“എനിക്ക് പറ്റുന്നില്ല..
ഒട്ടും പറ്റുന്നില്ല
എന്നെത്തന്നെ പറ്റുന്നില്ല,,
മറ്റൊരാളോട് ഇങ്ങനെ പറയേണ്ടിവരുന്നത് ഒരാളുടെ
അങ്ങേയറ്റം ഒന്നുമല്ലാതായിപോകുന്നൊരു വലിയ ഗതികെട്ടഅവസ്ഥയാണ്.
അനുഭവിച്ചവർക്കും അനുഭവത്തിലൂടെ കടന്നുപോയവർക്കും
മാത്രം മനസിലാകുന്ന അവസ്ഥ.

കൂടെയുള്ളവരോട്
വീണ്ടും വീണ്ടും
“എനിക്ക് വയ്യ, എനിക്ക് പറ്റുന്നില്ല,,
എന്നൊരാൾ പറഞ്ഞാൽ കേൾക്കുന്നയാൾക്ക് വെറും നിസ്സാരതയാണ്..
ചിരിയാണ്
എന്തോ വലിയ കോമഡിയാണ്.
അതുമല്ലെങ്കിൽ വട്ടാണ്.
പ്രാന്താണ് ബാധയാണ് അല്ലേ..?
അതേ..
ഇങ്ങനെയോരോ ദുരന്തങ്ങൾ സംഭവിക്കും വരെ.
എല്ലാം എല്ലാവർക്കും വട്ടും പ്രാന്തും മാനസിക രോഗവും ഒക്കെയാണ്.
ആയിരങ്ങൾ അടുത്തുണ്ടായാലും ഉള്ളിലേയും ഉടലിലെയും വേദനയും അസ്വസ്ഥതകളും സങ്കടങ്ങളും പെരുകിപെരുകി അങ്ങേയറ്റം എത്തുമ്പോൾ എന്തൊക്കെയോ എടുത്തെറിയാനും എറിഞ്ഞുടയ്ക്കാനും
തല്ലി തകർക്കാനുംമറ്റുചിലപ്പോഴൊക്കെസ്വയം അവസാനിപ്പിക്കാനും..

സർവ്വതിനോടും
കഠിനമായ ദേഷ്യവും പകയും എന്തിനെയൊക്കെയോ അക്രമിക്കാനും തോന്നിപ്പോകുന്ന നിമിഷങ്ങൾ.
ചിലനേരങ്ങളിൽ എന്തൊക്കെയോ അസാധാരണമായ അസ്വസ്ഥത തോന്നുന്നുണ്ട്.. കാണുന്നതൊക്കെ എടുത്തെറിയാനും
ആത്മഹത്യ ചെയ്യാനും ഒക്കെ തോന്നുന്നുണ്ട്.
എനിക്ക് പറ്റുന്നില്ല എന്ന് താഴ്ന്ന് കേണുപറഞ്ഞാലും മനസ്സിലാകാത്ത മനുഷ്യർക്കിടയിൽ,അങ്ങനെയുള്ളവർക്കൊപ്പം ജീവിക്കേണ്ടിവരുന്നത് ഏറ്റവും “വലിയ ശാപം,, എന്നുമാത്രമേ
ഈ അപകടകരമായ കഠിനത അനുഭവിച്ചറിഞ്ഞ
ആ അവസ്ഥയുടെ പാതിതളർത്തുന്നമരുന്നുകൾ സ്വയം വേണ്ടന്ന് വെച്ച്
സ്വയം പോരാടിജയിച്ചുകൊണ്ടിരിക്കുന്ന ഒരാളെന്ന നിലയിൽ എനിക്ക് പറയാനാകൂ.

ആണായാലും പെണ്ണായാലും”ഒറ്റമക്കളുള്ളയിടത്ത്
ഒരിക്കലും ചെന്നു കയറരുതെന്ന് വിവാഹപ്രായമായതും
വിവാഹാലോചനകൾ അന്വേഷിക്കുന്നതുമായ പലരോടും എന്റെ അമ്മ പറയുന്നത് എന്റെ ചെറുപ്പം തൊട്ടേ കേൾക്കാറുണ്ടായിരുന്നു
അന്നതിന്റെ അർത്ഥവും കാര്യഗൗരവവും ഒന്നും മനസ്സിലാക്കാനാകുമായിരുന്നില്ലയെങ്കിലും പ്രായമാകുംതോറും പിന്നീടെപ്പോഴൊക്കെയോ വിവാഹിതരും
അവിവാഹിതരുമായ പലരുടെയും സൗഹൃദസംസാരങ്ങൾക്കിടയിലും വേണ്ടപ്പെട്ടതും അല്ലാത്തതുമായവരുടെ വിശേഷാവസരങ്ങളിലെ വീട് സന്ദർശനങ്ങളിലും അനുഭവങ്ങളിലും സംസാരത്തിലുമൊക്കെ ചുറ്റുമുള്ള നേർക്കാഴ്ചകൾക്കിടയിലും അത് വളരെ ശരിയാണെന്ന് എനിക്ക് തോന്നിയിട്ടുണ്ട്.

അതുമാത്രമല്ല,
എനിക്ക് മനസിലാക്കാനായ മറ്റൊരു വലിയ കാര്യം കൂടിയുണ്ട്.
അത്യാവശ്യം”മറ്റൊരുപെണ്ണിന്റെ മാനസികശാരീരിക അവസ്ഥകളറിയാത്ത,
അവനവന്റെതല്ലാത്തവരെല്ലാം ‘വേദനരഹിതരും,
ഇരട്ട ചങ്കുള്ളഇരുമ്പുമനുഷ്യരും ആണെന്നമട്ടുള്ള ‘പെണ്ണുങ്ങളുള്ള,
പ്രധാനമായുംഒരു പെങ്ങളില്ലാത്തയിടത്ത് എത്തിച്ചേരുന്നതും അവിടെ ജീവിക്കേണ്ടിവരുന്നതും ഏറ്റവും ദയനീയകരമായ ദുർഗതിതന്നെയാണ്.
എല്ലാവരേയും പറയുന്നില്ല, എന്നാൽ ഭൂരിഭാഗവും എന്നുതന്നെ പറയുന്നതാവും ശരി.
പെങ്ങളില്ലെങ്കിലുംപെണ്ണിനെയറിഞ്ഞും അറിയിച്ചും
വളരുന്നവരും വളർത്തുന്നവരും തീർച്ചയായും ഉണ്ട്.

പണവും ഭക്ഷണവും കൊണ്ട് എല്ലാം നികത്താനാകില്ല.
ആവശ്യമുള്ള നേരങ്ങളിൽ ആശ്രയം വേണ്ടനേരങ്ങളിൽ
അവനവനുള്ളവരോട് ഹൃദയത്തിൽ ഒരല്പമെങ്കിലും ആളനക്കം ഉള്ളവരാകുക എന്നതിനേക്കാൾ വലിയ ഒരുനന്മയും ലോകത്തിലുണ്ടെന്ന് തോന്നുന്നില്ല.
എത്രയൊക്കെ എഴുതിയാലും വായിച്ചാലും ആരുടെയൊക്ക ദുഃഖങ്ങൾ കാണേണ്ടിവന്നാലുംഎത്രയൊക്കെ ദുരന്തങ്ങൾ സംഭവിച്ചാലും
ഒക്കെ ഓരോ കാലങ്ങൾ എന്ന് പറഞ്ഞതുപോലെതന്നെ ആണായാലും പെണ്ണായാലും ഓരോരുത്തർക്കും ഓരോരോ യോഗങ്ങൾ.അത്രയേയുള്ളൂ.
പറഞ്ഞുവന്നത് കുഞ്ഞിനെ കൊന്നുകളഞ്ഞ ദിവ്യജോണിയെക്കുറിച്ചാണ്.
അതേ അവസ്ഥയിലൂടെകടന്നുപോയതും പോകുന്നതുമായ ദിവ്യമാരെക്കുറിച്ചാണ്.
സ്വന്തം അമ്മയുടെ മരണം.

മാനസികാഘാതം.ഒറ്റപ്പെടൽ..വിവാഹം ,പ്രശ്നങ്ങൾ..ഡെലിവറി…
ഒറ്റപ്പെടൽ… പോസ്റ്റുപാർട്ടം ഡിപ്രഷൻ മനോനില തെറ്റി സ്വന്തം കുഞ്ഞിനെ കൊന്നുകളഞ്ഞ ദിവ്യ ജോണിയുടെ ജീവിതം.
ഒന്നരമാസം പ്രായമായ കുഞ്ഞിനെ കൊല്ലുകയുംലോകമെമ്പാടുമുള്ള വാർത്തകളിൽ ഇടംപിടിച്ച്ചുറ്റുമുള്ള ആളുകളുടെ സമൂഹത്തിന്റെ കുറ്റപ്പെടുത്തലിനും ഒറ്റപ്പെടുത്തലിനും ഒടുവിൽ ഹൃദയസ്തംഭനം മൂലം മരണപ്പെട്ട വാർത്ത
കഴിഞ്ഞ കുറച്ചുനാളുകൾക്ക് മുൻപ് സോഷ്യൽ മീഡിയയിലും മറ്റ് വാർത്തയിടങ്ങളിലും നിറഞ്ഞുനിന്നിരുന്നു.

ലോകം മുഴുവൻ അവളെ ശപിച്ചു… നീചമായ ചിന്തയാലും വാക്കുകളാലും മർദിച്ചു..
എന്നാൽ ദിവ്യയുടെ ജീവിതത്തിൽ എന്ത് സംഭവിച്ചു എന്ന സത്യം അതേ അവസ്ഥ അനുഭവിച്ചവർക്കും ആ അവസ്ഥപഠിച്ചവർക്കും ഡോക്ടർന്മാർക്കുമല്ലാതെ
പലർക്കും അറിയില്ലായിരുന്നു .
കാമുകനോപ്പം ജീവിക്കാൻ കുഞ്ഞിനെ കൊന്ന ക്രൂരയായ അമ്മ.
ഭർതൃ വീട്ടുകാരോടുള്ള പക.കുഞ്ഞിനോടുള്ള ഇഷ്ടമില്ലായ്മ.. എന്തെല്ലാം എന്തെല്ലാം പറഞ്ഞു.മനോനില തെറ്റിയ നിമിഷത്തിൽ ചെയ്തു പോയതാകാം എന്ന് വളരെ നിസ്സാരമായിചിന്തിച്ചവരും ഉണ്ട്.

എന്നാൽ ജീവിതത്തതിൽ അനുഭവിക്കാൻ പറ്റുന്നതിന്റെ അങ്ങേയറ്റം അനുഭവിച്ചതിന്റെ തെളിവാണ്ആ പെൺകുട്ടിയെന്ന് എത്ര പേര് മനസിലാക്കിയിട്ടുണ്ടാകും??
അടുത്തറിയുന്നവരുംഅനുഭവസ്ഥരുംനേരിട്ടറിഞ്ഞവരും പറയുന്നുപഠിക്കാൻ മിടുമിടുക്കിയായിരുന്നുദിവ്യ ജോണി.

കേരള സർവകലാശാലയിൽ ഗണിതത്തിന് ബിരുദാനന്തര ബിരുദവും ബിഎഡും ദിവ്യ കരസ്ഥമാക്കിയിരുന്ന ഒരു ശാന്തസ്വഭാവക്കാരിയായിരുന്ന പാവം പെണ്ണ്.
സ്വന്തം അമ്മയുടെ മരണത്തോടെ ദിവ്യ ആകെ തകർന്നു പോയി ക്യാൻസർ ബാധിച്ചു ‘അമ്മ മരിച്ചതോടെ ദൈവതോട് പോലും നീരസമായിപോയിരുന്നു ദിവ്യയ്ക്ക് .
അമ്മയും അച്ഛനും തമ്മിൽ രജിസ്റ്റർ വിവാഹമായിരുന്നതുകൊണ്ട് തന്നെ അമ്മയുടെ മരണത്തിനു പോലും പരിഗണന ഒന്നും ലഭിച്ചിരുന്നില്ല.
ഇതോടെ ദിവ്യആരാധനാലയങ്ങളിലും മറ്റും പോവാതെയായി
അമ്മ മരിച്ചുപോയി എന്ന് ഉൾക്കൊള്ളാൻ എറേനാൾ കഴിഞ്ഞിട്ടും ദിവ്യക്ക് കഴിഞ്ഞിരുന്നില്ല കടുത്ത മാനസികസംഘർഷത്തിൽ നിന്നും കരകയറാൻ കൂട്ടുകാരും ടീച്ചർമാരും സഹായിച്ചിരുന്നു.

പിന്നീടെപ്പോഴോ ദിവ്യയുടെ വിവാഹം നടന്നു , വരൻ ഡോക്ടറായിരുന്നു.
വിവാഹിതനും ഒരു കുഞ്ഞിന്റെ അച്ഛനുമായ ഭർത്താവ് . കോവിഡ്കാലത്തായിരുന്നു ഇരുവരുടെയും വിവാഹം. ഇതിനിടയിൽ ദിവ്യ ഗർഭിണിയായി . കോവിഡ് കലമായതുകൊണ്ടും സാമ്പത്തികമായി ബുദ്ധിമുട്ട് ഉള്ളതുകൊണ്ടും ഭർത്താവിന് പെട്ടന്നുള്ള ഗർഭധാരണത്തിലും കുഞ്ഞിനെയും അത്ര താല്പര്യമുണ്ടായിരുന്നില്ല .
കുഞ്ഞ് വേണ്ട എന്നുള്ള ഭർത്താവിന്റെ തീരുമാനത്തോട് ദിവ്യ ശക്തമായി തന്നെ എതിർത്തു . ഒടുവിൽ ദിവ്യ പെൺകുഞ്ഞിന് ജന്മം നൽകി . സിസേറിയന്റെ വേദനയോടെ കുഞ്ഞുമായി ഭർത്താവിന്റെ വീട്ടിലേക്ക് എത്തിയ ദിവ്യക്ക് അവിടെ ലഭിച്ചത് അവഗണന മാത്രമായിരുന്നു.

നാലും അഞ്ചും പ്രസവിച്ച പ്രസവശേഷമുള്ള ശുശ്രുഷകളെല്ലാം അനുഭവിച്ചവരുമായ
ചില പെണ്ണുങ്ങൾക്ക്‌ അവനവന്റതല്ലാത്തവരുടെ പ്രസവവും അതിനുശേഷമുള്ള അസ്വസ്ഥതകളുമെല്ലാംവെറും നിസ്സാരതയാണ്.
വേദനയും സങ്കടവും ഒക്കെക്കൂടികൂടി വന്നപ്പോൾ പ്രസവശേഷം സ്ത്രീകളിൽ കണ്ടുവരുന്ന പോസ്റ്റ് പാർട്ടം ഡിപ്രഷനിലേക്ക് ദിവ്യ എത്തി.
കടുത്ത അവഗണനയും ഒറ്റപ്പെടുത്താലും ദിവ്യയെ മറ്റൊരാളായി മാറ്റിയിരുന്നു . ജീവിതത്തിലെ നിരാശയും സങ്കടവും ഒറ്റപ്പെടലും ദേഷ്യവും എല്ലാം ആരോട് കാണിക്കും എന്നറിയാതെ വീർപ്പുമുട്ടി ഏതോ ഒരു നിമിഷത്തെ മാനസികഅവസ്ഥയിൽസങ്കടപ്പക മുഴുവൻ കുഞ്ഞിനുമേൽ തീർക്കുകയായിരുന്നു.

മൂന്നരമാസം പ്രായമുള്ള പെൺകുഞ്ഞിനെ ദിവ്യ കൊലപ്പെടുത്തുകയായിരുന്നു .
ഓട്ടോറിക്ഷ തൊഴിലാളിയായ അച്ഛൻ വീട്ടിൽ എത്തിയപ്പോഴുള്ള ദിവ്യയുടെ പെരുമാറ്റത്തിൽ അസ്വഭാവികത തോന്നിയപ്പോൾ നടത്തിയ പരിശോധനയിലാണ് അനക്കമില്ലാതെ കിടക്കുന്ന കുഞ്ഞിനെ അദ്ദേഹം കാണുന്നത് , ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല.
പല തവണ തന്റെ അവസ്ഥയെക്കുറിച്ച് പലരോടും പറഞ്ഞു നോക്കി താൻ കുഞ്ഞിന്റെ ജീവന്ഒരു ഭീഷണിയാണ് എന്നുപോലും പറഞ്ഞിട്ടും ആരും ചെവികൊണ്ടില്ലന്ന് മാത്രമല്ലഅവഗണിക്കുകയും ചെയ്തു.
ഫലമോ ഹൃദയഭേദകമായ ദുരന്തങ്ങൾ. ദുർവിധികൾ.
അതേ…
കാലമെത്ര പുരോഗമിച്ചാലും
അവനവന് അനുഭവത്തിലെത്തും വരെ എല്ലാം അനാവശ്യങ്ങളാണ്.

സന്ധ്യാ സന്നിധി

By ivayana

Leave a Reply

Your email address will not be published. Required fields are marked *