടിയ ചില കാര്യങ്ങൾ എന്നിൽ ഇന്നും ജീവിക്കുന്നുണ്ട് എന്നതിന്റെ ഉദാഹരണമാണ്, പത്രത്താളുകളിൽ എഴുതിവരുന്ന നാളും, ഓരോ നാളിനുമുള്ള ഭാവി പറച്ചിലും. ഒരു ക്യൂരിയോസിറ്റിക്ക് വേണ്ടി ഞാനത് കാണുമ്പോഴൊക്കെയും നോക്കാറുണ്ട്. അതനുസരിച്ച് കഴിഞ്ഞ മാസത്തിലെ ഒരാഴ്ചയിൽ വന്ന എൻ്റെ നാളിലെ ഭാവി പറച്ചിലിൽ, എനിക്ക് വരുന്ന ഒരാഴ്ചയിൽ ഏറ്റവും നല്ല ദിവസങ്ങളും, മനസ്സമാധാനവും, എന്തിനേറെ പറയുന്നു, വച്ചടി വച്ചടി കയറ്റവും എന്നൊക്കെയാണ് എഴുതിയിരുന്നത്. ആ ആഴ്ചയിൽ എനിക്ക് അഭിമുഖീകരിക്കേണ്ടി വന്നത് എൻ്റെ ജീവിതത്തിൽ unexpected ആയിട്ട് സംഭവിച്ച ഒരു മേജർ സർജറിയും അതിൻ്റെ ബുദ്ധിമുട്ടുകളും തന്നെയാണ്. ആ സാഹചര്യത്തിൽ എന്നെ സഹായിച്ചത് മതങ്ങളും ദൈവങ്ങളും ജ്യോതിഷികളും ആണെന്ന് എനിക്ക് തോന്നിയിട്ടില്ല.

അന്നെന്നെ സഹായിച്ചത് മിടുക്കന്മാരായ ഡോക്ടർമാരും, മാലാഖമാരെപ്പോലെ കൂടെനിന്ന നഴ്സുമാരും, ഒരു പരിചയമില്ലാത്ത എവിടെയോ ജീവിച്ചിരിക്കുന്ന കുറെ നല്ല ചെറുപ്പക്കാരും ഒക്കെയാണ്. ഇതിവിടെ എഴുതാൻ എന്നെ പ്രേരിപ്പിച്ചതും എൻ്റെ ജീവിതത്തിലുണ്ടായ ഇത്തരം അനുഭവങ്ങൾ തന്നെയാണ്)
മനുഷ്യർക്ക് മനുഷ്യർ മാത്രമേ സഹായത്തിന് കാണു, അവിടെ രക്തബന്ധങ്ങൾക്കോ, ബന്ധു ജനങ്ങൾക്കോ, ആചാര അനുഷ്ഠാനങ്ങൾക്കോ, മതങ്ങൾക്കോ, രാഷ്ട്രീയത്തിനോ, കലകൾക്കോ ഒന്നുംതന്നെ യാതൊരു സ്ഥാനവുമില്ല.

വളർന്നുവരുന്ന കുഞ്ഞുമക്കളുടെ തലയിലെങ്കിലും ഇതുപോലുള്ള അബദ്ധവിചാരങ്ങൾ ചാർത്തി കൊടുക്കാതിരിക്കുക. അവർ വളരട്ടെ, നല്ല മനുഷ്യരായി. തിരിച്ചറിവാകുന്ന പ്രായത്തിൽ അവർ തീരുമാനിക്കട്ടെ. അവർക്ക് വേണമെങ്കിൽ ഇതൊക്കെയും അറിയുകയും തിരഞ്ഞെടുക്കുകയും ചെയ്യാം.
ഒരു പ്രയോജനവും ഇല്ലാത്ത, മനുഷ്യൻ്റെ സന്തോഷങ്ങൾക്ക് വിലങ്ങുതടിയായി നിൽക്കുന്ന ഇത്തരം വിശ്വാസങ്ങളിൽ നിങ്ങളുടെ കുഞ്ഞുങ്ങളെ തളച്ചിടാതിരിക്കുക.
ഇതൊന്നും സ്കൂളുകളിൽ നിന്നോ കൂട്ടുകാർക്കിടയിൽ നിന്നോ
മത സ്ഥാപങ്ങളിൽനിന്നോസമൂഹത്തിൽ നിന്നോ കിട്ടുന്ന കാര്യങ്ങളല്ല.

നിങ്ങളുടെ മക്കളായി ജനിച്ചുവീഴുന്ന കുഞ്ഞുങ്ങൾക്ക് നിങ്ങളാണ് മാതൃകയാവേണ്ടത്. കുടുംബത്തിൽ നിന്ന് തന്നെയാണ് ഒരു വ്യക്തിയുടെ സ്വഭാവത്തിൻ്റെ ചിന്തകളുടെ അടിത്തറ രൂപപ്പെട്ട് വരുന്നത്.
മതങ്ങളും രാഷ്ട്രീയവും കലകളും ജനങ്ങളെ ഒരുപാട് സ്വാധീനിക്കുന്ന മൂന്ന് മേഖലകൾ തന്നെയാണ്. ഇന്നത്തെ കാലത്ത് അത് മൂന്നും ആരാധനയും ബഹുമാനവും അർഹിക്കുന്നില്ല എന്നത് തന്നെയാണ് വാസ്തവം.
വേറൊന്നുമല്ല അതിനു നേതൃത്വം നൽകുന്ന മനുഷ്യരുടെ ചെയ്തികൾ ഒരു തരത്തിലും മാതൃകയാക്കാൻ പറ്റില്ല എന്നത് തന്നെയാണ്. അതിനുള്ളിലെ തെറ്റുകൾ പോലും ഭൂഷണമായി കൊണ്ടുനടക്കുന്ന മനുഷ്യരാണ് അതിനെ നയിക്കുന്നത്.
ആരാധനയിലും വിശ്വാസത്തിലും മതി മയങ്ങിയ ചിന്തയില്ലാത്ത മനുഷ്യരാണ് അവരുടെ വിജയം, അങ്ങനെയുള്ളവരാണ് അവരെ നിലനിർത്തി കൊണ്ടുപോകുന്നത്.
ഇനിയുമൊരു തലമുറ ഇത്തരം ചിന്തയില്ലാത്ത തെറ്റുകൾ ആവർത്തിക്കാതെ ഇരിക്കണമെങ്കിൽ പുതിയ മാതാപിതാക്കളെ നിങ്ങളുടെ കുഞ്ഞുകൾക്ക് നിങ്ങളായിരിക്കണം എല്ലാം.

മാറ്റങ്ങൾ ഉണ്ടാകട്ടെ… സന്തോഷങ്ങളുള്ള കുഞ്ഞുങ്ങളായി അവർ വളരട്ടെ.
ആചാരാനുഷ്ഠാനങ്ങളും ബാലിശമായ ചിന്താഗതികളും അവരെ അടിച്ചേൽപ്പിക്കാതിരിക്കട്ടെ.
നല്ല മനുഷ്യരായി അവർ വളരട്ടെ…

ഷീബ ജോസഫ്

By ivayana