രചന : തോമസ് കാവാലം.✍.
അക്ഷരം നാവിൽ കുറിച്ചിടുമ്പോൾ
അക്ഷയമാകുന്നു വിദ്യയെന്നും
ആരംഭമെന്നതു നന്നാകുകിൽ
അന്ത്യവും ശോഭനമാ മായിടുന്നു.
അധ്യയനത്തിനു ശക്തിയേകി
അധ്യാപകകൃപയെത്തുമെന്നും.
പുത്തനുണർവുമായെത്തും സുരൻ
മുത്തിയുണർത്തുന്ന പൂവുപോലെ.
അജ്ഞതമാറ്റി മനസ്സിനുള്ളിൽ
വിജ്ഞാനബീജങ്ങളങ്കുരിക്കാൻ
തൃഷ്ണവളരട്ടെ മാനസ്സത്തിൽ
വൃക്ഷങ്ങളെന്നപോൽ നാട്ടിലങ്ങും.
അന്ധനായ് വാഴുന്നമർത്യ നെന്നും
സാന്ത്വന സ്പർശമായ് തീർന്നിടുവാൻ
നേർവഴി കാട്ടുവാൻ നന്മയേകാൻ
നിറവായറിവിന്നെത്തിടുന്നു.
അക്ഷരജ്ഞാനമാം നിത്യതയെ
മാക്ഷികമെന്നപോലിറ്റിച്ചേവം
ഈ ക്ഷിതിതന്നിലെ,യല്ലലെല്ലാം
ഈ ക്ഷണം മന്നിനെമാറ്റിടുന്നു.
അരിയജീവിതം നയിക്കുവാൻ
അരിയിലെഴുതി തെളിയേണം
ഉരുവിടേണമാ ഗുരുപ്രിയം
അരുളിടുന്നൊരാ കൃപാവരം.
സ്മരിച്ചിടേണമാ കൃപാമയൻ
ഗുരുവിലൂടെ നൽവരങ്ങളായ്
കുരുന്നു നാവതിൽ വരച്ചിടും
ശരണമന്ത്രങ്ങളറിവുകൾ.
