രചന : വലിയശാല രാജു ✍
ശാസ്ത്രലോകം ഒരു അത്ഭുതലോകത്തേക്ക് വാതിൽ തുറക്കുന്നു.
പാർഥെനോജെനിസിസ് (Parthenogenesis) എന്ന ഈ വിസ്മയം മനുഷ്യരിലും സാധ്യമാക്കാനുള്ള തീവ്രശ്രമത്തിലാണ് ഗവേഷകർ.
പ്രകൃതിയുടെ നിയമങ്ങളെ ചോദ്യം ചെയ്യുന്ന ഒരു കണ്ടെത്തലാണ് ഇപ്പോൾ ശാസ്ത്രലോകത്തെ ആവേശത്തിലാക്കിയിരിക്കുന്നത്. ലൈംഗിക ബന്ധമില്ലാതെ ആരോഗ്യമുള്ള കുഞ്ഞുങ്ങൾക്ക് ജന്മം നൽകാൻ കഴിയുന്ന ‘കന്യക പ്രസവം’ (പാർഥെനോജെനിസിസ്) ചില ജീവികളിൽ സ്വാഭാവികമായി നടക്കാറുണ്ട്. എന്നാൽ, ഈ പ്രതിഭാസം മനുഷ്യരിലേക്കും കൊണ്ടുവരാനുള്ള സാധ്യതകളാണ് ശാസ്ത്രജ്ഞർ ഇപ്പോൾ ചികയുന്നത്!
പ്രകൃതിയിലെ ‘ക്ലോണിംഗ്’ വിസ്മയം
തേനീച്ചകൾ, പല്ലികൾ, സ്രാവുകൾ, ചിലതരം പാമ്പുകൾ എന്നിവയുടെ ലോകത്ത് ഇതൊരു സാധാരണ കാര്യമാണ്. ആൺജീവികളുമായി ഒരു സമ്പർക്കവുമില്ലാതെ, പെൺജീവികൾക്ക് ഒറ്റയ്ക്ക് കുഞ്ഞുങ്ങളെ സൃഷ്ടിക്കാൻ കഴിയും. അടുത്തിടെ ബ്രിട്ടനിലെ ബർമിങ്ഹാമിലുള്ള മൃഗശാലയിൽ, ഒറ്റയ്ക്ക് വളർന്ന ഒരു പെൺപല്ലി എട്ട് കുഞ്ഞുങ്ങൾക്ക് ജന്മം നൽകിയത് ഈ വിസ്മയത്തിന്റെ ഏറ്റവും പുതിയ ഉദാഹരണമാണ്. ഈ കുഞ്ഞുങ്ങൾ അവരുടെ അമ്മയുടെ ജനിതക ക്ലോൺ പോലെയാണ്!
ഇതിലൂടെ പ്രകൃതി പറയുന്നത് ഒരു കാര്യമാണ്: അതിജീവനത്തിനായി ഇണയെ കിട്ടാതെ വരുമ്പോൾ വംശം നശിക്കാതിരിക്കാൻ, പ്രകൃതി തന്നെ ഒരു ‘ബാക്കപ്പ് പ്ലാൻ’ തയ്യാറാക്കിയിരിക്കുന്നു.
നട്ടെല്ലുള്ള ജീവികളിൽ പോലും ഈ പ്രക്രിയ സാധ്യമാണെന്ന് തെളിഞ്ഞതോടെയാണ് ശാസ്ത്രജ്ഞർ മനുഷ്യരിലെ സാധ്യതകളെക്കുറിച്ച് ചിന്തിച്ചുതുടങ്ങിയത്. ഇന്നുവരെ മനുഷ്യരിൽ സ്വാഭാവിക പാർഥെനോജെനിസിസ് റിപ്പോർട്ട് ചെയ്തിട്ടില്ല. എന്നാൽ, ആധുനിക സാങ്കേതികവിദ്യ ഈ സാധ്യതകളെ തിരുത്തുമോ?
വർഷങ്ങൾക്ക് മുമ്പ് സസ്തനികളിൽ ഇത് അസാധ്യമാണെന്ന് കരുതിയിരുന്നു. എന്നാൽ, 2022-ൽ ചൈനീസ് ഗവേഷകർ CRISPR എന്ന അത്യാധുനിക ജീൻ എഡിറ്റിങ് ഉപകരണം ഉപയോഗിച്ച് എലികളിൽ ‘കന്യക പ്രസവം’ സാധ്യമാക്കി. ജനിച്ച എലിക്ക് വളർന്ന് സ്വന്തമായി കുഞ്ഞുങ്ങളുണ്ടാകാനും കഴിഞ്ഞു!
ഇതൊരു വഴിത്തിരിവാണ്. ലൈംഗിക പ്രത്യുൽപ്പാദനത്തിന് പുരുഷബീജത്തിൽ നിന്ന് അണ്ഡത്തിന് ലഭിക്കേണ്ട ചില സുപ്രധാന വിവരങ്ങൾ (എപ്പിജെനെറ്റിക് മോഡിഫിക്കേഷൻ) കൃത്രിമമായി ജീൻ എഡിറ്റിങ് വഴി നൽകാൻ കഴിഞ്ഞാൽ, മനുഷ്യരിലും ഈ വിസ്മയം യാഥാർത്ഥ്യമായേക്കാം. ഒരു സ്ത്രീയുടെ അണ്ഡകോശം മാത്രം ഉപയോഗിച്ച് കുഞ്ഞിനെ സൃഷ്ടിക്കാൻ കഴിയും…..
ധാർമ്മികതയും ആരോഗ്യവും
ഈ സാധ്യതകൾ ജിജ്ഞാസയുണർത്തുന്നുണ്ടെങ്കിലും, ഇതിന് മുന്നിൽ വലിയ വെല്ലുവിളികളുണ്ട്. സാങ്കേതികമായി സാധ്യമാവാമെങ്കിലും, പ്രകൃതിപരമായ ജൈവശാസ്ത്രപരമായ തടസ്സങ്ങൾ മനുഷ്യ ശരീരത്തിൽ നിലനിൽക്കുന്നുണ്ട്.
അതുപോലെ, ഈ പരീക്ഷണങ്ങൾ എത്തിനിൽക്കുന്നത് വലിയൊരു ധാർമിക ചോദ്യത്തിന് മുന്നിലാണ്. മനുഷ്യ ഭ്രൂണങ്ങളിൽ ജീൻ എഡിറ്റിങ് നടത്തുന്നത് മിക്ക രാജ്യങ്ങളിലും നിയമവിരുദ്ധമാണ്. കൂടാതെ, ജനിതക വൈവിധ്യം കുറവായതിനാൽ പാർഥെനോജെനിസിസ് (അലൈംഗിക പ്രത്യുൽപ്പാദനം )വഴി ജനിക്കുന്ന കുഞ്ഞുങ്ങൾക്ക് ആരോഗ്യപ്രശ്നങ്ങളും രോഗസാധ്യതകളും കൂടുതലായിരിക്കാം എന്ന മുന്നറിയിപ്പും ഗവേഷകർ നൽകുന്നു.
എങ്കിലും, പല ഗവേഷകരും ഉറച്ചു വിശ്വസിക്കുന്നു – മനുഷ്യരിലെ ‘കന്യക പ്രസവം’ അസാധ്യമാണ് എന്ന ധാരണ ഒരുനാൾ തിരുത്തപ്പെടും. ശാസ്ത്രം പുരുഷന്റെ പങ്കിനെ ഇല്ലാതാക്കുന്ന ഒരു ലോകത്തേക്ക് പോകുമോ എന്നത് കാത്തിരുന്ന് കാണേണ്ടിയിരിക്കുന്നു. ഒരു കാര്യം വ്യക്തം. മനുഷ്യന്റെ പ്രത്യുൽപ്പാദന രഹസ്യങ്ങളുടെ ചുരുളഴിയാൻ അധികം താമസമില്ല.
