ന്യൂയോർക്ക്: ജീവകാരുണ്യ പ്രവർത്തനങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനും നമ്മുടെ സമൂഹത്തിൽ വിവിധ സാഹചര്യങ്ങളാൽ ദുരിതം അനുഭവിക്കുന്നവരെ സഹായിക്കുന്നതിനുമായി ന്യൂയോർക്കിലെ ലോങ്ങ് ഐലൻഡ് കേന്ദ്രീകൃതമായി രൂപീകരിക്കപ്പെട്ട് പ്രവർത്തിക്കുന്ന “എക്കോ” (ECHO – Enhance Community through Harmonious Outreach) എന്ന ചാരിറ്റി സംഘടന അഞ്ചാമത് ഹ്യുമാനിറ്റേറിയൻ അവാർഡിന് അർഹരായവരിൽ നിന്നും അപേക്ഷകൾ ക്ഷണിക്കുന്നു. നവംബർ 22 ശനിയാഴ്ച വൈകിട്ട് 5:30-ന് ബെത്‌പേജിലുള്ള ദി സ്റ്റെർലിങ് ബാങ്ക്വെറ്റ് ഓഡിറ്റോറിയത്തിൽ വച്ച് (THE STERLING BANQUET HALL, 345 Hicksville Road, Bethpage, NY 11714) നടക്കുന്ന വാർഷിക ഡിന്നർ ഫണ്ട് റൈസർ പ്രോഗ്രാമിൽ തെരഞ്ഞെടുക്കപ്പെടുന്ന വ്യക്തിക്ക് അവാർഡ് സമ്മാനിക്കുന്നതാണ്. 2,500 ഡോളറും പ്രശംസാ ഫലകവുമാണ് അവാർഡായി ലഭിക്കുന്നത്. സാമൂഹിക പുരോഗമനത്തിനായി ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്നവരെ പ്രോത്സാഹിപ്പിക്കുന്നതിനാണ് ഹ്യുമാനിറ്റേറിയൻ അവാർഡ് നൽകുന്നത്.

അവാർഡിന് അർഹരാകുന്നതിനുള്ള നിബന്ധനകൾ (1) അവാർഡിന് അപേക്ഷിക്കുന്നവർ വ്യക്തികളായോ ചെറിയ ഗ്രൂപ്പായോ സാമൂഹിക നന്മക്കായി പ്രവർത്തിക്കുന്നവരായിരിക്കണം. (2) ലോകത്തിന്റെ ഏതു ഭാഗത്തും ജീവകാരുണ്യ പ്രവർത്തനങ്ങൾ ചെയ്യുന്നവരായിരിക്കണം (3) ക്യാഷ് അവാർഡായി ലഭിക്കുന്ന 2,500 ഡോളർ അവർ ചെയ്യുന്ന ഏതെങ്കിലും കാരുണ്യ പ്രവർത്തന പ്രോജെക്ടിലേക്കു ഉപയോഗിക്കേണ്ടതാണ് (4) ന്യൂയോർക്കിൽ വച്ച് 2025 നവംബർ 22 ശനിയാഴ്ച നടത്തപ്പെടുന്ന അവാർഡ് ദാന ചടങ്ങിൽ നേരിട്ട് ഹാജരായി അവാർഡ് സ്വീകരിക്കാൻ തയ്യാറുള്ളവരായിരിക്കണം (5) അപേക്ഷകർ 18 വയസ്സിനു മുകളിൽ പ്രായമുള്ളവരും ഇന്ത്യൻ വംശജരും ആയിരിക്കണം (6) കഴിഞ്ഞ വർഷങ്ങളിൽ ചെയ്തിട്ടുള്ള കാരുണ്യ പ്രവർത്തനങ്ങളുടെ വിശദ റിപ്പോർട്ടും തെളിവുകളും സഹിതം അപേക്ഷകൾ നവംബർ 15-ന് രാത്രി 12 മണിക്ക് (ന്യൂയോർക്ക് സമയം) മുമ്പായി echoforusa@gmail.com എന്ന ഈമെയിലിൽ ലഭിച്ചിരിക്കണം (7) മുൻ വർഷങ്ങളിൽ എക്കോയിൽ നിന്നും പ്രസ്തുത അവാർഡിന് അർഹരായവർ വീണ്ടും ഈ വർഷത്തെ അവാർഡിന് അപേക്ഷിക്കാൻ അനുവദനീയമല്ല (8) ECHO നിശ്ചയിക്കുന്ന അവാർഡ് കമ്മറ്റിയുടെ തീരുമാനം അന്തിമമായിരിക്കും.

എക്കോയുടെ അഞ്ചാമത് ഹ്യുമാനിറ്റേറിയൻ അവാർഡ് ദാന ചടങ്ങാണ് നവംബർ 22 ശനിയാഴ്ച നടത്തുന്നതിന് ക്രമീകരണങ്ങൾ ചെയ്യുന്നത്. കാരുണ്യ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവരെ ആദരിക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനുമായി 2021-ൽ ഏർപ്പെടുത്തിയ ആദ്യ ഹ്യുമാനിറ്റേറിയൻ അവാർഡിന് ന്യൂയോർക്ക് ന്യൂഹൈഡ് പാർക്കിൽ താമസിക്കുന്ന ജോൺ മാത്യു അർഹനായിരുന്നു. 2022- ലെ രണ്ടാമത് ECHO ഹ്യുമാനിറ്റേറിയൻ അവാർഡ് യോങ്കേഴ്സ് സ്‌കാർസ്ഡെയ്‌ലിൽ റിയൽ എസ്റ്റേറ്റ് ബിസിനെസ്സ് നടത്തിവരുന്ന ജോർജ് ജോൺ കല്ലൂരിനാണ് (ബെന്നി) ലഭിച്ചത്. സ്വന്തം വരുമാനത്തിൽ നിന്നും തുക ചിലവഴിച്ച് കേരളത്തിലെ പല ഭാഗങ്ങളിലായി ധാരാളം കാരുണ്യ പ്രവർത്തനങ്ങൾ വർഷങ്ങളായി ചെയ്ത് വരുന്നത് കണക്കിലെടുത്താണ് ധാരാളം അപേക്ഷകരിൽ നിന്നും ഇരുവരും അവാർഡിന് കഴിഞ്ഞ വർഷങ്ങളിൽ തെരഞ്ഞെടുക്കപ്പെട്ടത്.

വിവിധ അപകടങ്ങളാലും രോഗങ്ങളാലും കാലുകൾ നഷ്ടപ്പെട്ട് അംഗവൈകല്യം സംഭവിച്ച് ജീവിതം മുൻപോട്ട് പോകുവാൻ സാധിക്കാതെ ദുരിതം അനുഭവിക്കുന്ന ഏകദേശം 350 പേർക്ക് കൃത്രിമക്കാലുകൾ നൽകി അവരെ ജീവിതത്തിലേക്ക് തിരികെ നടക്കുവാൻ സഹായിക്കുന്ന ലൈഫ് ആൻഡ് ലിംബ്സ് എന്ന പ്രസ്ഥാനത്തിന്റെ സാരഥി ജോൺസൻ സാമുവേലിനാണ് മൂന്നാമത് ഹ്യുമാനിറ്റേറിയൻ അവാർഡ് നൽകി ആദരിച്ചത്. ഇന്ത്യൻ സമൂഹത്തിലെ രണ്ടും മൂന്നും തലമുറക്കാരായ യുവാക്കളുടെയും കുട്ടികളുടെയും ശാരീരികവും മാനസീകവുമായ പുരോഗമനത്തിനായി ന്യൂയോർക്ക് ലോങ്ങ് ഐലൻഡ് കേന്ദ്രീകരിച്ച് അക്ഷീണം പ്രവർത്തിക്കുന്ന ന്യൂയോർക്ക് മലയാളീ സ്പോർട്സ് ക്ലബ്ബ് എന്ന ചെറിയ സംഘടനയുടെ സാരഥികൾക്കാണ് നാലാമത് അവാർഡ് നൽകിയത്.

മാനുഷിക നന്മകൾ ലാക്കാക്കി അകമഴിഞ്ഞ് സഹായിക്കുവാൻ തല്പരരായ ഏതാനും വ്യക്തികൾ ചേർന്ന് നേതൃത്വം നൽകുന്ന ECHO എന്ന സംഘടന ധാരാളം ജീവകാരുണ്യ പ്രവർത്തനങ്ങളും സാമൂഹിക പുരോഗമന പ്രൊജെക്ടുകളും കഴിഞ്ഞ പന്ത്രണ്ട് വർഷമായി നടത്തി വരുന്നു. തികച്ചും വ്യക്തിഗത സംഭാവനകൾ സ്വീകരിച്ച് പ്രവർത്തിക്കുന്ന ECHO യുടെ നല്ലതും സുതാര്യമായതുമായ പ്രവർത്തനങ്ങൾ കണ്ട് മനസ്സിലാക്കി പ്രസ്തുത സംഘടനയെ സഹായിക്കുവാൻ ധാരാളം സന്മസ്സരായ സുഹൃത്തുക്കൾ തയ്യാറായി വരുന്നു എന്നതാണ് ഈ പ്രസ്ഥാനത്തിന്റെ മുമ്പോട്ടുള്ള പ്രയാണത്തിന്റെ ഊർജ്ജം. “പലതുള്ളി പെരുവെള്ളം” പോലെ പലരുടെയും ചെറിയ സംഭാവനകളാണ് സാമൂഹിക നന്മക്കയി കൂടുതൽ പ്രവർത്തിക്കുവാൻ ECHO-യ്ക്ക് സഹായകമാകുന്നത്. അങ്ങനെ സമൂഹത്തെ തങ്ങളാലാകും വിധം സഹായിക്കണം എന്ന് താല്പര്യമുള്ളവരെ ഏകോപിപ്പിക്കുന്നതിനാണ് ECHO വാർഷിക ഫണ്ട് റൈസർ ഡിന്നർ നവംബർ 22 ശനിയാഴ്ച ക്രമീകരിക്കുന്നത്.

അവാർഡ് സംബന്ധിച്ചും ECHO യുടെ പ്രവർത്തനങ്ങൾ സംബന്ധിച്ചും കൂടുതൽ വിവരങ്ങൾ അറിയണമെന്ന് താൽപ്പര്യമുള്ളവർ 516-902-4300 എന്ന നമ്പറുമായി ബന്ധപ്പെടാവുന്നതാണ്. Visit: www.echoforhelp.org .

By ivayana

Leave a Reply

Your email address will not be published. Required fields are marked *