കുളിർമന്ദനൊഴുകുന്നൊരുണർവ്വിൽ
കിങ്ങിണി കിലുങ്ങുന്ന മണിനാദവും
കീർത്തിയേറുന്നസ്വരാഷ്ട്രസേവയിൽ
കണ്ണിനഴകായൊന്നിച്ചുസഞ്ചലനത്തിന്.
കേതനമാണെന്നുമാരാധ്യഗുരുവായി
കളങ്കമില്ലാത്ത പരംവൈഭവത്തിനായി
കാവിയാണെന്നുമാഗ്നേയസാക്ഷിയായി
കൂട്ടങ്ങളോടൊത്തുമഹാവാക്യമോതുന്നു.
കുലീനനായൊരുസ്വർഗ്ഗീയഗുരുനാഥൻ
കാലങ്ങളോളമുന്നതചിന്തയാലന്ത്യംവരേ
കമനീയനായൊരു ഭിഷഗ്വരശ്രേഷ്ഠനായി
കർമ്മനിഷ്ഠയാൽ രാഷ്ട്രസേവനത്തിന്.
കേമരായോരണികളായണികളായി
കരളുറച്ചുള്ള ചുവടുമായി പ്രത്യയം
കേതനവുമേന്തി ബലിദാനവുമായി
കാലാക്ഷേപമായൊരു പ്രസ്ഥാനം.
കമ്പമേറുന്ന ചലനഗതിയിലൊന്നും
കൂട്ടരല്ലാത്തവരായി ആരുമേയില്ല
കേടിയായിയെതിർക്കുന്നവരെല്ലാം
കൂട്ടാളികളായി നാളേ മാറേണ്ടവർ.
കോപമേറിയ ശത്രുവെന്നാകിലും
കിതച്ചു വീഴവേതാങ്ങിയെന്നും വരാം
കിങ്കരമാരായി കൂടെ നില്ക്കുന്നവർ
കാലനായി നാളെ മാറി എന്നും വരാം.
കൈലാസനാഥൻ്റെയൈശ്വര്യഗണമായി
കൂട്ടുചേരുന്നവർക്കാർക്കാര് ശത്രു?
കുപ്പായമണിയുമടിമയാം സേവകർ
കഠിനതയോടെ ആദർശധീരരായി.
കാലചരിത്രത്തിൻ ദീപശിഖയിലായി
കേൾവികേട്ട ത്യാഗവിന്യാസത്താൽ
കണ്ണാടിപോലിന്നുംതിളങ്ങുംമഹിമകൾ
കല്ലോലമാകുന്ന കണ്ണുനീരോർമ്മകൾ.
കപടമില്ലാമാലേയധവളധ്വനികളാൽ
കരുണയേറുന്ന ഉത്സാഹപൂരണം
കല്ലിലൂടെയുള്ള സാഹസയാത്രകൾ
കാലു തഴമ്പിച്ച സേവക പാദങ്ങൾ.
കൊടുമ്പിരിയാമേകാത്മമാനവദർശനം
കുശലതയോടുള്ള വൃതനിഷ്ഠയാലെ
കാലപ്രമാണത്തിൻ പ്രതിധ്വനിയാകെ
കൈലാസമേറിയ ശതവർഷമാകുന്നു.
കൊമ്പുകോർക്കുന്നോരസുരവീരരേ
കൈകൊള്ളുവാനുള്ള സന്മനസ്സുമായി
കോടി ജന്മം ക്ഷമയോടെ ഉറച്ചവർ
കാമ്പില്ലാത്തതൊന്നുമുച്ചരിക്കാറില്ല.
കേമത്തമുള്ളതെല്ലാം പ്രവർത്തിയിൽ
കാമമേറിയ ഉദരപൂരണത്തിനായല്ല
കളങ്കമില്ലാത്ത ധർമ്മിഷ്ഠരായോരായി
കലാപമിഷ്ടപ്പെടാത്തതാം കതിരണി.
കോണിയേറികൊടുമുടിയോളമായി
കേവലമല്ലാത്തതെല്ലാം ചെയ്തങ്ങു
കാഴ്ചക്കാർക്കെല്ലാം പൊൻകണിയായി
കേട്ടു പഠിച്ചതു പാണിയായി മാറ്റുന്നന്ത്യം.
കാരിരുമ്പിൻ ഉഗ്രചിത്തശുഭാംഗികൾ
കാലങ്ങളുള്ളിലേറ്റിയോരാദർശാഗ്നിയേ
കാലപ്പഴക്കേപ്രവർത്തിമണ്ഡലത്തിൽ
കാലാനുചിതം കർത്തൃത്ത്വഭാവത്തിൽ.
കാകോളവുംസംഘനൈപുണ്യത്താലെ
കുങ്കമമായിടുംകുശലതയാലെയന്ത്യം
കളങ്കമേറിയൊഴുകുന്ന പുഴകളും
കർമ്മചേർച്ചയാലമലതയായീടും.
കളങ്കമില്ലാത്ത മന്ദൻ ചലിക്കുമ്പോൾ
കാരാഗ്രഹമില്ലാത്ത സ്വാതന്ത്ര്യത്താൽ
കൈകോർത്തിയണിയായ സ്വർഗ്ഗത്തിൽ
ക്രമാനുഗതമൊന്നിച്ചൊന്നായുയർന്നിടാം
കാറ്റുപോലുള്ളൊരാശയത്തിലായി
കാളജാത്യാദിവംശഭേദമില്ലാതേവരും
കോപശീലരല്ലാതണികളായൊന്നായി
കൈകൊള്ളേണമുയർന്ന ചിന്തകൾ.
(രാഷ്ട്രീയസ്വയം സേവാസംഘം നൂറാം പിറന്നാൾ ആഘോഷിക്കുന്ന വേളയിൽ
ആശംസകൾ അർപ്പിക്കുന്നു)

അഡ്വ: അനൂപ് കുമാർ

By ivayana