രചന : അഷ്റഫ് കാളത്തോട്✍
ഇന്നെന്റെ രക്തം, നാളത്തെ ലോകം
ഗാസ…
നീ വെറുമൊരു പേരല്ല,
ഈ ലോകത്തിന്റെ കുറ്റബോധം
ഉറങ്ങിക്കിടക്കുന്ന കല്ലറയാണ്.
ഇന്നലെ വെളുത്ത മതിൽക്കെട്ടുകൾ
ഇന്ന് ചോരയും ചാരവും കലർന്ന
ഒരു നീണ്ട നിശ്ശബ്ദതയായി.
ഇവിടെ ഓരോ നിമിഷവും
സമയത്തിന്റെ സൂചിക
മുന്നോട്ടല്ല, താഴേക്കാണ്
നിലയില്ലാത്ത മണ്ണിനടിയിലേക്ക്
കുഴിച്ചിടപ്പെടുന്നത്.
ആശുപത്രികൾ
ഇപ്പോൾ മരണത്തിന്റെ പര്യായമാണ്
ഓരോ നിലവിളിയും
അവസാനത്തെ പ്രത്യാശയുടെ
വിളക്കണയ്ക്കുന്നു.
പാൽപ്പുഞ്ചിരി മാഞ്ഞ ബാല്യങ്ങൾ!
ഒറ്റയടിക്ക് പറന്നുപോയ
കുഞ്ഞുടുപ്പുകളിൽ
ഒരമ്മയുടെ കൈവിരലിന്റെ ചൂട്
ഇപ്പോഴും ബാക്കി.
രണ്ടായി പിളർന്ന
ശരീരഭാഗങ്ങൾക്കിടയിൽ
ഒരു വികൃതമായ കളിപ്പാട്ടം പോലെ
ജീവന്റെ അവശേഷിപ്പുകൾ.
അവരുടെ വിശപ്പിനെ
തീർച്ചയായും ബോംബുകൾക്ക് അറിയാം;
കാരണം, അവ
മനുഷ്യന്റെ വയറുമാത്രമല്ല,
ഹൃദയവും തുരന്നെടുക്കുന്നു.
ലോകമേ,
നിന്റെ കണ്ണ് കെട്ടിയ നീതിപീഠം
ഇരുട്ടിൽ തപ്പി നടക്കുന്നു.
അല്ലെങ്കിൽ
നിങ്ങൾ കണ്ടിട്ടും കാണാത്തവരായി
മൗനത്തിന്റെ കച്ചവടം നടത്തുന്നു!
രാജ്യാന്തര നിയമങ്ങൾ
ഇവിടെ ചത്ത മീനുകൾ പോലെ
കരയിലേക്ക് വലിച്ചെറിയപ്പെടുന്നു.
ഊമകളായ ദൈവങ്ങൾ
ചെവികൾ പൊത്തിയിരിക്കുന്നു.
ജീവിക്കാനുള്ള അവകാശം പോലും
ഇന്ന് ഇവിടെ
ഒരു ഭീകരമായ സ്വപ്നം മാത്രം.
വെള്ളം, വെളിച്ചം, വായു –
എല്ലാം വെടിയുണ്ടകൾ കൊണ്ട്
അടച്ചുപൂട്ടിയ കവാടങ്ങളാണ്.
ഒരു ജനത
ഇരുളിൽ, പട്ടിണിയിൽ, പേടിയിൽ
സ്വയം എരിഞ്ഞുതീരുന്നു.
കവിയായ ഞാൻ,
എന്റെ തൂലികയെ ഇനി
സ്നേഹം എഴുതാൻ അനുവദിക്കില്ല.
ഇതൊരു യുദ്ധമാണ്!
എന്റെ ഓരോ വാക്കും
ബോംബിന്റെ ചിറകിൽ
പടരുന്ന തീനാളമായി
നിങ്ങളുടെ ഉറക്കം കെടുത്തിക്കൊണ്ടേയിരിക്കും.
ഞാൻ എഴുതും!
ഗാസയുടെ ചോരയിൽ മുക്കിയ
ഒരു തീവ്രമായ പ്രതിഷേധമായി
ഈ കവിത ലോകം കേൾക്കും!