നേരമില്ലാർക്കുമിന്നൊന്നിനും മതിയില്ല
പോരായിരുപത്തിനാലും തികയില്ല…..
വീട്ടുപണിയാർക്കും കണ്ടാൽ പണിയല്ല ,
വെട്ടം മുതലങ്ങിരുളും വരെയും…..
വേതനമോയില്ല പോട്ടെന്ന് വെച്ചിടാം
വേദനയാലെത്ര നേരവും പോകുന്നു…..
വീട്ടിലെ പെണ്ണായ് മരുമകളായ് വന്നൂ
ഭാര്യയായ് അമ്മയായ് നാത്തുനനിയത്തി !
എത്ര പര്യായമവൾക്കേകിയെന്നാലോ
എത്ര വിചിത്രം തൻ പേരതിലില്ലല്ലോ?
ഏട്ടത്തിയമ്മ പി,ന്നാൻ്റി കുഞ്ഞമ്മയും
ബന്ധങ്ങൾ വള്ളിയായ് ചുറ്റി വരിയുന്നു……..
പേർ ചൊല്ലിയാരും വിളിക്കുവാനില്ലെങ്കിൽ
രേഖയിൽ മാത്രമൊതുങ്ങുന്നു തൻ പേരും!
എൻപേരറിയേണമാർ ക്കെങ്കിലുമെങ്കിൽ
ഞാനായിരിക്കേണമെന്നതറിയേണം……
ഓരോ നിമിഷമുരുകി വെളിച്ചമായ്
തീരുന്ന ജന്മം തിരികെ വരില്ലെന്നും…
ഒടുവിലൊടുങ്ങുമ്പോൾ പറയുന്നതെല്ലാരും
തീർന്നു പോയിന്നലെയിന്നാൾടെ ഭാര്യ /മാതാവ് !
അപ്പൊഴുമാരെയോ ചാരിയറിയുന്നു
അസ്തിത്വമില്ലാതെയസ്ഥിയായ് മാറുന്നു!…….

By ivayana