ബന്ധങ്ങളുടെ ഭൂപടത്തിൽ ചില വഴികൾ നമ്മെ സന്തോഷത്തിലേക്കും സ്വാതന്ത്ര്യത്തിലേക്കും നയിക്കും. എന്നാൽ ചില വഴികൾ, പുറത്തുനിന്നു സ്നേഹത്തിന്റെ കവചം ധരിച്ചിട്ടും, ഉള്ളിൽ അദൃശ്യക്കയറുകളാൽ നമ്മെ കുടുക്കുന്നവയാണ്. അത്തരത്തിൽ ഏറ്റവും അപകടകരമായ ഒന്നാണ് codependent relationship .

സ്നേഹം മനുഷ്യജീവിതത്തിന്റെ ഏറ്റവും വലിയ ഉത്സവമാണ്. പക്ഷേ, ചിലപ്പോൾ അതേ സ്നേഹം തന്നെ ആത്മാവിന്റെ തടവറയായി മാറുന്നുണ്ടെന്ന സത്യം നാം കാണാതെ പോകുന്നു. പുറത്തുനിന്ന് നോക്കുമ്പോൾ അത് ത്യാഗവും കരുതലും നിറഞ്ഞ ബന്ധമായി തോന്നാം. എന്നാൽ, ഉള്ളിലേക്ക് കടന്നുനോക്കുമ്പോൾ, അത് ഇരുവരെയും പതിയെ വിഴുങ്ങുന്ന ഒരു വിഷലിപ്തമായ കുടുക്ക് ആണെന്ന് മനസ്സിലാകും. ഇത്തരം ബന്ധം പുറത്ത് കരുതലും സഹാനുഭൂതിയും നിറഞ്ഞതായി തോന്നുന്നു. പക്ഷേ, അതിന്റെ അന്തരാളത്തിൽ ഒളിഞ്ഞിരിക്കുന്നത് മറ്റൊന്നാണ് .

ഒരാളുടെ ജീവിതം മറ്റൊരാളുടെ ആവശ്യങ്ങൾക്കും തെറ്റുകൾക്കും വേണ്ടി മാത്രം ചുരുങ്ങി പോകുന്നു. “അയാൾ മാറും” എന്ന വിശ്വാസത്തിൽ, തെറ്റുകൾ മറച്ചു വയ്ക്കുന്നു. “അയാളെ ഞാൻ മാത്രം രക്ഷിക്കണം” എന്ന ധാരണയിൽ, സ്വന്തം സ്വപ്നങ്ങൾ ഉപേക്ഷിക്കുന്നു. അയാളെക്കുറിച്ച് മറ്റുള്ളവർ മോശമായി കരുതരുത് എന്ന പേരിൽ, ലോകത്തിനു മുന്നിൽ തെറ്റിനെ നല്ലവേഷം അണിയിക്കുന്നു.
ഒരാൾ തന്റെ ലോകം മുഴുവനും മറ്റൊരാളുടെ ചുറ്റും തീർക്കുന്നു.

അയാളുടെ തെറ്റുകൾ അലങ്കരിച്ച് മറയ്ക്കുന്നു. അയാളുടെ വേദന സ്വന്തമായി ഏറ്റെടുത്തു കൊണ്ടുപോകുന്നു. തന്റെ സ്വപ്നങ്ങൾ പൂട്ടിക്കെട്ടി, മറ്റൊരാളുടെ വീഴ്ചകൾക്കായി ജീവിക്കുന്നു. അവസാനത്തിൽ, അവൾക്കോ അവനോ സ്വന്തം പ്രതിബിംബം പോലും തിരിച്ചറിയാനാകാത്ത അവസ്ഥ. കണ്ണാടിക്കുമുന്നിൽ നിന്നാൽ,
സ്വന്തം മുഖമല്ല, മറ്റൊരാളുടെ നിഴലാണ് അവിടെ കാണുന്നത്. അവസാനം, സ്നേഹത്തിന്റെ പേരിൽ തന്നെ സ്വയം നഷ്ടപ്പെടുന്ന അവസ്ഥയാണ് ഉണ്ടാകുന്നത്.
ഈ ബന്ധം ഇരുവരെയും ബാധിക്കുന്നു. പിന്തുണക്കുന്നയാൾ , തന്റെ സ്വയംബോധം നഷ്ടപ്പെട്ട ഒരാളായി മാറുന്നു. മറുവശത്തുള്ളയാൾ , സ്വന്തം തെറ്റുകൾ നേരിടാതെ ജീവിതം മുന്നോട്ട് കൊണ്ടുപോകുന്നു. അതുകൊണ്ട്, സ്നേഹം വളർച്ചയുടെ കവാടമാകേണ്ടിടത്ത്, അത് സ്ഥിരതയുടെ മറവിൽ പിന്നോട്ടു വലിക്കുന്ന ശക്തിയായി മാറുന്നു. യഥാർത്ഥ സ്നേഹം ഒരാളെ സ്ഥിരമായി താങ്ങി നിർത്തുകയല്ല ; മറിച്ച്, സ്വയം കണ്ടെത്താനും വളരാനും അവസരം നൽകുകയാണ്.

ആദ്യം, സ്വയം തിരിച്ചറിയണം – “ഞാൻ ആരാണ്? എന്റെ ജീവിതം എവിടെയാണ്?” എന്ന് ചോദിക്കണം. സ്നേഹത്തിന്റെയും അടിമത്തത്തിന്റെയും വ്യത്യാസം മനസ്സിലാക്കണം . സത്യസന്ധതയോടെ സംസാരിക്കണം – മറവിയില്ലാതെ തെറ്റുകളെ തുറന്നു പറയണം. സ്വന്തം സ്വപ്നങ്ങളെ തിരികെ വിളിച്ചു വരുത്തണം – താൽപര്യങ്ങൾ, ആഗ്രഹങ്ങൾ, ജീവിതത്തിന്റെ സന്തോഷങ്ങൾ വീണ്ടും കണ്ടെത്തണം. ഇത്തരം ബന്ധം പലപ്പോഴും “ത്യാഗം” എന്ന പേരിൽ സമൂഹം മഹത്വവത്കരിച്ചേക്കാം. പക്ഷേ, അത് സ്നേഹത്തിന്റെ ഉന്നതരൂപമല്ല, മറിച്ച് സ്വാതന്ത്ര്യവും ആത്മാവും വിഴുങ്ങുന്ന വഞ്ചനയാണ്.
അതിനാൽ, സ്നേഹത്തിൽ ഏറ്റവും വലിയ ഉത്തരവാദിത്വം മറ്റൊരാളെ രക്ഷപ്പെടുത്തുക മാത്രമല്ല – സ്വയം നഷ്ടപ്പെടാതിരിക്കുകയും, ഒരുമിച്ച് വളരുകയും ചെയ്യുക തന്നെയാണ്.

By ivayana