രചന : മഹേഷ്✍
മഞ്ഞ് പാളികളെ വകഞ്ഞു മാറ്റി
ഹിമ ശൈലങ്ങളെ തകർത്തു
കൊടുങ്കാറ്റടിക്കുന്നു ഗൗതമാ
അങ്ങയുടെ മനസ്സിൽ ഉയരുന്ന
തിരമാലയിൽ തകരുന്ന തോണി
യായിരിക്കുന്നു യശോധര.
രാഹുലൻ അങ്ങയുടെ ചോദ്യത്തിനുള്ള
എന്റെ ഉത്തരമാണോ?
ഉത്തരത്തിനുള്ള ചോദ്യമാണോ?
പരിത്യജിക്കൽ പുരുഷന്നു മാത്രം
പുരാണങ്ങൾ തന്ന അവകാശ മാണോ ഗൗതമാ?
സന്യാസിയുടെ ഉപഭോഗ മുതലാണോ കന്യക?
കൊട്ടാരത്തിന്റെ ചുവരുകളിൽ
പ്രതിധ്വനിച്ചു തിരിച്ചു വരുന്ന ശബ്ദമാണോ അത്?
അതിന്റെ ഉത്തരങ്ങൾ കൂടി തിരയണം
കിട്ടുന്ന പ്രകാശത്തിന്റെ ധവളി മയിൽ ആരാരും
കാണാത്ത കറുത്ത ദ്രവ്യമായി
ഈ പ്രപഞ്ചത്തിന്റെ അറ്റത്ത്
യശോധരയുണ്ടാകും
ആഗ്രഹങ്ങളുടെ വേലിയേറ്റ ത്തിൽ
കരയ്ക്കടിഞ്ഞ മത്‍സ്യം പോലെ.
വലയിൽ കുരുങ്ങാത്ത മീനിനെ
മുക്കുവനും വേണ്ടല്ലോ
നിർവ്വാണ രഹസ്യം ഓതുമ്പോൾ
തെറ്റാതിരിക്കാൻ യശോധര
യുടെ ഓർമ്മകൾ ഇല്ലാതിരിക്കുന്നതാണ് നല്ലത്.
പടിയിറങ്ങി പോകുന്ന അങ്ങയ്ക്കു
ഒരിക്കലും ലഭിക്കാത്ത
ഉത്തരം കിട്ടാത്ത ചോദ്യവും
ബോധോദയവുമാണ് ഞാൻ യശോധര.
