രചന : അനു ചന്ദ്ര ✍
മരംകേറി പെണ്ണ് 💔🔥 – റിമ കല്ലിങ്കല്ലിന്റെ ഈ ഫോട്ടോ കണ്ണിലുടക്കിയ നേരത്ത് തന്നെ ഞാനേറ്റവുമാദ്യം ആലോചിച്ചത് ഈ ‘മരംകേറി’ പെൺകുട്ടികളെ കുറിച്ചാണ്. ഓരോ കാലത്തും പലയിടത്തും ഞാനിങ്ങനെ കുറച്ചധികം മരംകേറി പെൺകുട്ടികളെ കണ്ടിട്ടുണ്ട്. പക്ഷെ മരം കേറാൻ അറിഞ്ഞിട്ടൊന്നുമല്ല, ‘ഇവളൊന്നും മണ്ണിൽ ചവിട്ടിയല്ല നിൽക്കുന്നത്’ എന്ന ആരുടെയൊക്കെയോ തോന്നലിന്റെ പുറത്താണ് ആ പെൺകുട്ടികളൊക്കെയും മരംകേറി പെണ്ണുങ്ങളായി മാറിയിട്ടുള്ളത്.
സത്യത്തിൽ എന്താണീ മരംകേറി പെണ്ണെന്നറിയാമോ ?
അറിയില്ലെങ്കിൽ പറയാം ; മരം കയറുകയെന്നാൽ ഭയമില്ലായ്മ, സ്വാതന്ത്ര്യം, നിയന്ത്രണം മറികടക്കൽ എന്നൊക്കെയാണർത്ഥം. അതുകൊണ്ടാണ് സാമൂഹികമായ പരിമിതികളെ മറികടന്ന് ഏതെങ്കിലുമൊക്കെയൊരു പെൺകുട്ടി ഈ പറഞ്ഞ ഭയമില്ലായ്മയോടെ നിയന്ത്രണം മറികടന്ന് സർവ്വ സ്വാതന്ത്ര്യത്തോടെയും സ്വന്തം ഇഷ്ടങ്ങൾക്ക് അനുസരിച്ച് ജീവിച്ചാൽ അവളൊരു മരംകേറി പെണ്ണായി മാറുന്നത്. അതായത് അവൾ പരമ്പരാഗത സ്ത്രീസൗമ്യതക്ക് എതിരായി നിൽക്കുന്നവളായത് കൊണ്ടാണ് മരംകേറി പെണ്ണായി മാറിയിട്ടുള്ളത്. സ്വതന്ത്രമായി സംസാരിക്കുക, ഇഷ്ടാനുസൃതമായി ആക്റ്റ് ചെയ്യുക, നീതിക്കായി ചോദ്യം ചെയ്യുക എന്നിങ്ങനെയൊക്കെ ഒരു പെൺകുട്ടി ചെയ്തു കഴിഞ്ഞാൽ അവളൊരു മരംകേറി പെണ്ണായി മാറും. ഫലത്തിൽ മരംകേറി പെണ്ണ് എന്നത് സ്ത്രീയുടെ ആത്മവിശ്വാസം, സ്വാതന്ത്ര്യം, സാഹസികത എന്നിവയെ പുരുഷാധിഷ്ഠിതമായ രീതിയിൽ ആക്ഷേപമായി വിളിക്കുന്ന സംസ്കാരത്തിന്റെ ഉത്പന്നമാണ്.
ഇനി ഞാൻ വേറൊന്നൂടെ പറയാം. ഇങ്ങനെ ഒരു പേര് ആക്ഷേപ സ്വരത്തിലൂടെ പതിച്ചു നൽകി സമൂഹത്തിന് മുൻപിൽ പലരും കുറെയധികം പെൺകുട്ടികളെ അപമാനിച്ചിട്ടുണ്ട്. ആ ഒരൊറ്റ കാരണത്താൽ ഒരുപാട് പെൺകുട്ടികൾ ആഴത്തിലുള്ള അവഗണനയും മനോവേദനയും അനുഭവിച്ചിട്ടുണ്ട്. അതിനാൽ തന്നെ അതിൽ പലരും അവരുടെ സ്വതന്ത്ര സ്വഭാവം മറച്ചുവെച്ചു, ‘സമൂഹം ഇഷ്ടപ്പെടുന്നവളായി’ മാറാൻ ശ്രമിച്ചിട്ടുമുണ്ട്. ചിലരൊക്കെ പൂർണ്ണമായും തളർന്നിട്ടുമുണ്ട്. പിന്നെയുള്ള കുറച്ചുപേർ ഒക്കെ പിന്നോട്ട് നോക്കാതെ മുന്നോട്ടുപോയിട്ടുണ്ട്. അങ്ങനെ മുൻപോട്ട് പോയവരാണ് ഇന്നത്തെ നമ്മൾ കാണുന്ന പല മുഖങ്ങളും. അവരുടെ സ്വരങ്ങളാണ് നമ്മൾ ഇന്ന് കേൾക്കുന്ന പല ഉറച്ച സ്വരങ്ങളും. അവരാണ് അടുത്ത തലമുറയ്ക്കുള്ള പുതിയ മാതൃകകൾ. അതിനാൽ ഒന്ന് മാത്രം മനസിലാക്കുക ;
ആ മരംകേറി പെണ്ണുങ്ങളെല്ലാം മരം കയറിയത് നിലം കാണാനല്ല, മറിച്ച് ആകാശം കാണാനാണ് 🔥❤️