രചന : സബ്ന നിച്ചു ✍
നാട്ടിൽ ദിവസത്തിലിരുപത്തിനാലു മണിക്കൂറും ഉറങ്ങിയിരുന്നയെന്നെ
കൊൽക്കത്തയിലേക്ക് ട്രെയിനുകേറ്റി വിട്ട് അവിടെ നിന്ന് പച്ചപിടിച്ചിട്ട് പോന്നാൽ മതീന്ന് ഭീഷണിപ്പെടുത്തിയതച്ഛനാണ്..
ഊരേത് മൊഴിയേതെന്നറിയാതെ
ബംഗാളികൾക്കിടയിൽ ചുറ്റി നടന്ന്
മുറി ഭാഷപഠിച്ച് അവിടുന്നു കണ്ട മലയാളി
കാർന്നോരെ കഴുത്തിൽ തൂങ്ങി കിടക്കാനൊരു മുറിയും മെഡിക്കൽ ഷോപ്പിൽ സഹായത്തിനു നിക്കുന്ന പണിയുമൊപ്പിച്ചു ..
ഇച്ചിരെ കാശായാൽ തടിതപ്പണമെന്ന
ചിന്തയിൽ തീറ്റക്കൊക്കെ കടിഞ്ഞാണിട്ട്
സമ്പാദ്യം തൊടങ്ങി നാട്ടിലെ പച്ചപ്പ് ചിന്തിച്ചു മടുത്തിരിക്കുമ്പഴാണ് “ചിലും ചിലും ” ഒച്ചയിൽ ചില്ലറത്തുട്ട് മേശപ്പുറത്തിട്ടൊരുത്തി സ്ട്രോബറിമണമുള്ള നിരോധ് ചോദിച്ചത്.
വലിയപെട്ടിയിൽ നിന്ന് സിംഗിളൊരണ്ണമെടുത്ത് മേശപ്പുറത്തുവെച്ച് കാശെണ്ണിയെപ്പോൾ പുതിയ പയ്യനാണോന്ന് മുതലാളിയോടവൾ ബംഗാളിയിൽ ചോദിച്ചു.
ചുമന്ന വട്ടപ്പെട്ട് തൊട്ട പെണ്ണിനേറിയാൽ
പതിനെട്ട് തികയില്ലെന്ന് ഞാനും ചിന്തിച്ചു ..
റോഡിലേക്കിറങ്ങി സിഗരറ്റു പുകച്ച്
മൂക്കിലൂടെ പുകവിട്ടയവൾക്ക് ഞാൻ കണ്ട പെണ്ണുങ്ങളേക്കാൾ ധൈര്യമുണ്ടന്നെനിക്ക് തോന്നി.
ഖുതിഘട്ട് റോഡിലൂടെ പോയാലുള്ള
എൻ്റെ ഒറ്റമുറി ഫ്ലാറ്റിലേക്ക് കയറാനൊരുമ്പെടുമ്പം താഴെ നിലയിലെ
ഗുട്ട്ക തിന്നുന്ന കിഴവൻ ബിനോയിയുടെ
മുറിയിലിരുന്ന് സാരിയുടെ മറയില്ലാതെ
ഇറക്കിവെട്ടിയ കുപ്പായമിട്ട് മതിമറന്നാടുന്നയവളെ കണ്ടെനിക്കറപ്പു തോന്നി.
ബിനോയിയടുത്തൂടെ പോവുമ്പോളയാൾ
കുളിക്കാറേയില്ലെന്നെനിക്ക് തോന്നിയിട്ടുണ്ട് ..
കോണിപ്പടിയിൽ പാതിനിന്ന് വാതിലിനു
മുകളിലെ തുറന്ന ഭാഗത്തിലൂടെ ഞാനവളെ
തന്നെ നോക്കി..
കുപ്പായത്തിനുള്ളിലേക്ക് ബിനോയി തിരുകിയ നോട്ടെടുത്ത് അവളുടുപ്പ് മാറ്റി
പുറത്തിറങ്ങിയപ്പോൾ ഒളിഞ്ഞു നോക്കിയിരിക്കണ എന്നെയവൾ കണ്ടു.
നിങ്ങളിവിടെയാണോന്നു ചോദിച്ച് എൻ്റെ എളിയിൽ നുള്ളിയ പെണ്ണിന് ബിനോയിയുടെ ഗുഡ്ക മണമാണന്നെനിക്കു തോന്നി.
ആകെപ്പാടെ തികട്ടിവന്നപ്പോളവളുടെ
മുഖത്തേക്ക് നോക്കി ഞാൻ ഓക്കാനിച്ചു.
പുറമുഴിയാൻ അടുത്തേക്കു വന്നയവളെ ഉന്തി മാറ്റുമ്പോൾ അവളുടെ മുഖത്തിൻ്റെ വെളിച്ചം പോയത് ഞാൻ കണ്ടു..
കട്ടിയിൽ കരിമഷിയെഴുതിയ കണ്ണ് കലങ്ങി നിക്കുന്നത് കണ്ടപ്പോൾ എനിക്കൊരു മാതിരി പ്രയാസം തോന്നി.
കോണിപ്പടിയിലെ ശർദ്ദിൽ മുഴുവൻ തുടച്ചെടുത്തപ്പോഴും കണ്ണ് കലങ്ങിയിറങ്ങിപ്പോയ അവളായിരുന്നു ഉള്ളിൽ..
കടയിൽ വരുമ്പോളവൾ ചോക്ലേറ്റും കുമിളകളുള്ളതുമായ പലയിനങ്ങൾ വാങ്ങി ബാഗിലിടും വർത്താനം പറയാതെയവൾ പോകുന്നതുവരെ എൻ്റെ നെഞ്ച് കനപ്പെട്ടിരിക്കും.
മുതലാളി കടയിലില്ലാത്ത ദിവസം രണ്ടും കൽപ്പിച്ച് ഞാനവളുടെ കയ്യിൽ പിടിച്ച്
ക്ഷമ ചോദിച്ച് കണ്ണ് നിറച്ചു.
അവളന്നേരം ചിരിച്ച് ഇന്നൊഴിവാണെന്നും
നിനക്കേത് ഫ്ളേവറാണിഷ്ട്ടമെന്നും ചോദിച്ചു.
എനിക്ക് നാണം വന്നു, ഞാൻ തല താഴ്ത്തി അങ്ങനെയൊന്നുമില്ലന്ന് പറഞ്ഞപ്പോൾ അവൾ കവിളിൽ നുള്ളി.
മുതലാളിക്ക് നഷ്ട്ടമുണ്ടാകുമെന്നോർക്കാതെ കടയടച്ച്
ഞാനവൾക്കൊപ്പം പോയി ..
പൊട്ടുകടലയും തിന്ന് അവളുടെ തോളിൽ
കയ്യിട്ട് നടന്ന് ഞാനെൻ്റെ നാണം മാറ്റി.
അമ്പലത്തിലും സിനിമക്കും പോയി പണം പൊടിച്ചു.
പോകാൻ നേരം ഇനിയൊന്നും വേണ്ടേ എന്ന് ചോദിച്ചയവളോട് ഒഴിവു ദിവസങ്ങളെന്നോട് പറയാനും നമുക്കൊരുമിച്ചു കറങ്ങാമെന്നും പറഞ്ഞു..
ലീവെടുത്തവളുടെ കൂടെ പോകുമ്പോൾ
മുതലാളി അർത്ഥം വെച്ച് മൂളും
ഞാനയാളുടെ മുന്നിൽ തല ചൊറിഞ്ഞ് നിന്ന് അവളെ നോക്കും..
അവളവകാശം പോലെ എൻ്റെ കയ്യിൽ
പിടിച്ച് റോട്ടിലേക്കിറങ്ങും.
ബീച്ചിലിരുക്കുന്നവരെല്ലാം ഞാനവളുടെ
കെട്ട്യോനാണന്ന് കരുതട്ടെയെന്ന് കരുതി
അവളെ തോളിലേക്ക് ചേർത്തി കിടത്തി നാട്ടിലെ കഥ പറയും,
അതിലച്ഛനും അമ്മയും തെയ്യവും തെരുവുമെല്ലാം വരും.
അവളെപ്പോഴും മേത്ത് എണ്ണതേച്ച പോലെ
മയപ്പെട്ട് കിടക്കുന്നവളാണെന്നും
വട്ടപ്പൊട്ട് നാട്ടിലെ ഒറ്റ രൂപക്ക് കിട്ടുന്ന
ദോശയുടെ വലിപ്പമാണന്നും പറഞ്ഞവളെ
എരികേറ്റും,ആനന്ദത്തിലാറാടി തിമിർക്കുമ്പോൾ
അവളെന്നോട് നിൻ്റെ കല്യാണമുടനെയുണ്ടാകുമോന്ന് ചോദിച്ച് മനസ്സങ്ങ് കലങ്ങും.
അവളന്നേരമെന്നേ ചേർത്ത് പിടിക്കും
കല്യാണം കഴിഞ്ഞാലും കൂട്ട് വെട്ടരുതെന്ന് പറഞ്ഞ് കണ്ണ് നിറക്കും..
എനിക്കെന്തുമാത്രമവളെ ഇഷ്ടമാണെന്ന്
പറയാനാകാതെ ഞാൻ നിസ്സഹായനാവും..
അമ്മക്കു സുഖമില്ലെന്നറിയിപ്പു കിട്ടി
നാട്ടിൽ വന്നേനു ശേഷമവളെ കാണാഞ്ഞ്
കെണിയിൽപെട്ട മാനിനെ പോലെ ഞാൻ വെപ്രാളപ്പെട്ടു.
അതിനിടക്കച്ഛൻ്റെ വകയിലെ പെങ്ങളുടെ മകളെയെനിക്ക് കെട്ടിച്ചു തന്നാൽ കൊള്ളാമെന്നവരു പറഞ്ഞന്നറിവു കിട്ടിയപ്പോൾ
എന്നോടൊപ്പം എൻ്റെ മുറിയിലിരുന്ന്
കഥ പറയാൻ നാട്ടിലേക്ക് വരാൻ
പറഞ്ഞ് ഞാനവൾക്കു മെഡിക്കൽ
ഷോപ്പഡ്രസിൽ അവളുടെ പേര് ബ്രാക്കറ്റിലിട്ട് കത്തെഴുതി.
മറുപടിയൊന്നും കിട്ടാതെ നാളുകളങ്ങനെ തള്ളിനീക്കി ഞാൻ കൊൽക്കത്തക്ക് വീണ്ടും
വണ്ടി കേറി ,
ഫ്ലാറ്റിലേക്ക് കയറാൻ നിക്കുമ്പം
ബിനോയിടെ മുറിയിലേക്ക് വെറുതെയെന്തിനോ പാളിനോക്കി..
അവളയാളുടെ മുന്നിലിരുന്ന് മേനികാണിച്ച് നൃത്തം ചെയ്യുന്നത് കണ്ട്
ഞാനാവാതിൽ തുടരെ മുട്ടി സങ്കടം തീർത്തു..
വാതിലു തുറന്നയവളെന്നെ നോക്കി..
“നിങ്ങളാരാണെന്ന്” ബംഗാളിയിൽ ചോദിച്ച്
പണിയെടുക്കാൻ സമ്മതിക്കില്ലെന്നും പിറു പിറുത്ത് വാതിലടച്ചു..
ഇനിയൊരിക്കലുമവൾക്ക് ഒഴിവു ദിവസങ്ങളുണ്ടാവില്ലെന്നറിയാതെ അവളോടപ്പം നടന്ന വഴികൾ ഞാനൊറ്റക്ക്
നടന്നു..
അവൾക്ക് മറവിരോഗം വന്നതെല്ലാതെ
വേറൊന്നുമാവില്ലന്ന് ചിന്തിച്ച് ഇങ്ങോട്ടു നോക്കാതെ പോണയവളെ അങ്ങോട്ട് നോക്കിയിരുന്നു മനം പുകഞ്ഞപ്പോൾ
നാട്ടിലേക്ക് വണ്ടി കയറി കൊൽക്കത്തയോട് വിട പറഞ്ഞു..
തികട്ടി വരുമ്പോഴൊക്കയും മെഡിക്കൽ ഷോപ്പഡ്രസ്സിലവൾക്കു കത്തെഴുതി, അഭിരതി മൊണ്ടാൽ എന്ന പേര് കാണുമ്പോഴൊക്കയും നിരോധ് വാങ്ങാൻ
മുടങ്ങാതെ വരുന്നയവൾക്കത് നീട്ടി മുതലാളി അർത്ഥം വെച്ച് ചിരിച്ചു..
പൊട്ടിച്ചു വായിക്കാതെയവൾ കണ്ണ്നിറച്ച്
തുകൽ സഞ്ചിയിലേക്ക് തിരുകി
ചെയ്യുന്ന പണിയാത്മാർത്ഥമായി ചെയ്യാൻ
ഗലിയിൽ പുതിയതായിവന്ന താമസക്കാരൻ്റെ മുറിയിലേക്ക് നടന്നു.