ഷാനവാസ് അമ്പാട്ട് ✍
ഐക്യരാഷ്ട്ര സഭയുടെ ഔദ്യോഗിക പ്രഖ്യാപനം അനുസരിച്ച് ജൂലൈ 30 നാണ് അന്താരാഷ്ട്ര സൗഹൃദ ദിനം (world friendship day).
എങ്കിലും ഇന്ത്യ ഉൾപ്പെടെ പല രാജ്യങ്ങളിലും
ഇത് ഓഗസ്റ്റ് മാസത്തിലെ ആദ്യ ഞായറാഴ്ച യാണ് ആഘോഷിക്കാറുള്ളത്.
മാനവരാശിയുടെ ഉൽഭവത്തോളം തന്നെ പഴക്കമുണ്ട് സൗഹൃദങ്ങൾക്ക്.
മനുഷ്യർക്കിടയിൽ മാത്രമല്ല സർവ്വ ജന്തു ജീവജാലങ്ങൾക്കിടയിലും കാലാകാലങ്ങളായി സൗഹൃദങ്ങൾ നിലനിൽക്കുന്നുണ്ട്.
പുരാണങ്ങളിലും ചരിത്രങ്ങളിലും നിരവധി പവിത്രമായ സുഹൃത്ത് ബന്ധങ്ങളുടെ ആഴംനമുക്ക് ദർശിക്കാൻ കഴിയും.
എന്താണ് സൗഹൃദം?
ചുരുക്കത്തിൽ പറഞ്ഞാൽ ആത്മാർത്ഥ സൗഹൃദം എന്നത് ദൈവീകമാണ്.
സുഖത്തിലും ദുംഖത്തിലും തന്നോടൊപ്പം ചേർന്ന് നിൽക്കുകയും,സാഹചര്യങ്ങൾ മനസ്സിലാക്കി സഹായിക്കുകയും ചെയ്യുന്നവനായിരിക്കും ഒരു ആത്മാർത്ഥ സുഹൃത്ത്.
ചില സന്ദർഭങ്ങളിൽ അത് നല്ല ഒരു ഉപദേശം പോലുമാകാം.
ചങ്ങാതി നന്നായാൽ കണ്ണാടി വേണ്ട എന്ന ഒരു പഴമൊഴി തന്നെ മലയാളത്തിലുണ്ട്.
ഒരു യാഥാർത്ഥ സുഹൃത്തിന് ഏതൊരു സാഹചര്യത്തിലും തൻ്റെ സുഹൃത്തിനോട് മുഖം മുറിഞ്ഞു സംസാരിക്കാനെ കഴിയില്ല.
ഇന്നത്തെ കാലത്ത് അത്തരംസൗഹൃദങ്ങൾ അപൂർവ്വമായിരിക്കുന്നു.
എന്നിരിന്നാലും നിരവധി ആളുകൾക്കിടയിൽ അത്തരം ബന്ധങ്ങൾ ഇന്നും നിലനിൽക്കുന്നുമുണ്ട്.
സ്വന്ത ബന്ധങ്ങളേക്കാൾ മികച്ചസുഹൃത്ത് ബന്ധങ്ങൾ പോലും ലോകത്തിലുണ്ടായിരിന്നു.ചങ്ങാത്തം എന്നത് മഹത്തായ ഒരു ധൈര്യവും സമർപ്പണവും കൂടിയാണ് എന്നതാണ് വാസ്തവം.
നിലവിൽ കാണുന്നതിൽ ബഹു ഭൂരിഭാഗവും കാപട്യം നിറഞ്ഞ സൗഹൃദങ്ങളാണ്.
ചരിത്രാതീത കാലം മുതൽ അത്തരം വ്യാജ സൗഹൃദങ്ങൾ ഉണ്ടായിരുന്നു.
ഈ സുഹൃത്തിൽ നിന്നും തനിക്കെന്താണ് ഗുണം കിട്ടുക അല്ലെങ്കിൽ അയാളെ വഞ്ചിക്കുകയും ചതിക്കുകയും പറ്റിക്കുകയും ചെയ്തു എങ്ങനെയാണ് മുതലെടുപ്പ് നടത്തുക എന്നത് മാത്രമായിരിക്കും ഇത്തരം ആളുകളുടെ ഉള്ളിലിരിപ്പ്.
തനിക്കെന്താണ് അയാളിൽ നിന്നും ലാഭം എന്ന് ചിന്തിക്കുന്ന ഇത്തരം സൗഹൃദങ്ങൾ
ഒരിക്കലും ജെനൂവിൻ ആയിരിക്കില്ല.
അങ്ങനെയുള്ളവരെ തിരിച്ചറിയാനുള്ള സാഹചര്യം പലപ്പോഴും വൈകിയാണ് ചിലർക്ക് വന്നു ചേരുക.
പല മുഖങ്ങളുള്ള ഇത്തരം ആളുകളെ തിരിച്ചറിയുമ്പോഴേക്ക് പലപ്പോഴും ചതിയും വഞ്ചനയും നടന്ന് കഴിഞ്ഞിട്ടുമുണ്ടാകും.
പൊയ്മുഖങ്ങളുള്ള ചതിയൻമാരെ തിരിച്ചറിയാൻ ഒരു യാഥാർത്ഥ കൂട്ടുകാരന് പെട്ടെന്ന് കഴിഞ്ഞെന്നും വരില്ല.
ജാതി മതം വർണ്ണം വർഗ്ഗം ഭാഷ വേഷം പ്രശസ്തി പണം സ്റ്റാറ്റസ് അങ്ങനെ പലതും നോക്കി സൗഹൃദങ്ങൾ കൂടുന്നവർ നിരവധി ഉണ്ട്.
പക്ഷേ അതൊന്നും ഒരിക്കലും യാഥാർത്ഥ സൗഹൃദമേ ആയിരിക്കില്ല.
അവരവരുടെ കാര്യ സാധ്യത്തിനുവേണ്ടി സൗഹൃദം നടിക്കുന്നവർ ആയിരിക്കും അവർ.
ചുരുക്കത്തിൽ പറഞ്ഞാൽ യാഥാർത്ഥ്യ സുഹൃത്തുക്കൾക്കിടയിൽ ചതിയോ വഞ്ചനയോ പരദൂഷണമോ മുതലെടുപ്പോ ഒരിക്കലും സാധ്യമല്ല.
കുറ്റപ്പെടുത്തലുകളും ഭീഷണികളും ഉണ്ടാകില്ല.
മറ്റെല്ലാം കപട സൗഹൃദങ്ങൾമാത്രമാകുന്നു.
മുതലെടുപ്പിനു വേണ്ടി മാത്രം കൂടിചേരുന്നത്.
അത്തരത്തിലുള്ള സൗഹൃദങ്ങൾ തിരിച്ചറിയുക എന്നത് നിസ്സാര കാര്യമേയല്ല.
തിരിച്ചറിവുണ്ടാകുന്ന നിമിഷം തന്നെ സ്വയം പിൻവാങ്ങുന്നതായിരിക്കും ഏറ്റവും ഉത്തമം.
