രചന : സഫി അലി താഹ ✍
റിമ കല്ലിങ്കൽ പറഞ്ഞതിനോട് ഞാൻ 100% യോജിക്കുന്നു.അവർ പറഞ്ഞ കോൺടെക്സ്റ്റിൽ വേറെയാണങ്കിലോ? ഈ വിമർശിക്കുന്നവർ എന്ത് ചെയ്യും..അവർക്ക് മുന്നോട്ട് പോകാൻ ഒരു ഒപ്പിന്റെ ആവശ്യം പോലുമില്ല എന്നും വായിച്ചൂടെ?
എല്ലാവർക്കും ഒരുപോലെ അല്ലെങ്കിലും ട്രാപ്പ് എന്ന് ചിന്തിക്കാൻ സ്ത്രീകളുടെ നിമിഷങ്ങളിൽ തീർച്ചയായും മറ്റുള്ളവരുടെ ഇടപെടലുകളുണ്ട് എന്ന് ഇന്നുവരെ ഇടപ്പെട്ട സ്ത്രീകളുടെ അനുഭവ ചുമടുകൾ ഒരിറ്റ് നേരത്തേക്കെങ്കിലും പങ്കിട്ടതിൽ നിന്ന് ഞാൻ ഉറപ്പിച്ചുപറയും.🫰
But എന്റെ അനുഭവങ്ങൾ തീർത്തും വ്യത്യസ്തമാണ്…..
വിവാഹമെന്നത് നൂറോളം പവൻ സ്വർണ്ണവും പളപള മിന്നുന്ന സാരിയും മുല്ലപ്പൂവും ബീഫ് ബിരിയാണിയും മാത്രമായിരുന്നോരു പതിനേഴുകാരിക്ക് വല്ലാത്ത ആശങ്കയൊന്നും ഒന്നിനെക്കുറിച്ചും ഇല്ലായിരുന്നു.
എന്നാൽ യാത്രപറഞ്ഞ് കാറിലേക്ക് കയറുമ്പോൾ എന്റുപ്പ എന്തിനാണിങ്ങനെ കരയുന്നത് എന്നോർത്ത് വല്ലാതെ സങ്കടപ്പെട്ടു. ഇറുകെ കെട്ടിപ്പിടിച്ച് ഉമ്മവെയ്ക്കുമ്പോൾ മേലാകെ പടർന്ന ഉപ്പമണത്തെ മുറുകെ പിടിച്ച് ഇക്കയുടെ കൈപിടിച്ച് വീട്ടിലേക്ക് കയറുമ്പോൾ ആകെയുള്ള സ്വപ്നം എവിടേക്കെങ്കിലും യാത്ര പോകണം എന്ന് മാത്രമായിരുന്നു.
എന്റെ ഡ്രസ്സുകൾ പോലും കഴുകിയുണക്കിയ എന്റുമ്മക്ക് എന്നെ കുറിച്ചുള്ള ആശങ്കകൾ മലയോളമാണ്. നേരം വെളുക്കുവോളം ഉമ്മയും ഉപ്പയും ഉറക്കമിളച്ചു ചർച്ച ചെയ്തതിന്റെ ഫലമായിട്ടാവും വിവാഹപിറ്റേന്ന് അതിരാവിലെ ഉപ്പ ഇക്കയുടെ വീട്ടിലെത്തിയത്…..
ഉമ്മാന്റെ ആശങ്കകൾ ഇന്നെനിക്കറിയാം. സ്വന്തം അനുഭവങ്ങൾ മാത്രമറിയുന്ന വീട് ലോകമാക്കിയ ഞങ്ങൾ നാലുപേർ മാത്രം സ്വർഗ്ഗമാക്കിയ ഒരാൾ…..
കിണറിൽനിന്നും വെള്ളം എടുക്കാൻ ഇല്ലാത്തതിനാൽ താൻ ചുമട്ടുവെള്ളം കോരിയത് പോലെ മോൾ കോരണ്ട ഇക്കയുടെ വീട്ടിൽ മോട്ടോർ ഉണ്ടെന്നു അതിനിടയിലും ഉമ്മ സമാധാനിച്ചിട്ടുണ്ടാകും…..
എത്രയരച്ചാലും അരയാത്ത അമ്മിയോട് മോൾ യുദ്ധം ചെയ്യേണ്ടതില്ലല്ലോ എന്ന് ആശ്വസിച്ചിട്ടുണ്ടാകും.
വീട്ടിലെ അംഗങ്ങൾ അല്ലാതെ കൂട്ടുകുടുംബത്തിനെ സൽക്കരിക്കേണ്ട ബാധ്യത മോൾക്കില്ലല്ലോ എന്നോർത്ത് ആ മനസ്സ് തണുത്തിട്ടുണ്ടാകും.
ഉറക്കത്തെ അടിച്ചോടിച്ച് എത്രയൊരിക്കിയാലും കുറ്റം മാത്രമായ പ്രാതലിനു കുറ്റം പറഞ്ഞാലും ആ വീട്ടിലുള്ളവർ മാത്രമല്ലേയുള്ളൂ എന്നോർത്തിട്ടുണ്ടാകും.
ഉച്ചയ്ക്ക് വരുന്ന അധികം അതിഥികൾക്ക് കടയിൽനിന്നെങ്കിലും food വാങ്ങുമെന്ന് ഉറപ്പിച്ചിട്ടുണ്ടാകും.
യാത്രപോകണമെങ്കിൽ കിലോമീറ്റർ നടക്കേണ്ടതില്ലല്ലോ കാറുണ്ടല്ലോ എന്ന് ചിന്തിച്ചിട്ടുണ്ടാകും.
പാചകം ചെയ്യാനുമ്മ പഠിപ്പിച്ചില്ലേ, ചവർ ഇനിയും ബാക്കിയാണ്, പാത്രം വൃത്തിയായില്ല എന്ന് താൻ കേട്ടത് പോലെ മോൾക്ക് കേൾക്കേണ്ടതില്ലല്ലോ,
മുറ്റമടിക്കാനും പാത്രം കഴുകാനുമല്ല ഞങ്ങളുടെ മോളായിട്ടാണ് അവളെ ഞങ്ങൾ കൊണ്ട് പോകുന്നതെന്ന ഇക്കയുടെ ഉമ്മയുടെ ഉറപ്പിൽ പകരം നൽകിയ ആലിംഗനം ഉമ്മയെ തണുപ്പിച്ചിട്ടുണ്ടാകും…..
ഒന്നുമില്ലെങ്കിലും ഫോണിന്റെ മറുതലയ്ക്കൽ മോളെ കിട്ടുമല്ലോ എന്നും അഞ്ചു വീടിനപ്പുറമല്ലേ അവളുള്ളത് എന്നുമോർത്ത് സർവ്വശക്തനോട് നന്ദി പറഞ്ഞിട്ടുണ്ടാകും…..
എന്നിട്ടും അതിരാവിലെ കതകിൽ മുട്ട് കേട്ട് ഇക്ക വാതിൽ തുറക്കുമ്പോൾ ഉമ്മയാണ്….. മോളുടെ വാപ്പ വന്നിട്ടുണ്ട് ഓളെ വിളിക്ക് എന്ന് പറഞ്ഞ് ഉമ്മ പോയി.
ഉറക്കച്ചടവിൽ ഒരിക്കലും ഒതുങ്ങാത്ത ചുരുളൻ മുടി പിരുത്തിട്ട് കോട്ടുവായടിച്ച് ഇക്കയുടെ കയ്യിൽതൂങ്ങി ഇറങ്ങിവന്ന് ഉപ്പയെ ചാരി സോഫയിലിരിക്കുമ്പോൾ ഉപ്പയെന്നെ ദയനീയമായി നോക്കി…..
ഇത് പറ്റില്ല, നേരത്തെ എണീക്കണം എന്ന് പറഞ്ഞതല്ലേ എന്ന് പറയുമ്പോ ഞാൻ ചിരിച്ചതേയുള്ളു…..
എന്റുപ്പയുടെ എന്നെ കുറിച്ചുള്ള ആശങ്കകൾ കെട്ടഴിച്ച് അവരോട് പങ്കിടുമ്പോൾ ഞാൻ ആദ്യമായി ചിന്തിച്ചു വിവാഹമെന്നത് ട്രാപ്പ് ആണോ റബ്ബേയെന്ന്…..
ആ നിമിഷത്തിൽ ഇക്കയുടെ ഉമ്മയുടെ മാസ്സ് എൻട്രി….. “ഞാനും അന്റെ പെണ്ണും അനുഭവിച്ചതൊന്നും അവൾക്കുണ്ടാകില്ല, ഞങ്ങൾ ജീവിച്ചിരിക്കുമ്പോൾ അവളുടെ കണ്ണ് നിറയൂല. ഓൾക്ക് എത്ര വേണേലും ഉറങ്ങാം. “
“അന്നേരം എന്റപ്പാ മുൻപ് പറഞ്ഞത് ഞാനോർത്തു. ഉമ്മ അടിച്ചെണീപ്പിക്കുമ്പോൾ അവർക്ക് ഇവിടെയെ ചെലപ്പോൾ ഇങ്ങനെ ഉറങ്ങാൻ കഴിയൂ മക്കൾ ഉറങ്ങിക്കോട്ടെ സഫിയാ….. “
വലിയകാര്യങ്ങൾ തലയിൽ കേറാതെ പിന്നേം ഉറങ്ങാൻ പോയി ഞാൻ…..
അവിടത്തെ ഉമ്മയും ഉപ്പയും എന്നെ പിരിഞ്ഞു പോയിട്ടില്ല ഇന്നും….. കണ്ണീർതൊട്ട് ഞാൻ നടക്കുന്ന ഓരോ ഇടത്തും തൂവാലയുമായി അവരെത്തും. എന്റെ ഇടതും വലതും ചേർന്നുനിന്നെന്നെ സാന്ത്വനിപ്പിക്കാൻ രണ്ടാളും മത്സരിക്കും……
അക്ഷരങ്ങളുടെ ലോകത്ത് ഞാനെവിടെയെങ്കിലും ഒരു അടയാളമായിട്ടുണ്ടെങ്കിൽ എന്റപ്പാ കൊളുത്തിയ ചെറുതിരിയെ കെടാതെ സൂക്ഷിച്ച ഉമ്മയും ഇക്കയുമാണ്…..
ഏയ് നിങ്ങൾ കാണുന്ന എനിക്ക് എന്തെങ്കിലും ധൈര്യം ഇന്നുണ്ടെങ്കിൽ ഇക്കയുടെ ഉമ്മ എന്നിൽ നട്ട ആത്മവിശ്വാസത്തിന്റെ വസന്തമാണത്…..
You are always wid me my dear maa
🫂💔never ending and everlasting 💔
