അദ്രിയുമൂഴിയൂമാഴിയുമഴിയും
ആദ്യ പ്രണയത്തിന്നാവേശം
അണുവിട പോലും കുറയാതിന്നും
ആലിംഗനമാർന്നു ശയിച്ചങ്ങനെ-
യതി മോഹിതരായ് രമിച്ചീടും
മതിഹര സുന്ദര കേരള രാജ്യം!
പാരാവാരം മഴു കൊണ്ടു കടഞ്ഞു
പാർശവ രാമൻ പൊക്കിയതാം നാട്!
പുലരൊളി കണ്ടുണരും സഹ്യ
മലമുടി മാറിൽ ചേരുമസംഖ്യ
കുളിർ ചന്ദന സുരഭില മേടുകളും
കരുവീട്ടികൾ കിളരും കാടുകളും
ഏല മണം വഴിയും വാടികളും
ഏലേലം പാടിടുമീറകളും!
താലോലം തുള്ളും താരുകളും
നീലക്കുറിഞ്ഞിക്കാവുകളും !
എല്ലാം ചേർന്നൊരുമയിലൊന്നാവും
പൊലി പൊലിയേറ്റിച്ചാരുത പാവും
മലനാടിൻ പ്രൗഡ പൂർവ്വികനാവും
സഹ്യാദ്രി പകർത്തി, ത്താഴ് വരകളെ
സന്താപമകറ്റി നനച്ചു വളർത്തി
സസ്യ ശ്യാമള കോമളമാക്കി,
സന്ധ്യാ ദീപം കണ്ടു പടിഞ്ഞാ-
ട്ടന്തി പിടിച്ചൊഴുകി, സരിൽപതി
സന്ധാന സായൂജ്യം നേടി
സന്ധിനിയാകും സാര സരിത്തുകൾ
ചന്തം ചാർത്തിയതാം ദൈവത്തിൻ
സ്വന്തം ബന്ധുര കുന്നല ചേണാട്!
ഹരിയും കരിയും തീക്കനലെരിയും
ഹരിഹരനുടെ സുതനും കരിമലയും
ഇടി കടു വെടി പടഹം കേട്ടടിമുടി-
യിടിയുമനവധിയുരഗ വർഗ്ഗമതും
നടുവൊടിയും വരെ നടനം ചെയ്തു
പടയണി തുള്ളും മണി മയിലുകളും !
പുലി, കടുവായും, കറു കരടികളും
കലമാനുകളും, കലപില കൂട്ടും
കുരിയാറ്റകളും കരിവാനരും!
വനദേവതമാർ പോറ്റി വളർത്തും
ദിന നടുവിലുമിരുളടയും വനവും,
കരുണാകരനുടെ കര ലാളനയിൽ
കന കദനങ്ങളകറ്റി വസിക്കും
വനവാസികളും, വരതനുവാക്കും
വളരൊളി മിളിരും മലയാംകര നാട്!

പിറവം തോംസൺ

By ivayana

Leave a Reply

Your email address will not be published. Required fields are marked *